കൊമ്പന്‍മാരുടെ കൊമ്പൊടിച്ച് കൊല്‍ക്കത്തയുടെ തിരിച്ചടി; ടോം തോര്‍പ്പ് ബ്ലാസ്റ്റേ‍ഴ്സിന്‍റെ വില്ലനായി; സെമിപ്രതീക്ഷകള്‍ ത്രിശങ്കുവില്‍

സെമി പ്രതീക്ഷകള്‍ നിലനിര്‍ത്താന്‍ ഏറ്റവും നിര്‍ണായകമായ മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേ‍ഴ്സിന്‍റെ വില്ലനായി ടോം തോര്‍പ്പ് അവതരിച്ചു. 75ാം മിനിട്ടില്‍ കൊല്‍ക്കത്തയുടെ സമനില ഗോള്‍ തോര്‍പ്പ് കണ്ടെത്തി. മത്സരം അവസാനിക്കുമ്പോള്‍ ഇരു ടീമുകളും രണ്ട് ഗോള്‍ വീതം നേടിയാണ് സമനിലയില്‍ പിരിഞ്ഞത്.

കൊല്‍ക്കത്തയുടെ മൈതാനത്ത് വീറോടെ പൊരുതിയെങ്കിലും മഞ്ഞപ്പടയ്ക്ക് ജയം സ്വന്തമാക്കാനായില്ല. ആദ്യം തന്നെ ഗോള്‍ നേടി മുന്നിലെത്തി.

33 ാം മിനിട്ടില്‍ ഗുഡ്ജോണ്‍ ബാള്‍ഡ് വിന്‍സണ്‍ കൊല്‍ക്കത്തയുടെ വല കുലുക്കിയത്. മലയാളി താരം കെ പ്രശാന്തിന്‍റെ ഷൂട്ടില്‍ തലവെച്ചാണ് ഗുഡ്ജോണ്‍ കൊല്‍ക്കത്തയെ വിറപ്പിച്ചത്.

എന്നാല്‍ 39ാം മിനിട്ടില്‍ ടെയ് ലര്‍ നിലവിലെ ചാമ്പ്യന്‍മാര്‍ക്ക് വേണ്ടി തിരിച്ചടിച്ചു. തകര്‍പ്പന്‍ ഷോട്ടിലൂടെയാണ് ടെയ് ലര്‍ വലകുലുക്കിയത്.

55ാം മിനിട്ടില്‍ ഐ എസ് എല്ലിലെ ആദ്യ ഗോള്‍ കണ്ടെത്തിയ മാര്‍ക്വീ താരം ബെര്‍ബറ്റോവ് ബ്ലാസ്റ്റേ‍ഴ്സിന്‍റെ പ്രതീക്ഷകള്‍ക്ക് നിറം നല്‍കി . 20 മിനിട്ടുകള്‍ക്കിപ്പുറം തോര്‍പ്പിലൂടെ കൊല്‍ക്കത്ത തിരിച്ചടിച്ചതോടെ ബ്ലാസ്റ്റേ‍ഴ്സിന്‍റെ ജയപ്രതീക്ഷ അവസാനിച്ചു.

പിന്നീടും നിരവധി അവസരങ്ങള്‍ ബ്ലാസ്റ്റേ‍ഴ്സ് തുറന്നെടുത്തെങ്കിലും ഗോള്‍ വല ചലിപ്പിക്കാനായില്ല. നിര്‍ണായക മത്സരം സമനിലയിലായതോടെ കൊമ്പന്‍മാരുടെ സെമി പ്രതീക്ഷകള്‍ക്കും തിരിച്ചടി നേരിട്ടിരിക്കുകയാണ്.

ഐഎസ്എല്ലില്‍ ഇതുവരെ ബ്ലാസ്റ്റേ‍ഴ്സിന് കൊല്‍ക്കത്തന്‍ സംഘത്തെ തോല്‍പ്പിക്കാനിയിട്ടില്ലെന്ന ചരിത്രം ഇക്കുറിയും തിരുത്താനിയില്ലെന്നതും ആരാധകര്‍ക്ക് വേദന സമ്മാനിക്കുന്നതാണ്.

ബ്ലാസ്റ്റേ‍ഴ്സ് 15 കളികളില്‍ നിന്നും 21 പോയിന്‍റുമായി അഞ്ചാം സ്ഥാനത്താണ്. ആറാം സ്ഥാനത്തുള്ള ഗോവ 12 മത്സരങ്ങളില്‍ നിന്ന് 20 പോയിന്‍റ് നേടിയെന്നത് ബ്ലാസ്റ്റേ‍ഴ്സിന് വെല്ലുവിളിയാണ്. 14 മത്സരങ്ങളില്‍ നിന്ന് 13 പോയിന്‍റുമായി ഏ‍ഴാം സ്ഥാനത്തായ കൊല്‍ക്കത്തയുടെ സെമിപ്രതീക്ഷകള്‍ ഇതോടെ അവസാനിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News