പ്രിന്റര്‍ മാറ്റാന്‍ കാശില്ല, വിസിക്ക് 20 കോടിയുടെ മള്‍ട്ടിപ്ലക്‌സ് മതി: കേടായ പ്രിന്ററിലൂടെ കറുത്തവര വീണ സര്‍ട്ടിഫിക്കറ്റ് പിഎസ്‌സിക്കും വേണ്ട; കേരള സര്‍വ്വകലാശാല കെടുകാര്യസ്ഥതയുടെ മകുടോദാഹരണം ആവുന്നതിങ്ങനെ

തിരുവനന്തപുരം: ഒരു വശത്ത് ചിലവഴിക്കാതെ പണം കെട്ടി കിടക്കുമ്പോള്‍ മറുവശത്ത് പണം ഇല്ലാതെ കേരള സര്‍വ്വകലാശാലയുടെ പ്രവര്‍ത്തനം അവതാളത്തിലാകുന്നു.

ചാന്‍സിലേഴ്‌സ് പ്രൈസ് മണിയായി മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ലഭിച്ച അഞ്ചു കോടി രൂപയില്‍ ഒരു രൂപപോലും ഇതുവരെ ചിലവഴിച്ചിട്ടില്ല. കമ്പ്യൂട്ടര്‍ അടക്കമുളള സാമ്രഗികള്‍ വാങ്ങാന്‍ പണം ഇല്ലാതതിനാല്‍ പരീക്ഷാ നടപടികള്‍ താളം തെറ്റുമ്പോഴാണ് മറ്റൊരുവശത്ത് പണം കുമിഞ്ഞ് കൂടികിടക്കുന്നത്. കെടുകാര്യസ്ഥതയുടെ ഏറ്റവും നല്ല ഉദാഹരണമാകുകയാണ് കേരള സര്‍വ്വകലാശാല.

കേരളാ സര്‍വ്വകലാശാലക്ക് കീഴില്‍ പഠിക്കുന്ന ഒരു ലക്ഷം വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക് ലിസ്റ്റ് അച്ചടിക്കുന്ന ചെയ്യുന്ന പ്രിന്റര്‍ വാങ്ങിയത് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്. അമിതമായ ഉപയോഗവും കാലപഴക്കം കൊണ്ട് പ്രിന്റര്‍ കേടായി.

നിലവില്‍ സര്‍വ്വകലാശാല നല്‍കുന്ന സര്‍ട്ടിഫിക്കറ്റിന്റെ നടുവിലൂടെ ഒരു കറുത്ത വര കടന്ന് പോകുന്നു. കേടായ പ്രിന്റര്‍ ഉപയോഗിച്ച് നിര്‍മ്മിച്ചെടുക്കുന്ന മാര്‍ക്ക് ലിസ്റ്റ് PSC അടക്കമുളളവര്‍ നിരസിക്കുന്നു എന്നത് വിദ്യാര്‍ത്ഥികളുടെ പരാതിയാണ്.

വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യുന്ന നിരവധി ഉദ്യോഗാര്‍ത്ഥികളുടെ സര്‍ട്ടിഫിക്കറ്റില്‍ കമ്പനികള്‍ സംശയം പ്രകടിപ്പിച്ചിരിക്കുന്നതും അത് പരാതിയായി സര്‍വ്വകലാശാല അധികാരികളുടെ മുന്നിലെത്തുന്നതും നിത്യകാഴ്ച്ചയാണ്.
പരീക്ഷാ വിഭാഗത്തിന്റെ പ്രവര്‍ത്തനം അടിയന്തിരമായി മെച്ചപെടുത്താന്‍ 160 കമ്പ്യൂട്ടറും, നാല്‍പത് പ്രിന്ററും വേണമെന്ന് ആവശ്യപ്പെട്ട് പരീക്ഷാ വിഭാഗം ആറ് മാസം മുന്‍പ് വൈസ് ചാന്‍സിലറുടെ ഓഫീസിന് നല്‍കിയ ഫയല്‍ പണം ഇല്ലെന്ന കാരണം ചൂണ്ടികാട്ടി തടഞ്ഞ് വെച്ചിരിക്കകയാണ്.

ഒരു ലക്ഷത്തോളം വിദ്യാര്‍ത്ഥികളുടെ രജിസ്‌ട്രേഷനുളള ഡിഗ്രി ഇആഇടട സെക്ഷനില്‍ ആകെയുളളത് 55 ജീവനക്കാര്‍ മാത്രം. അവര്‍ക്ക് എല്ലാം കൂടി ഉളളത് 22 കംപ്യൂട്ടര്‍ മാത്രം. പണം ഇല്ലെന്ന് പഞ്ഞം പറയുമ്പോള്‍ സര്‍വ്വകലാശാലക്കുളളിലെ എസ്ബിടി ബാങ്കില്‍ യൂണിവേഴ്‌സിറ്റിയുടെ പേരില്‍ അഞ്ച് കോടി രൂപ കെട്ടികിടക്കുകയാണ്.

2015 ഡിസംബറിലാണ് ഗവര്‍ണര്‍ പി.സദാശിവം കേരള സര്‍വ്വകലാശാലക്ക് പ്രഥമ ചാന്‍സിലേഴ്‌സ് അവാര്‍ഡ് നല്‍കിയത് തുക ലഭിച്ച ഉടനെ സിന്‍ഡിക്കേറ്റിനെ മറികടന്ന് 20 കോടി രൂപക്ക് ഒരു മള്‍ട്ടിപ്ലക്‌സ് കെട്ടിയുയര്‍ത്താനും അതിന്റെ ആദ്യ ഗഡുവായി അഞ്ച് കോടി അനുവദിക്കാനുമാണ് വിസി തീരുമാനിച്ചത്.

അത്യാവശ്യ കാര്യങ്ങള്‍ക്ക് തുക വിനയോഗിക്കണമെന്നും വിസി ഏകപക്ഷീയമായി നിയോഗിച്ച സബ്കമ്മറ്റിയെ അംഗീകരിക്കില്ലെന്നും സിന്‍ഡിക്കേറ്റും നിലപാട് എടുത്തതോടെ അഞ്ച് കോടി ക്ലാവ് പിടിച്ചു.

കഴിഞ്ഞ മൂന്ന് വര്‍ഷമായി ഒരു രൂപ പോലും ചിലവഴിക്കാതെ പണം പൂത്ത് കിടക്കുമ്പോള്‍ മറ്റൊരുവശത്ത് പണം ഇല്ലാതെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും മുടങ്ങികിടക്കുന്നു.

കെടുകാര്യസ്ഥതയുടെ മകുടോദഹരണമാണ് കേരള സര്‍വ്വകലാശാല. ജനാധിപത്യവേദികളെ അംഗീകരിക്കില്ലെന്ന് വിസി നിലപാട് എടുക്കുന്നത് ഭരണ സംവിധാനത്തില്‍ കടുത്ത വിളളലാണ് വീഴ്ത്തിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News