യാത്രാനിരക്കുവര്‍ധന അപര്യാപ്തമെന്ന് ആരോപിച്ച് സംസ്ഥാനത്തെ സ്വകാര്യബസുകള്‍ വെള്ളിയാഴ്ച മുതല്‍ അനിശ്ചിതകാലത്തേക്ക് പണിമുടക്കും. മിനിമംനിരക്ക് ഇപ്പോള്‍ പ്രഖ്യാപിച്ച എട്ടുരൂപയില്‍നിന്ന് പത്താക്കുക, വിദ്യാര്‍ഥികളുടെ യാത്രാനിരക്ക് 50 ശതമാനമാക്കി വര്‍ധിപ്പിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

കൊച്ചിയില്‍ ബസുടമകളുടെ സംയുക്ത സമരസമിതി യോഗത്തിലാണ് തീരുമാനം. ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ 19 മുതല്‍ സെക്രട്ടറിയറ്റിനുമുന്നില്‍ നിരാഹാര സമരം ആരംഭിക്കുമെന്നും ബസുടമകള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

മിനിമം നിരക്കില്‍ ഒരുരൂപ വര്‍ധിപ്പിച്ച സര്‍ക്കാര്‍, വിദ്യാര്‍ഥികളുടെ നിരക്ക് കൂട്ടണമെന്ന ജസ്റ്റിസ് രാമചന്ദ്രന്‍ കമീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയില്ല. നിരക്കുകൂട്ടാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെങ്കില്‍ വിദ്യാര്‍ഥികള്‍ക്ക് ഇളവ് നല്‍കേണ്ടെന്ന് തീരുമാനിക്കേണ്ടിവരുമെന്ന് കേരള പ്രൈവറ്റ് ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി ലോറന്‍സ് ബാബു പറഞ്ഞു.

സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും സമരസമിതി വ്യക്തമാക്കി.