ഒരു രൂപയ്ക്ക് ഇന്ന് എന്തുചെയ്യാനാകും; കോട്ടയത്തെ എസ്എഫ്‌ഐക്കാര്‍ കാട്ടിത്തരും

ഒരു രൂപയ്ക്ക് ഇന്ന് എന്തുചെയ്യാനാകും. പലരും ചോദിക്കുന്ന ചോദ്യമാണിത്. എന്നാല്‍ സമൂഹത്തില്‍ കാലാനുസൃതമായ വിപ്ലവങ്ങള്‍ ഒരു രൂപയിലൂടെ നടപ്പാക്കാനാകുമെന്ന് തെളിയിക്കുകയാണ് കോട്ടയം മാന്നാനം കെ ഇ കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍.

കാമ്പസില്‍ വണ്‍ റുപ്പി റവല്യൂഷന്‍ എന്ന പേരില്‍ വിദ്യാര്‍ത്ഥികളില്‍ നിന്ന് ശേഖരിക്കുന്ന ഒരു രൂപ ഉപയോഗിച്ചാണ് സാമൂഹിക സന്നദ്ധ പ്രവര്‍ത്തനങ്ങളില്‍ മാന്നാനം കെ ഇ കോളജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പങ്കാളികളായത്. എല്ലാ വ്യാഴാഴ്ച്ചയും വിദ്യാര്‍ത്ഥികളില്‍ നിന്ന് ഒരു രൂപവീതം ശേഖരിക്കുകയാണ് രീതി.

ആദ്യഘട്ടത്തില്‍ ശേഖരിച്ച 5300 രൂപ ഉപയോഗിച്ച് വാങ്ങിയ വില്‍ചെയര്‍, ജില്ലാ പഞ്ചായത്തംഗം മഹേഷ് ചന്ദ്രന്‍ കോട്ടയം മെഡിക്കല്‍ കോളജ് ആര്‍ എം ഒ പി ആര്‍ രഞ്ചിന് കൈമാറി. തുടര്‍ന്നും വണ്‍ റുപ്പി റവല്യൂഷനിലൂടെ നിരവധി പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പദ്ധതിയുണ്ടെന്നും സന്നദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി ആന്റണി മാത്യു പറഞ്ഞു.

എസ്എഫ്‌ഐ ദത്തെടുത്ത ഏറ്റുമാനൂര്‍ പൂവത്തുംമൂട് സ്‌കൂളില്‍ ലൈബ്രറി ഒരുക്കുകയാണ് ഈ വിദ്യാര്‍ത്ഥികളുടെ അടുത്ത ലക്ഷ്യം. ഇക്കാര്യമറിഞ്ഞതോടെ കാമ്പസിന് സമീപത്തെ ചെറുകിടവ്യാപാരികളും ടാക്‌സി ഡ്രൈവര്‍മാരുമൊക്കെ വണ്‍ റുപ്പി റവല്യൂഷന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്. വിദ്യാധനം സര്‍വ്വധനാല്‍ പ്രധാനമെന്ന ആപ്തവാക്യത്തിന് പുതിയ അര്‍ത്ഥം നല്‍കുകയാണ് ഈ കോളജ് വിദ്യാര്‍ത്ഥികള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here