ദേശീയ നാടോടി കലാസംഗമത്തിന്‍റെ ആവേശത്തില്‍ അനന്തപുരി; നാലുനാള്‍ ആഘോഷത്തിന്‍റെ പൊടിപൂരം; മമേഖാനും ആവേശം പകരാനെത്തും

തിരുവനന്തപുരം: ഇന്ത്യയുടെ നാടോടി പാരമ്പര്യത്തിന്റെ നേർക്കാഴ്ചയുമായി അഞ്ഞൂറിലേറെ കലാകാരന്മാർ അണിനിരക്കുന്ന ദേശീയ നാടോടി കലാസംഗമത്തിന്റെ രണ്ടാം പതിപ്പിന് തിരുവനന്തപുരത്ത് അരങ്ങൊരുങ്ങുന്നു.

സംസ്ഥാന യുവജനക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തില്‍ കനകക്കുന്ന്, നിശാഗന്ധി, മാനവീയം എന്നിവിടങ്ങളിലായി ഇന്ന് മുതല്‍ പതിനെട്ടാം തിയതി വരെയാണ് നാഷണൽ ഫോക് ഫെസ്റ്റിവൽ ഓഫ് കേരള- 2018 നടക്കുന്നത്.

ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയില്‍ നിന്നുള്‍പ്പെടെ പത്തു സംസ്ഥാനങ്ങളില്‍ നിന്ന് ഇത്തവണയും കലാകാരന്മാര്‍ തിരുവനന്തപുരത്ത് അരങ്ങുണര്‍ത്തും.

രാജസ്ഥാനില്‍ നിന്നുള്ള രാജ്യാന്തര പ്രശസ്തനായ സൂഫി- നാടന്‍ പാട്ടുകാരന്‍ മമേഖാനും സംഘവുമാണ് ഇത്തവണത്തെ നാടോടി കലാസംഗമത്തിന്റെ ഏറ്റവും വലിയ ആകര്‍ഷണം. പതിനഞ്ചു തലമുറകളായി രാജസ്ഥാനിലെ സംഗീതലോകത്ത് വിരാജിക്കുന്ന കുടുംബത്തില്‍ നിന്നുള്ള ഗായകനാണ് മമേഖാന്‍.

രാജസ്ഥാനികളുടെ ജീവിതത്തിലെ എല്ലാ ആഘോഷങ്ങളിലും ഒഴിച്ചുനിറുത്താനാകാത്ത മംഗാനിയാര്‍ സംഗീതത്തില്‍ അഗ്രഗണ്യനാണ് ഇദ്ദേഹം. സൂഫി സംഗീതത്തെ രാജസ്ഥാനി നാടോടി സംഗീതവുമായി സംയോജിപ്പിച്ചുകൊണ്ടുള്ള ഫ്യൂഷനാണ് മമേഖാന്‍ തലസ്ഥാനത്തെ കലാസ്വാദകര്‍ക്കായി അവതരിപ്പിക്കുക.

നാടോടി- ഗോത്ര കലാരൂപങ്ങള്‍ക്ക് പേരുകേട്ട വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളുടെ സജീവ സാന്നിധ്യവും ഇത്തവണയുണ്ട്. ആസാം, മണിപ്പൂര്‍, നാഗാലാന്‍ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള ആദിവാസി- ഗോത്ര കലാരൂപങ്ങളാണ് സംഗമത്തില്‍ അവതരിപ്പിക്കപ്പെടുക.

കേരളത്തില്‍ നിന്ന് അന്യം നിന്നുവെന്ന് കരുതപ്പെടുന്ന വെള്ളരി നാടകം ഉള്‍പ്പെടെയുള്ള പഴയകാല നാടോടി കലാരൂപങ്ങളും സംഗമത്തില്‍ പുനരവതരിപ്പിക്കപ്പെടും. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള പടയണിയായിരിക്കും മറ്റൊരു ആകര്‍ഷണം.

ആന്ധ്രപ്രദേശില്‍ നിന്നുള്ള പരമ്പരാഗത നാടന്‍ കലാരൂപങ്ങളായ തപ്പട്ടഗുലു, ബുറാക്കഥ എന്നിവയും ബംഗാളില്‍ നിന്ന് തനത് ബാവുല്‍ സംഗീതവും സംഗമത്തിനെത്തുന്നുണ്ട്. മിസോറാം, മഹാരാഷ്ട്ര, കര്‍ണാടക, എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള നാടന്‍ കലാരൂപങ്ങളും സംഗമത്തില്‍ അണിനിരക്കും. നാടന്‍ കലകളുമായി ബന്ധപ്പെട്ട സെമിനാറും ഇതോടനുബന്ധിച്ച് നടക്കും.

കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡിന്റെ ആഭിമുഖ്യത്തില്‍ കഴിഞ്ഞ വര്‍ഷമാണ് തലസ്ഥാനത്ത് ദേശീയ നാടോടി കലാസംഗമത്തിന് തുടക്കമിട്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here