ഇന്ത്യന്‍ റിസ്റ്റ് സ്പിന്നര്‍മാരെ നേരിടാന്‍ ദക്ഷിണാഫ്രിക്കയുടെ ‘വജ്രായുധം’ വരുന്നു; ഇനി കളിമാറുമോ

ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ചരിത്രമെഴുതുകയാണ് കൊഹ്ലിയും സംഘവും. ടെസ്റ്റ് പരമ്പര കൈവിട്ടെങ്കിലും ചരിത്രത്തിലാധ്യമായി ആഫ്രിക്കന്‍ മണ്ണില്‍ ഏകദിന പരമ്പര നേട്ടം സ്വന്തമാക്കാമെന്ന നിലയിലാണ് ടീം ഇന്ത്യ.

6 മത്സര പരമ്പരയില്‍ 3 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ മൂന്നിലും ജയിച്ച കൊഹ്ലിയും കൂട്ടരും പരമ്പര വിജയത്തിന്റെ പടിവാതിലിലാണ്. അതിനിടയിലാണ് ഇന്ത്യന്‍ ആരാധകര്‍ ഏറ്റവുമധികം ഭയപ്പെടുന്ന സാക്ഷാല്‍ എ ബി ഡിവില്ലേഴ്‌സ് തിരികെയെത്തുന്നത്.

സ്പിന്നും ഫാസ്റ്റുമെല്ലാം അനായാസം കൈകാര്യം ചെയ്യുന്ന എ ബി ഡി 360 ഡിഗ്രി കറങ്ങി നിന്ന് പന്തിനെ അതിര്‍ത്തിക്ക് മുകളിലൂടെ പായിക്കുന്ന താരമാണ്. അതുകൊണ്ടുതന്നെ എബിഡിയുടെ മടങ്ങിവരവ് ദക്ഷിണാഫ്രിക്കയ്ക്ക് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല.

ഏകദിന പരമ്പരയില്‍ ദക്ഷിണാഫ്രിക്ക തോറ്റ് നാണം കെടാനുള്ള പ്രധാനകാരണം ഇന്ത്യന്‍ റിസ്റ്റ് സ്പിന്നര്‍മാരാണ്. കുല്‍ദീപും ചാഹലും ചേര്‍ന്ന് മൂന്ന് കളികളില്‍ നിന്ന് 21 വിക്കറ്റുകളാണ് വീഴ്ത്തിയത്.

രണ്ടും മൂന്നും ഏകദിനങ്ങള്‍ എട്ട് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ കൂടാരം കയറ്റിയതും ഇരുവരും ചേര്‍ന്നായിരുന്നു. പേസിനെ തുണയ്ക്കുമെന്ന് കരുതപ്പെട്ടിരുന്ന ദക്ഷിണാഫ്രിക്കന്‍ മൈതാനങ്ങളില്‍ റിസ്റ്റ് സ്പിന്നര്‍മാര്‍ക്ക് മുന്നില്‍ ആതിഥേയര്‍ അസ്ത്രപ്രജ്ഞരാകുകയായിരുന്നു.

എന്തായാലും ഡിവില്ലേഴ്‌സ് എത്തുന്നതോടെ കളിമാറുമെന്നാണ് പൊതുവെ പ്രതീക്ഷിക്കപ്പെടുന്നത്. മൂന്നാം ടെസ്റ്റിനിടെ കൈ വിരലിന് പരിക്കേറ്റതാണ് ഏകദിന പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളില്‍ ഡിവില്ലേഴ്‌സിന് നഷ്ടമായത്. നായകന്‍ ഹാഫ് ഡുപ്ലെസിസും, വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്കും പരിക്കേറ്റതിനാല്‍ ദക്ഷിണാഫ്രിക്കന്‍ ടീമിന് പുറത്താണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here