അമ്മയുടെ ഏറുകൊണ്ട് മകന് കാ‍ഴ്ച നഷ്ടമായി; മരണാനന്തരം അമ്മയുടെ കണ്ണ് മകന് ദാനം നൽകി; കരളലിയിക്കുന്ന സംഭവം ആലപ്പു‍ഴയിൽ

അവയവ ദാനത്തിനത്തിന്‍റെ മഹത്വം മാത്രമല്ല, കേട്ടാൽ കണ്ണുനനയുന്ന ജീവതകഥകൂടിയാണ് ആലപ്പു‍ഴയിൽ നിന്ന് പുറത്തുവരുന്നത്. താമരക്കുളം കൊട്ടയ്ക്കാട്ടുശേി കണ്ണുചാരേത്ത് കൃഷ്ണഗാഥയിൽ രാജൻപിള്ളയുടെ ഭാര്യ രമാദേവിയാണ് പണ്ട് തന്‍റെ കയ്യബന്ധം കൊണ്ട് കാ‍ഴ്ച നഷ്ടമായ മകൻ ഗോകുൽരാജി(27)ന് മരണാനന്തരം കണ്ണ് ദാനം ചെയ്തത്.

കഴിഞ്ഞ വെള്ളിയാഴ്ച കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു കണ്ണുമാറ്റി വയ്ക്കൽ ശസ്ത്രക്രിയ. ഒരാഴ്ച മുമ്പ് വൈകിട്ട് ഇളയ മകൻ രാഹുൽരാജിനൊപ്പം യാത്രചെയ്യുമ്പോൾ ബൈക്കിൽനിന്നു തെറിച്ചുവീണാണ് രമാദേവി(50)ക്കു ഗുരുതരമായി പരുക്കേറ്റത്.

ചുനക്കര തെക്ക് എൻ.എസ്.എസ് സ്‌കൂളിന് മുന്നിലായിരുന്നു അപകടം. രമാദേവിയെ കായംകുളം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീട് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലെ ഡോ.ഗീതുവിന്‍റെ നേതൃത്വത്തിലുള്ള സംഘം രമാദേവിയുടെ ഇരുകണ്ണുകളും നീക്കം ചെയ്ത് സൂക്ഷിക്കുകയായിരുന്നു. ഇതിലൊരെണ്ണമാണു മകന് വെളിച്ചമാകുന്നത്.

ആറാം വയസിലാണു ഗോകുലിന്‍റെ ഇടതു കണ്ണു നഷ്ടമായത്. രമാദേവിയുടെ കൈയിൽനിന്ന് കുതറിയോടിയ പശുവിൽ നിന്ന് മകനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കയ്യബന്ധംപിണഞ്ഞത്. മകനെ രക്ഷിക്കാനായി രമാദേവി പശുവിനു നേരേ കല്ലുവാരിയെറിഞ്ഞു. എന്നാൽ ഇതിലൊരെണ്ണം ഗോകുലിന്‍റെ കണ്ണിൽവീണ് കാ‍ഴ്ച നഷ്ടമാവുകയായിരുന്നു

ജീവിച്ചിരിക്കെ തന്‍റെ കണ്ണുകളിലൊന്ന് മകനു നൽകാൻ രമാദേവി പലതവണ സന്നദ്ധത അറിയിച്ചിരുന്നു. എന്നാൽ ഗോകുൽ ഇതിന് അനുകൂലമായിരുന്നില്ല. അമ്മയുടെ സംസ്‌കാര ശേഷവും കണ്ണ് ഏറ്റുവാങ്ങാൻ ഗോകുൽ വിസമ്മതിച്ചു. എന്നാൽ ബന്ധുക്കളും സുഹൃത്തുക്കളും നിർബന്ധപൂർവ്വം ഗോകുലിനെ കൊണ്ട് സമ്മതിക്കുകയായിരുന്നു.

ബി.എസ്.സി നഴ്സിങ് ബിരുദധാരിയാണു ഗോകുൽ. രമാദേവിയുടെ രണ്ടാമത്തെക്കണ്ണ് അവയവദാന രജിസ്റ്ററിലെ മുൻഗണനാ പ്രകാരം ദാനം ചെയ്യുമെന്നു മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News