ചരിത്രതീരുമാനവുമായി സൗദി; സ്ത്രീകളെ പര്‍ദ്ദ ധരിക്കാന്‍ നിര്‍ബന്ധിക്കരുത്; മാന്യമായി വസ്ത്രം ധരിക്കാന്‍ മാത്രമാണ് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നത്

പൊതുസ്ഥലങ്ങളില്‍ സ്ത്രീകള്‍ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധനയില്‍ സൗദി ഇളവ് വരുത്തുന്നു.

സ്ത്രീകള്‍ പൊതുസ്ഥലങ്ങളില്‍ പര്‍ദ്ദ ധരിക്കണമെന്ന നിബന്ധന ഇനി മുതല്‍ ഉണ്ടാകില്ലെന്ന് മുതിര്‍ന്ന പണ്ഡിതരുടെ കൗണ്‍സില്‍ അംഗമായ ഷെയ്ഖ് അബ്ദുള്ള അല്‍ മുത്‌ലഖ് വ്യക്തമാക്കി.

സൗദി സമൂഹത്തെ ആധുനികവല്‍ക്കരിക്കാനും സ്ത്രീകള്‍ക്കുള്ള നിയന്ത്രണത്തില്‍ ഇളവു നല്‍കാനുമുള്ള തീരുമാനത്തിന്റെ ഭാഗമായാണ് പുതിയ നടപടി.

മാന്യമായി വസ്ത്രം ധരിക്കാന്‍ മാത്രമാണ് ഇസ്ലാം നിഷ്‌കര്‍ഷിക്കുന്നതെന്നും റോയല്‍ കോര്‍ട്ട് ഉപദേഷ്ടാവും ഉന്നത പണ്ഡിത സഭാ അംഗവുമായ ശൈഖ് ഡോ. അബ്ദുല്ല അല്‍ മുത്‌ലഖ് പറഞ്ഞു.

സ്ത്രീകള്‍ പര്‍ദ മാത്രമേ ധരിക്കാന്‍ പാടുള്ളൂ എന്ന് ശഠിക്കരുത്. മാന്യമായ ഏത് വസ്ത്രവും വനിതകള്‍ക്ക് നിഷിദ്ധമല്ല. സ്ത്രീകളുടെ ശരീരം മറയുന്ന വസ്ത്രം ധരിക്കണമെന്നാണ് ഇസ്ലാമിക ശരീ അത്തിന്റെ നിര്‍ദേശമെന്ന് ശൈഖ് ഡോ. അബ്ദുല്ല അല്‍ മുത്‌ലഖ് വ്യക്തമാക്കി.

സ്ത്രീകള്‍ മുഖം മറയ്ക്കുന്നതും ഇസ്ലാമികമല്ല. റിയാദിലെ കോടതികളില്‍ സ്ത്രീകള്‍ മുഖം മറച്ചാണ് എത്തിയിരുന്നത്. മുഖം മറയ്ക്കാതെ കോടതികളിലെത്തണമെന്ന് അടുത്തിടെ കോടതി നിര്‍ദേശം നല്‍കിയിരുന്നു.

നിലവില്‍ സൗദി അറേബ്യയില്‍ സ്ത്രീകള്‍ക്ക് പുറത്തിറങ്ങണമെങ്കില്‍ പര്‍ദ്ദ ധരിക്കണം. ആ നിയമത്തിനാണ് ഇളവ് വന്നിരിക്കുന്നത്. അതേസമയം പണ്ഡിതന്റെ പ്രസ്താവനയോട് സമ്മിശ്ര പ്രതികരണങ്ങളാണ് ഉണ്ടാകുന്നത്. സ്ത്രീകള്‍ വാഹനം ഓടിക്കുന്നതിനുള്ള വിലക്ക് നീക്കം ചെയ്തതിനു പിന്നാലെയാണ് ഈ പുതിയ നിലപാട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel