കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനാകുന്നത് തൊഴിലാളി ജീവിതത്തിനിടെ; തൊഴിലാളിയില്‍നിന്ന് നേതാവിലേക്ക് ഉയര്‍ന്ന മുഹമ്മദ് അമീന്റെ ജീവിതം

ഇന്ത്യന്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ മുസഫര്‍ അഹമ്മദിന്റെ പിന്‍ഗാമിയാണ് മുഹമ്മദ് അമീന്‍.

മുസഫര്‍ അഹമ്മദ് സിപിഐഎം കേന്ദ്രകമ്മിറ്റി അംഗമായിരുന്നു. എന്നാല്‍, മുസ്ലിം ന്യൂനപക്ഷവിഭാഗത്തില്‍നിന്ന് പൊളിറ്റ്ബ്യൂറോയിലെത്തുന്ന ആദ്യവ്യക്തിയെന്ന ബഹുമതി മുഹമ്മദ് അമീനാണ്. 62 വര്‍ഷം നീളുന്ന പ്രവര്‍ത്തനപാരമ്പര്യവുമായാണ് അമീന്‍ 2008ല്‍ പാര്‍ടിയുടെ സമുന്നത സമിതിയിലെത്തിയത്.

ആയിരത്തിത്തൊള്ളായിരത്തിഇരുപത്തെട്ട് ഏപ്രില്‍ പതിനഞ്ചിന് അബ്ദുള്‍ ഹഖിന്റെയും ബഷീര്‍മെന്‍ ബീവിയുടെയും മകനായി കൊല്‍ക്കത്തയില്‍ ജനനം. കടുത്ത ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടിലാണ് ബാല്യം പിന്നിട്ടത്. വീട്ടിലെ ദാരിദ്ര്യംകാരണം സ്‌കൂളില്‍ പോയി പഠിക്കാന്‍ കഴിഞ്ഞില്ല. ബാല്യം വിടുംമുമ്പേ വീട്ടിലെ പ്രാരാബ്ധം ഏറ്റെടുത്ത് ചണമില്‍ത്തൊഴിലാളിയായി.

തൊഴിലാളി ജീവിതത്തിനിടയിലാണ് കമ്യൂണിസ്റ്റ് ആശയങ്ങളില്‍ ആകൃഷ്ടനാകുന്നത്. ബാരാനഗറില്‍ ചണത്തൊഴിലാളികളെ സംഘടിപ്പിച്ച് ട്രേഡ്‌യൂണിയന്‍ രംഗത്തേക്ക് പ്രവേശിച്ചു. 1946ല്‍ പതിനെട്ടാംവയസ്സില്‍ പാര്‍ടി അംഗമായി.

റെയില്‍വെ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനുള്ള ചുമതല പാര്‍ടി അമീനെ ഏല്‍പ്പിച്ചു.

വിഭജനത്തിന് ശേഷം കിഴക്കന്‍ പാകിസ്ഥാനില്‍ (ഇന്നത്തെ ബംഗ്ലാദേശ്) റെയില്‍വെത്തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി പോയി. ബംഗ്ലാദേശിലെ സെയ്ദ്പൂരില്‍ സംഘടനാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരിക്കെ അറസ്റ്റിലായി. രണ്ടു വര്‍ഷത്തിലേറെ വിചാരണ കൂടാതെ ജയിലില്‍. 1953ല്‍ മോചിതനായശേഷം കൊല്‍ക്കത്തയിലേക്കു മടങ്ങി.

1969 ല്‍ ഗാര്‍ഡന്‍ റീച്ച് മണ്ഡലത്തില്‍നിന്ന് നിയമസഭയിലെത്തി. ഗാര്‍ഡന്‍ റീച്ചില്‍നിന്ന് രണ്ടുവട്ടവും തിത്താഗഡ് മണ്ഡലത്തില്‍ നിന്ന് മൂന്നുവട്ടവും എംഎല്‍എയായി. പതിനഞ്ചു വര്‍ഷത്തോളം മന്ത്രിയായും പ്രവര്‍ത്തിച്ചു.

1988ല്‍ രാജ്യസഭാംഗമായി. പതിനൊന്നു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം രണ്ടാമതും രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.

1985ല്‍ കൊല്‍ക്കത്ത കോണ്‍ഗ്രസിലാണ് പാര്‍ടി കേന്ദ്രകമ്മിറ്റിയംഗമായത്. ചിത്തബ്രത മജുംദാറിന്റെ നിര്യാണത്തെത്തുടര്‍ന്ന് സിഐടിയു അഖിലേന്ത്യാ ജനറല്‍സെക്രട്ടറിയായി.

ഉറുദു സാഹിത്യലോകത്ത് അറിയപ്പെടുന്ന മുഖമാണ് അമീന്‍. സെദായ്ബദര്‍ എന്ന പുസ്തകം അമീന്‍ രചിച്ച ഉറുദുകവിതകളുടെ സമാഹാരമാണ്. ബംഗാള്‍ഉറുദു നിഘണ്ടു രചിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News