എയര്‍സെല്‍ മാക്‌സിസ് ഇടപാട്; സിബിഐ രഹസ്യറിപ്പോര്‍ട്ടുകള്‍ ചിദംബരത്തിന്റെ വസതിയില്‍ കണ്ടെത്തിയതായി വെളിപ്പെടുത്തല്‍

ദില്ലി: കോളിളക്കമുണ്ടാക്കിയ എയര്‍സെല്‍ മാക്‌സിസ് ഇടപാടില്‍ സിബിഐയുടെ അന്വേഷണറിപ്പോര്‍ട്ടുകള്‍ ആരോപണവിധേയനും മുന്‍കേന്ദ്രധനമന്ത്രിയുമായ പി ചിദംബരം ചോര്‍ത്തി. ജനുവരി 13ന് ചിദംബരത്തിന്റെ ഡല്‍ഹി ജോര്‍ബാഗിലെ വസതിയില്‍ നടത്തിയ പരിശോധനയില്‍ സിബിഐയുടെ രഹസ്യറിപ്പോര്‍ട്ടുകള്‍ കണ്ടെത്തിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങള്‍ വെളിപ്പെടുത്തി.

2013 ആഗസ്ത് ഒന്നിനും 2018 ജനുവരി 23 നും മുദ്രവച്ച കവറുകളില്‍ സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച കേസന്വേഷണത്തിന്റെ തല്‍സ്ഥിതി റിപ്പോര്‍ട്ടുകളുടെ കരടിന്റെ പകര്‍പ്പുകളാണ് പിടിച്ചെടുത്തത്. സിബിഐയിലെ അടുപ്പക്കാരായ ഉദ്യോഗസ്ഥര്‍ വഴിയാണ് ചിദംബരം റിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയതെന്ന് സംശയിക്കുന്നു. റിപ്പോര്‍ട്ട് ചോര്‍ന്നതായി എന്‍ഫോഴ്‌സ്‌മെന്റിന്റെ ഔദ്യോഗിക അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് കുറ്റക്കാരായ ഉദ്യോഗസ്ഥരെ കണ്ടെത്താന്‍ സിബിഐ ആഭ്യന്തര അന്വേഷണം തുടങ്ങി.

മാധ്യമങ്ങളോട് പ്രതികരിക്കാനില്ലെന്നും അന്വേഷണഏജന്‍സികള്‍ ആവശ്യപ്പെട്ടാല്‍ വിശദീകരണം നല്‍കുമെന്നുമാണ് പി ചിദംബരത്തിന്റെ നിലപാട്. റാഫേല്‍ യുദ്ധവിമാന ഇടപാടിലെ അഴിമതി ചൂണ്ടിക്കാട്ടി കോണ്‍ഗ്രസ് കേന്ദ്രസര്‍ക്കാരിനെതിരെ ശക്തമായി രംഗത്തെത്തിയ വേളയിലാണ് യുപിഎ സര്‍ക്കാരിലെ പ്രമുഖനായിരുന്ന ചിദംബരത്തിനെതിരെ എന്‍ഫോഴ്‌സ്‌മെന്റും സിബിഐയും രംഗത്തെത്തിയത്.

കേസ് പരിഗണിക്കുന്ന ജസ്റ്റിസ് അരുണ്‍മിശ്രയുടെ ബെഞ്ചില്‍ ജനുവരി 23ന് സിബിഐ റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ബെഞ്ചില്‍ അംഗമായ ജഡ്ജി അവധിയായതിനാല്‍ 24ന് റിപ്പോര്‍ട്ട് കോടതി പരിഗണിച്ചില്ല. എന്നാല്‍, കോടതിയുടെ പരിഗണനയ്ക്ക് എത്തുന്നതിന് മുമ്പുതന്നെ സിബിഐയുടെ നിര്‍ണായകരേഖ ചിദംബരത്തിന്റെ പക്കല്‍ എത്തിയെന്നാണ് എന്‍ഫോഴ്‌സ്‌മെന്റിന്റെ വെളിപ്പെടുത്തല്‍.

സിബിഐ ജോയിന്റ് ഡയറക്ടറുടെയും ഹിമാചല്‍പ്രദേശ് കേഡറിലെ ഐപിഎസ് ഉദ്യോഗസ്ഥന്റെയും സഹായത്തോടെയാണ് കരട് റിപ്പോര്‍ട്ടിന്റെ പകര്‍പ്പുകള്‍ ചോര്‍ത്തിയതെന്നാണ് സൂചന. ഐഎന്‍എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാട് കേസില്‍ ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിനെതിരെ സിബിഐ പുറപ്പെടുവിച്ച ലുക്ക് ഔട്ട് നോട്ടീസും ചോര്‍ന്നതായി നേരത്തേ ആക്ഷേപമുണ്ടായിരുന്നു.
2013 ആഗസ്ത് ഒന്നിന് ജസ്റ്റിസുമാരായ ജി എസ് സിങ്‌വിയുടെ ബെഞ്ച് മുമ്പാകെ സിബിഐ സമര്‍പ്പിച്ച തല്‍സ്ഥിതി റിപ്പോര്‍ട്ടും ചിദംബരത്തിന്റെ വീട്ടില്‍നിന്നു കണ്ടെത്തി. തെരച്ചിലില്‍ പിടിച്ചെടുത്ത വസ്തുക്കള്‍ തന്റെ പക്കലുണ്ടായിരുന്നതാണെന്ന് വ്യക്തമാക്കി ചിദംബരം ഒപ്പിട്ടുനല്‍കിയിട്ടുണ്ട്. കോടതിയുടെ പരിഗണനയിലുള്ള കേസിലെ അന്വേഷണറിപ്പോര്‍ട്ട് ചോര്‍ത്തിയത് ഗുരുതര നിയമലംഘനമാണെന്ന് നിയമവൃത്തങ്ങള്‍ ചൂണ്ടിക്കാണിച്ചു. സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ കൂടിയായ ചിദംബരം അന്വേഷണറിപ്പോര്‍ട്ടുകള്‍ ചോര്‍ത്തിയെന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ അദ്ദേഹത്തിനെതിരെ കോടതിയലക്ഷ്യത്തിന് നടപടി സ്വീകരിക്കണമെന്ന ആവശ്യവും ഉയര്‍ന്നു.

3500 കോടിയുടെ ഇടപാട്
എയര്‍സെല്‍മാക്‌സിസ് ഇടപാടില്‍ ധനമന്ത്രിയായിരിക്കെ ചിദംബരം നടത്തിയ അനധികൃത ഇടപെടലുകള്‍ വ്യക്തമാക്കുന്നതാണ് 2018 ജനുവരി 23ന് സിബിഐ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഇടപാടിന് ചട്ടങ്ങള്‍ ലംഘിച്ച് വിദേശനിക്ഷേപ പ്രോത്സാഹനബോര്‍ഡ് (എഫ്‌ഐപിബി) അംഗീകാരം നല്‍കിയതുമായി ബന്ധപ്പെട്ട രേഖകളും മൊഴികളും തല്‍സ്ഥിതി റിപ്പോര്‍ട്ടിലുണ്ട്. 800 ദശലക്ഷം ഡോളറിന്റെ ഇടപാട്്(അന്ന് ഏകദേശം 3500 കോടി രൂപ) സാമ്പത്തികകാര്യങ്ങള്‍ക്കുള്ള മന്ത്രിസഭാസമിതിയുടെ പരിഗണനയ്ക്കു വിടാതെ ചിദംബരം സ്വന്തംനിലയ്ക്ക് അംഗീകരിച്ചെന്നാണ് ആരോപണം. ഇടപാടുമായി ബന്ധപ്പെട്ട് മകന്‍ കാര്‍ത്തി ചിദംബരം, അനന്തരവന്‍ എ പളനിയപ്പന്‍ എന്നിവരുടെ പേരിലുള്ള കടലാസുകമ്പനികള്‍ക്ക് അനധികൃത സാമ്പത്തികനേട്ടം ഉണ്ടായെന്നും ആരോപണമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here