അമീന്റെ ജീവിതം, പ്രതിജ്ഞാബദ്ധതയുടെയും ലാളിത്യത്തിന്റെയും ധീരതയുടെയും ഉത്തമോദാഹരണം; അനുശോചനം രേഖപ്പെടുത്തി സിഐടിയു

ദില്ലി: രാജ്യത്തെ തൊഴിലാളി വര്‍ഗപ്രസ്ഥാനത്തിന്റെയാകെ നേതാവായിരുന്ന മുഹമ്മദ് അമീന്റെ നിര്യാണത്തില്‍ സിഐടിയു അഗാധ ദുഃഖം രേഖപ്പെടുത്തി.

പ്രതിജ്ഞാബദ്ധതയുടെയും ലാളിത്യത്തിന്റെയും ധീരതയുടെയും ഉത്തമോദാഹരണമായിരുന്നു അമീന്റെ ജീവിതം. സിഐടിയു സ്ഥാപകാംഗമായിരുന്ന അമീന്‍ 2007 മെയ് മുതല്‍ 2010 മാര്‍ച്ച് വരെ ജനറല്‍ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു.

14ാം വയസ്സില്‍ ചണമില്‍ തൊഴിലാളിയായ അമീന്‍ ട്രേഡ്‌യൂണിയന്‍ പ്രസ്ഥാനത്തില്‍ വളരെ ചെറുപ്പത്തില്‍തന്നെ സജീവമായി. ബംഗാളിലും ദേശീയതലത്തിലും ട്രേഡ്‌യൂണിയന്‍ പ്രസ്ഥാനത്തില്‍ വിവിധ തലത്തില്‍ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റി.

1987ല്‍ സിഐടിയു സെക്രട്ടറിയായി തെരഞ്ഞെടുത്തു. 2010ല്‍ ജനറല്‍ സെക്രട്ടറി സ്ഥാനമൊഴിഞ്ഞശേഷം വൈസ്പ്രസിഡന്റായി തുടര്‍ന്നു.

ചണം, റോഡുഗതാഗതം തുടങ്ങി വിവിധ വ്യവസായതല ഫെഡറേഷനുകളുമായി സഹകരിച്ചുപ്രവര്‍ത്തിച്ചു. ഈ ഘട്ടത്തിലൊക്കെ രാജ്യത്തെ ട്രേഡ്‌യൂണിയന്‍ പ്രസ്ഥാനത്തെ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. അറിയപ്പെടുന്ന ഉറുദു കവിയായിരുന്ന അമീന്റേതായി നിരവധി കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ അനുശോചനം അറിയിക്കുന്നു സിഐടിയു പ്രസ്താവനയില്‍ പറഞ്ഞു. ഓള്‍ ഇന്ത്യ റോഡുഗതാഗത തൊഴിലാളി ഫെഡറേഷനും അമീന്റെ നിര്യാണത്തില്‍ അനുശോചിച്ചു.

ഫെഡറേഷന്‍ മുന്‍ പ്രസിഡന്റാണ് അമീന്‍. ട്രേഡ്‌യൂണിയന്‍ പ്രസ്ഥാനത്തിന് വലിയ സംഭാവന നല്‍കിയ അമീന്‍ റോഡുഗതാഗത തൊഴിലാളി ഫെഡറേഷന്‍ രൂപീകരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു.

കുടുംബാംഗങ്ങളെ ഫെഡറേഷന്‍ അനുശോചനം അറിയിച്ചു. മുതിര്‍ന്ന സിപിഐഎം നേതാവ് മുഹമ്മദ് അമീന്റെ നിര്യാണത്തില്‍ സിഐടിയു സംസ്ഥാന സെക്രട്ടറിയറ്റ് അനുശോചിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here