ബിജെപി തകര്‍ന്നടിഞ്ഞെന്ന് വെറുതെ പറഞ്ഞതല്ല; സംഘപരിവാറിന്‍റെ തട്ടകത്തില്‍ കിട്ടിയ വോട്ടുകള്‍ 0,1,2 എന്നിങ്ങനെ; സ്വന്തം ഏജന്‍റുമാരും ബിജെപിയെ കൈവിട്ടു; മോദിക്ക് ഇതിലും വലിയ നാണക്കേടുണ്ടോ

മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെ 2013ല്‍ അധികാരത്തിലേറിയ രാജസ്ഥാനില്‍ ബിജെപിക്ക് കാലിടറുന്നതായി ഈയിടെ നടന്ന ഉപതെരഞ്ഞെടുപ്പിലെ ബൂത്ത് തല കണക്കുകള്‍.

ഉപതിരഞ്ഞെടുപ്പ് നടന്ന മണ്ഡലങ്ങളില്‍ ഒരു ബൂത്തില്‍ ബിജെപിക്ക് ഒരു വോട്ടുപോലുമില്ല, മറ്റൊരു ബൂത്തില്‍ കിട്ടിയത് ഒരു വോട്ട്, വേറൊരിടത്ത് രണ്ട് വോട്ട്‌. എട്ട് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട അജ്മീര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഒരു നിയമസഭാ സീറ്റില്‍ പോലും മുന്നിലെത്താന്‍ ഭരണകക്ഷിക്ക് ക‍ഴിഞ്ഞില്ല.

രണ്ട് ലോക്‌സഭാ മണ്ഡലങ്ങളിലേക്കും ഒരു നിയമസഭാ മണ്ഡലത്തിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പിലെ വന്‍തോല്‍വിയെക്കാള്‍ ഓരോ ബൂത്തിലും കിട്ടിയ വോട്ടിന്‍റെ കണക്കാണ് ബിജെപിയെ

ഞെട്ടിച്ചിരിക്കുന്നത്‌. ബിജെപിയുടെ സിറ്റിങ് സീറ്റുകളിലാണ് മൂന്നും. മണ്ഡലത്തെ പ്രതിനിധീകരിച്ച നേതാക്കള്‍ മരിച്ച ഒഴിവില്‍ ബന്ധുക്കളെ മത്സരിപ്പിച്ചിട്ടും ഭരണ വിരുദ്ധ തരംഗത്തില്‍ സഹതാപ തരംഗം പോലുമുണ്ടായില്ല

ഡുദു മണ്ഡലത്തില്‍ അക്ഷരാര്‍ഥത്തില്‍ ബിജെപിക്കെതിരായ തിരഞ്ഞെടുപ്പാണ് നടന്നത്. 49-ാം നമ്പര്‍ ബൂത്തില്‍ കോണ്‍ഗ്രസ് 337 വോട്ട് നേടിയപ്പോള്‍ ബിജെപിക്ക് ഒരു വോട്ട് പോലും കിട്ടിയില്ല. ബിജെപിയുടെ ഇല‍ക്‌ഷൻ ഏജന്‍റുമാർ പോലും പാർട്ടിക്കു വോട്ടുചെയ്തില്ല എന്ന തിരിച്ചറിവിലാണ് നേതൃത്വം.

നസീറാബാദ് മണ്ഡലത്തിലെ 223-ാം നമ്പര്‍ ബൂത്തിലാകട്ടെ ബിജെപിക്ക് ഒരു വോട്ട് മാത്രം ലഭിച്ചപ്പോള്‍ കോണ്‍ഗ്രസിന് 582 വോട്ട് കിട്ടി. 224മത്തെ ബൂത്തില്‍ കോണ്‍ഗ്രസിന് 500 പേര്‍ വോട്ട് രേഖപ്പെടുത്തിയപ്പോള്‍ രണ്ട് വോട്ട് നേടാനെ ബിജെപിക്ക് ക‍ഴിഞ്ഞുള്ളു.

2014 ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് 2.5 ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷം സമ്മാനിച്ച അല്‍വാര്‍ മണ്ഡലത്തില്‍ ഇത്തവണ കോണ്‍ഗ്രസ് രണ്ട് ലക്ഷം വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.

എട്ട് നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെട്ട അജ്മീര്‍ ലോക്‌സഭാ മണ്ഡലത്തില്‍ ഒരു നിയമസഭാ സീറ്റില്‍ പോലും മുന്നിലെത്താന്‍ ബിജെപിക്ക് ആയില്ല. മണ്ഡല്‍ഗഢ് നിയമസഭാ മണ്ഡലത്തില്‍ കോണ്‍ഗ്രസ് വിമതനായി മത്സരിച്ച വ്യക്തി 22 ശതമാനം വോട്ട് ലഭിച്ചിട്ടും വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ ഭൂരിപക്ഷം 12,000 വോട്ടാണ്.

1985,1998 എന്നീ വര്‍ഷങ്ങള്‍ ഒഴിച്ചാല്‍ മറ്റെല്ലാ വര്‍ഷങ്ങളിലും പ്രതികൂല സാഹചര്യത്തിലാണ് ഈ രണ്ട് ലോക്സഭാ സീറ്റുകളില്‍ വിജയിച്ചതെന്ന് ബിജെപിയുടെ മുതിര്‍ന്ന നേതാവ് ദില്ലിയില്‍
പറഞ്ഞു.

ഉപതിരഞ്ഞെടുപ്പിലെ കനത്ത തോല്‍വിയെ തുടര്‍ന്ന് മുഖ്യമന്ത്രി വസുന്ധര രാജെ സിന്ധ്യയെ മാറ്റണമെന്ന ആവശ്യവും ബി ജെ പിക്കുള്ളില്‍ നിന്നുയര്‍ന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News