പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുളള വെള്ളം കേരളത്തിന് ലഭ്യമാക്കണം; തമി‍ഴ്നാടിനോട് മുഖ്യമന്ത്രി പിണറായി

പറമ്പിക്കുളം-ആളിയാര്‍ കരാര്‍ പ്രകാരമുളള വെള്ളം കേരളത്തിന് ലഭ്യമാക്കണമെന്ന് തമിഴ്നാടിനോട് മുഖ്യമന്ത്രി പിണറായി വിജയൻ. കരാര്‍ പ്രകാരം കേരളത്തിന് 400 ക്യൂസെക്സ് വെളളമാണ് ലഭിക്കേണ്ടത്.

ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രി, തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് കത്തയച്ചു. പാലക്കാട് ജില്ലയിലെ കര്‍ഷകരുടെ ആവസ്ഥ മാനിക്കണമെന്നും കത്തിൽ ആവശ്യപ്പെടുന്നു.

പറമ്പിക്കുളം-ആളിയാര്‍ പദ്ധതിയുടെ ഉഭയകക്ഷി കരാര്‍ പ്രകാരം ചിറ്റൂര്‍ പുഴയിലെ മണക്കടവ് ചിറ വഴി ഫെബ്രുവരി 15 വരെ ദിവസം 400 ക്യൂസെക്സ് വെളളമാണ് ലഭിക്കേണ്ടത്. എന്നാല്‍ ആവശ്യമായ വെള്ളം വിട്ടുനല്‍കാന്‍ തമിഴ്നാട് ഉദ്യോഗസ്ഥര്‍ തയ്യാറാകുന്നില്ല.

ഇൗ സാഹചര്യത്തിലാണ് കരാര്‍ പ്രകാരമുളള വെള്ളം കേരളത്തിന് ലഭ്യമാക്കണമെന്ന് തമിഴ്നാടിനോട് മുഖ്യമന്ത്രി പിണറായി വിജയൻ ആവശ്യപ്പെട്ടത്. ഇൗ ആവശ്യം ഉന്നയിച്ച് തമിഴ്നാട് മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിക്ക് മുഖ്യമന്ത്രി കത്തയച്ചു.

ഫെബ്രുവരി 6-ന് 131 ക്യൂസെക്സും 7-ന് 67 ക്യൂസെക്സ് വെള്ളവും മാത്രമാണ് തമി‍ഴ്നാട് വിട്ടുതന്നത്. ഫെബ്രുവരി 8-ന് രാവിലെ 8 മണിക്ക് രേഖപ്പെടുത്തിയത് വെറും 32 ക്യൂസെക്സ് വെള്ളം. ഈ നിലയിലുളള വെളളത്തിന്‍റെ കുറവും കരാര്‍ ലംഘനവും ഉത്കണ്ഠയുളവാക്കുന്നതാണെന്നും കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

ഫെബ്രുവരി 15 വരെ 400 ക്യൂസെക്സ് വെളളം നല്‍കണമെന്നും തുടര്‍ന്നുളള വിഹിതത്തിന്‍റെ കാര്യം ഫെബ്രുവരി 10-ന് ചെന്നൈയില്‍ ജോയന്‍റ് വാട്ടര്‍ റഗുലേറ്ററി ബോര്‍ഡ് യോഗം ചേര്‍ന്ന് നിശ്ചയിക്കണമെന്നുമാണ് ക‍ഴിഞ്ഞ ബോര്‍ഡ് യോഗം തീരുമാനിച്ചത്.

കരാര്‍ പ്രകാരമുളള വെളളം ലഭിക്കാത്തത് കാരണം പാലക്കാട് ജില്ലയിലെ കര്‍ഷകർ ദുരിതത്തിലാണ് . ഇതിന്‍റെ ഫലമായി വരള്‍ച്ചയും നെല്‍കൃഷിനാശവുമായിരിക്കും ജില്ല നേരിടേണ്ടി വരിക.

ജില്ലയില്‍ ഇപ്പോള്‍ തന്നെ കുടിവെളളത്തിന് ക്ഷാമമുണ്ടെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഇൗ സാഹചര്യം കണക്കിലെടുത്ത് തമിഴ്നാട് മുഖ്യമന്ത്രി പ്രത്യേകം ഇടപെട്ട് വെളളം ലഭ്യമാക്കണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here