കുല്‍ദീപിനും ചാഹലിനുമൊപ്പം പന്തെറിയാന്‍ ധോണിയും; പുതിയ തന്ത്രങ്ങളുമായി ഇന്ത്യ കളത്തിലേക്ക്; 10000 ക്ലബിലേക്ക് ധോണിയുടെ അകലം ഇത്രമാത്രം

മിന്നലും മഴയും ഹെൻറിക് ക്ലാസെനും ആഞ്ഞടിച്ചപ്പോൾ പരമ്പര സ്വന്തമാക്കാനുള്ള സുവര്‍ണാവസരം നഷ്ടമായെങ്കിലും കരുത്ത് വീണ്ടെടുത്ത് ഇന്ത്യ ഇന്നറിങ്ങുന്നു. പരമ്പരയ്ക്കും ഒരു ജയത്തിനും ഇടയിലാണ് അഞ്ചാം ഏകദിനത്തിന് ഇന്ത്യ സെന്റ് ജോർജിൽ ഇറങ്ങുന്നത്.

ന്യൂവാണ്ടറേഴ്സിൽ പെയ്ത മഴയും മിന്നലും പോർട്ട് എലിസബത്തിലും ഭീഷണിയാകാൻ സാധ്യതയുണ്ട്. മത്സരം മുടങ്ങാൻ സാധ്യതയുണ്ടെന്നും സൂചനയുണ്ട്. അങ്ങനെ സംഭവിച്ചാൽ ആറ് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പര ഇന്ത്യക്ക് സ്വന്തമാകും.

വൻ തിരിച്ചുവരവാണ് നാലാം ഏകദിനത്തിൽ ദക്ഷിണാഫ്രിക്ക നടത്തിയത്. പുതുമുഖമായ ക്ലാസെനും മില്ലെറും മികച്ചഫോമിലായിരുന്നു. നിർണായകഘട്ടത്തിൽ ഇന്ത്യൻ ഫീൽഡർമാരുടെയും ബൗളർമാരുടെയും പിഴവുകളാണ് ഇന്ത്യയുടെ തോൽവിക്ക് കാരണം.

ഡേവിഡ് മില്ലെറിന്റെ ക്യാച്ച് ശ്രേയസ് അയ്യർ നഷ്ടമാക്കിയത് കളിയിൽ വഴിത്തിരിവായി. പിന്നാലെ യുസ്വേന്ദ്ര ചഹലിന്റെ പന്തിൽ മില്ലെർ ബൗൾഡായി. പക്ഷേ, നോബോൾ ആനുകൂല്യത്തിൽ തിരിച്ചെത്തിയ മില്ലെർ ദക്ഷിണാഫ്രിക്കയ്ക്ക് ജയമുറപ്പിച്ചശേഷമാണ് മടങ്ങിയത്.

കൈക്കുഴ സ്പിന്നർമാരായ ചഹലും കുൽദീപ് യാദവും പരാജയപ്പെട്ടു. മഴമൂലം പന്തിൽ മുറുക്കംകിട്ടാത്തത് പരമ്പരമോഹത്തെ ന്യൂവാണ്ടറേഴ്സിൽ ഇല്ലാതാക്കി. ബാറ്റിങ്സമയത്ത് ഇടിമിന്നലും മഴയും കളിമുടക്കി. ഇത് ഇന്ത്യക്ക് കൂറ്റൻ സ്കോർ സ്വന്തമാക്കുന്നതിന് തടസ്സമായി.

പരമ്പരയിൽ 393 റണ്ണുമായി വിരാട് കോഹ്ലിയും 271 റണ്ണുമായി ശിഖർ ധവാനും മികച്ചഫോമിലാണ്. പരമ്പരയിൽ രോഹിത്തിന്റെ മോശം ഫോം തുടരുകയാണ്. മധ്യനിരയും വേണ്ടത്ര ഫോമിലായിട്ടില്ല. അയ്യർക്ക് പകരം കേദാർ ജദാവ് അന്തിമ ഇലവനിൽ തിരിച്ചെത്താൻ സാധ്യതയുണ്ട്.

എ ബി ഡിവില്ലിയേഴ്സിന്റെ വരവ് ദക്ഷിണാഫ്രിക്കയ്ക്ക് വലിയ ആശ്വാസംതന്നെ നൽകി. മില്ലെറും ക്ലാസെനും ആൻഡിലെ ഫെഹ്ളുക്വായോയും ഫോമിലായത് ദക്ഷിണാഫ്രിക്കയ്ക്ക് പ്രതീഷ നൽകുന്നു.

സെന്റ് ജോർജ് സ്റ്റേഡിയത്തിൽ ചരിത്രം ഇന്ത്യക്ക് അനുകൂലമല്ല. ഇന്ത്യ ഇവിടെ കളിച്ച അഞ്ച് ഏകദിനത്തിലും തോറ്റിരുന്നു. നാല് ഏകദിനം ദക്ഷിണാഫ്രിക്കക്കെതിരെയും, ഒന്ന് കെനിയക്കെതിരെയുമായിരുന്നു.

ഏകദിനത്തിൽ 10,000 റൺ തികയ്ക്കാൻ ധോണിക്ക് 46 കൂടി മതി. 10,000 റൺ നേടുന്ന 12‐മത് താരവും നാലാമത്തെ ഇന്ത്യക്കാരനുമാകും ധോണി. സച്ചിനും ഗംഗുലിയും ദ്രാവിഡുമാണ് ഈ നേട്ടം സ്വന്തമാക്കിയ മറ്റ് ഇന്ത്യക്കാർ.

ചഹലും കുൽദീപ് യാദവും മൂന്നു വിക്കറ്റ്കൂടി നേടിയാൽ. ഒരു ടീമിനെതിരെ ഒരു പരമ്പരയിൽ ഇന്ത്യൻ സ്പിന്നർമാർ നേടുന്ന മികച്ച വിക്കറ്റ്വേട്ടയാകും അത്. നിലവിൽ ഇംഗ്ലണ്ടിനെതിരെ 2006ൽ കുറിച്ച 27 വിക്കറ്റാണ് റെക്കോഡ്.

62 റൺകൂടി കോഹ്ലി സ്വന്തമാക്കിയാൽ ദക്ഷിണാഫ്രിക്കൻ മണ്ണിലെ ഏറ്റവും വലിയ റൺവേട്ടയാവും. ആറ് മത്സരത്തിൽനിന്ന് 454 റൺ സ്വന്തമാക്കിയ കെവിൻ പീറ്റേഴ്സന്റെ പേരിലാണ് നിലവിൽ റെക്കോഡ്.

അതേസമയം ഇന്നലെ പ്രാക്ടീസിനിടെ ധോണി ബൗളിംഗ് പരിശീലനം നടത്തിയിരുന്നു. ഇതിന്‍റെ വീഡിയോ പുറത്തുവന്നതോടെ ഇന്ന് കുല്‍ദീപിനും ചാഹലിനുമൊപ്പം ദക്ഷിണാഫ്രിക്കയെ തളയ്ക്കാന്‍ ധോണിയും പന്തെടുക്കുമോയെന്ന ആകാംഷയിലാണ് ആരാധകര്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here