സര്‍വ്വകലാശാല സംഗീത വിഭാഗം മേധാവിയായി കംപ്യൂട്ടര്‍ എഞ്ചീനിയര്‍; പഠിക്കാത്ത സിലബസില്‍ ഹാള്‍ ടിക്കറ്റ് ഇല്ലാതെ പരീക്ഷ എഴുതി വിദ്യാര്‍ഥികള്‍; പീപ്പിള്‍ അന്വേഷണ പരമ്പര സര്‍’വികല’ശാല തുടരുന്നു

തിരുവനന്തപുരം: വൈസ് ചാന്‍സിലര്‍ പ്രത്യേക താല്‍പര്യമെടുത്ത് നിയമിച്ച സംഗീത വിഭാഗം മേധാവി അച്യുത് ശങ്കറിന്റെ ഉട്ടോപ്യന്‍ പരിഷ്‌കാരം വിദ്യാര്‍ത്ഥികളെ വട്ടം ചുറ്റിക്കുന്നു.

പഠിച്ചതൊന്ന് പാടിയത് വേറൊന്ന് എന്ന മട്ടിലാണ് കേരള സര്‍വ്വകലാശാലയിലെ പുകള്‍പെറ്റ സംഗീത വിഭാഗത്തിന്റെ അവസ്ഥ. വൈസ് ചാന്‍സിലറായ പികെ രാധാകൃഷ്ണന്‍ പ്രത്യേക താല്‍പര്യം എടുത്ത് കപ്യൂട്ടര്‍ അധ്യാപകനായ അച്യുത് ശങ്കറെ സംഗീത വിഭാഗം മേധാവിയാക്കിയതോടെയാണ് മ്യൂസിക്ക് ഡിപ്പാര്‍ട്ട്‌മെന്റ് പാഴ്ശ്രുതി മീട്ടിതുടങ്ങിയത്.

സംഗീതത്തില്‍ ഡോക്ടറേറ്റ് ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞ ഉടനെ സര്‍വ്വകലാശാലയുടെ സംഗീത വിഭാഗം മേധാവിയായി അച്യുത് ശങ്കറിന് വിസി പ്രത്യേക താല്‍പര്യം എടുത്ത് ചുമതല നല്‍കുമ്പോള്‍ പുരികകൊടി ഉയര്‍ത്തിയവരുടെ ആശങ്ക അസ്ഥാനത്തായില്ല. അടുത്തിടെ തനിക്ക് ലഭിച്ച ഡോക്ടറേറ്റിന്റെ ബലത്തില്‍ അച്യുത് ശങ്കര്‍ ആദ്യം കൈവെച്ചത് സംഗീതവിഭാഗം പതിറ്റാണ്ടുകളായി തുടരുന്ന സിലബസിലാണ്.

അടതാള വര്‍ണം മിസ്രഗതിയില്‍ കച്ചേരി ആരംഭിക്കണമെന്നതാണ് പരിഷ്‌കാരങ്ങളില്‍ ആദ്യയിനം. ഇന്ത്യ സംഗീത ലോകത്തെ അത്യപൂര്‍വ്വ പ്രതിഭകള്‍ക്ക് മാത്രം പാടാന്‍ കഴിയുന്ന മിസ്രഗതി എന്ന സങ്കീണമായ ആലാപന രീതി കുട്ടികളെ വട്ടംചുറ്റിക്കുകയാണ്. തിസ്രഗതിയില്‍ നിന്ന് മിസ്രഗതിയിലേക്ക് മാറുന്നത് വിശദീകരിച്ച് തരാന്‍ സിലബസ് പരിഷ്‌കരിച്ച അച്യുത് ശങ്കറിനും കഴിഞ്ഞില്ല.

സിലബസിലെ അപാകതകള്‍ ചൂണ്ടികാട്ടി എംഫില്‍, എംഎ കുട്ടികള്‍ വൈസ് ചാന്‍സിലര്‍ക്ക് നല്‍കിയ പരാതി അന്തരീക്ഷത്തില്‍ വിലയം പ്രാപിച്ചു. മുന്‍പത്തെ മേധാവിമാരായ ഡോ.ഓമനകുട്ടി ടീച്ചറും, ഡോ.ഭാവന രാധാകൃഷ്ണനും ഒക്കെ ക്ലാസ് എടുത്തിരുന്നുവെങ്കിലും മേധാവിയുടെ ജോലി ക്ലാസ് എടുപ്പല്ല. പകരം മേല്‍നോട്ടം ആണെന്നതാണ് പുതിയ മേധാവിയായ അച്യുത് ശങ്കറിന്റെ നിലപാട്.

ഫലത്തില്‍ സ്ഥിരം അധ്യാപകര്‍ ആരും ഇല്ലാതെ ഗസ്റ്റ് അധ്യാപകര്‍ പഠിപ്പിക്കുന്ന കുട്ടികള്‍ ആറ് മാസം പഠിച്ചത് സിലബസിന് പുറത്തെ കാര്യങ്ങള്‍ ആണ്. ഏത് സിലബസ് പരികാരവും അക്കാദമിക്ക് കൗണ്‍സിലും, ബോര്‍ഡ് ഓഫ് സ്റ്റഡീസും അറിഞ്ഞ് മാത്രമേ നടത്താവു എന്നാതാണ് സര്‍വ്വകലാശാല നിയമം എന്നീരിക്കേ എംഎ സംഗീത വിഭാഗത്തിന്റെ ഉട്ട്യോപന്‍ പരിഷ്‌കാരം സിഎസ്എസ് കമ്മിറ്റി തളളി.

ചുരുക്കത്തില്‍ പുതിയ സിലബസില്‍ പാടി പടിച്ച കുട്ടികള്‍ സിലബസ് സര്‍വ്വകലാശാല അംഗീകരിച്ചിട്ട് പോലും ഇല്ലെന്ന് അറിഞ്ഞത് പരീക്ഷയുടെ ഒരാഴ്ച്ച മുന്‍പാണ്. ഒടുവില്‍ പഴയ സിലബസില്‍ പരീക്ഷ നടത്തി, അവസാന നിമിഷം ഓടിച്ചിട്ട് പരീക്ഷ നടത്തിയപ്പോള്‍ എംഎ കുട്ടികള്‍ പരീക്ഷ എഴുതിയത് ഹാള്‍ടിക്കറ്റ് ഇല്ലാതെയാണ്.

ഒരിക്കലും നടപ്പിലാക്കാന്‍ കഴിയാത്ത ആശയങ്ങളാണ് തന്റെ സിലബസ് എന്ന് അച്യുത് ശങ്കറിന് ഒടുവല്‍ മനസിലായത് കൊണ്ടാവാം അദ്ദേഹം വിസിക്ക് രാജി സമര്‍പ്പിച്ചിരിക്കുകയാണ്. അപ്പോഴെക്കും സംഗീത വിഭാഗത്തിന്റെ ശ്രുതിയും താളവും തെറ്റി കഴിഞ്ഞിരുന്നു.

വിദ്യാഭാസ ക്രമത്തില്‍ വരുത്തുന്ന എത് പരികാരവും മതിയായ അക്കാദമിക്ക് ചര്‍ച്ചകള്‍ക്ക് ശേഷം മാത്രമേ പാടുളളു എന്നത് ഒരു പുരോഗമ സമൂഹത്തിന്റെ പൊതുലക്ഷണമാണ്.

ആഴത്തിലുളള പഠനം ഇല്ലാതെ നടത്തുന്ന എതുതരം പരിഷ്‌കാരവും വിദ്യാഭാസത്തെ പുറക്കോട്ട് അടുപ്പിക്കുമെന്ന് കേരള സര്‍വ്വകലാശാല ഇനി എന്നാണ് പഠിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News