ആരോഗ്യരംഗത്ത് കേരളം തന്നെ ഒന്നാമത്; യോഗിയുടെ യുപി ഏറ്റവും മോശം സംസ്ഥാനം; കേരളത്തിന്റെ നേട്ടങ്ങള്‍ അക്കമിട്ട് നിരത്തി നീതി ആയോഗിന്റെ റിപ്പോര്‍ട്ട്

ദില്ലി: ആരോഗ്യരംഗത്ത് കേരളം ഒന്നാം സ്ഥാനത്തെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ട്. ലോക ബാങ്കും, കേന്ദ്ര ആരോഗ്യമന്ത്രാലയവുമായി ചേര്‍ന്ന് നീതി ആയോഗ് തയ്യാറാക്കിയ ഹെല്‍ത്ത് റിപ്പോര്‍ട്ടിലാണ് കേരളത്തെ മികച്ച സംസ്ഥാനമായി തെരഞ്ഞെടുത്തിരിക്കുന്നത്.

ആരോഗ്യരംഗത്ത് യോഗി ആദിത്യനാഥിന്റെ ഉത്തര്‍പ്രദേശ് രാജ്യത്തെ ഏറ്റവും മോശം സംസ്ഥാനമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

കേരളം ആരോഗ്യരംഗത്ത് കൈവരിച്ച് നേട്ടങ്ങള്‍ അക്കമിട്ട് നിരത്തുകയാണ് നീതി ആയോഗിന്റെ പ്രഥമ ഹെല്‍ത്ത് റിപ്പോര്‍ട്ട്. ആരോഗ്യപരിപാലനം, ശുചിത്വ നിലവാരം, ആശുപത്രികളുടെ പ്രവര്‍ത്തനം, ശിശു ജനന മരണ നിരക്ക് തുടങ്ങി സമഗ്രമായ ആരോഗ്യ പ്രവര്‍ത്തനങ്ങളില്‍ കേരളം ഇന്ത്യയില്‍ തന്നെ ഒന്നാം സ്ഥാനത്തെന്ന് നീതി ആയോഗിന്റെ റിപ്പോര്‍ട്ട് ചൂണ്ടികാട്ടുന്നു.

2014 മുതല്‍ 2016 വരെയുള്ള രണ്ട് വര്‍ഷത്തെ രേഖകള്‍ വിലയിരുത്തുന്ന റിപ്പോര്‍ട്ടില്‍ 80 പോയന്റോടെ കേരളം ഒന്നാം സ്ഥാനത്താണ്. പഞ്ചാബും, തമിഴ്‌നാടുമാണ് രണ്ടും മൂന്നും സ്ഥാനത്ത്. ബിജെപി ഭരണത്തിലുള്ള രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് സംസ്ഥാനങ്ങളാണ് അവസാന രണ്ട് സ്ഥാനങ്ങളില്‍.

60ലേറെ നവജാത ശിശുക്കള്‍ മരണപ്പെട്ടതിലൂടെ കുപ്രസിദ്ധി നേടിയ ഉത്തര്‍പ്രദേശും, രാജസ്ഥാന്‍, മധ്യപ്രദേശ്, ഒഡീഷ സംസ്ഥാനങ്ങളാണ് ശിശുമരണനിരക്കില്‍ ഇന്ത്യയില്‍ ഏറ്റവും പിന്നോക്ക സംസ്ഥാനങ്ങളെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നു. അഞ്ച് വയസില്‍ താഴെയുള്ള കുട്ടികളുടെ മരണനിരക്കില്‍ മധ്യപ്രദേശാണ് മുന്നില്‍.

ഈ രണ്ട് കാര്യങ്ങളിലും കേരളം മാതൃകയെന്ന് റിപ്പോര്‍ട്ട് പറയുന്നു. നവജാത ശിശുപരിപാലനത്തില്‍ കേരളം കാട്ടുന്ന ശ്രദ്ധ കാരണം ഇന്ത്യയില്‍ ഏറ്റവും കുറഞ്ഞ നവജാത ശിശുമരണനിരക്കാണ് സംസ്ഥാനത്ത്.

പെണ്‍കുട്ടികള്‍ ജനിക്കുന്നത് കുഴപ്പമായി കരുതുന്ന രീതി ഇന്ത്യയുടെ പല ഭാഗത്തും ഇപ്പോഴും നിലനില്‍ക്കുന്നു. ഹരിയാനയിലും നരേന്ദ്രമോദിയുടെ ഗുജറാത്തിലും പെണ്‍കുട്ടികളുടെ ജനനനിരക്ക് അപകടരമായ രീതിയില്‍ കുറഞ്ഞ് വരുന്നു.

പെണ്‍കുഞ്ഞുങ്ങളുടെ ജനനനിരക്കില്‍ കേരളം ഒന്നാം സ്ഥാനത്ത് തുടരുന്നു. പെണ്‍കുട്ടികള്‍ക്ക് ജനിക്കാനും വളരാനും യോഗ്യമായ സാഹചര്യമൊരുക്കുന്ന കേരളത്തില്‍ ആയിരം ആണ്‍കുട്ടികള്‍ക്ക് 974 എന്നാണ് പെണ്‍കുട്ടികളുടെ കണക്ക്.

അതേസമയം, ആരോഗ്യ പരിപാലന രംഗത്ത് കേരളത്തോടൊപ്പം മുന്നിലുണ്ടായിരുന്ന തമിഴ്‌നാടാകട്ടെ പെണ്‍കുട്ടികളുടെ ജനനനിരക്കില്‍ 11 സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. രൂപീകരിക്കപ്പെട്ട് രണ്ട് പതിറ്റാണ്ട് പോലും തികയ്ക്കാത്ത ചത്തീസ്ഗഡ്ഢാണ് ഇക്കാര്യത്തില്‍ കേരളം കഴിഞ്ഞാല്‍ രണ്ടാം സ്ഥാനത്ത് ഉള്ളത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News