കൊച്ചി: സംസ്ഥാനത്ത് അനിശ്ചിതകാല സ്വകാര്യ ബസ് സമരം തുടരുന്നു. പതിനാലായിരത്തില്‍പ്പരം സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചതിനാല്‍ യാത്രക്കാര്‍ ബുദ്ധിമുട്ടിലായി.
മലബാര്‍ മേഖലയെയാണ് സ്വകാര്യ ബസ് സമരം കാര്യമായി ബാധിച്ചത്. കാരണം സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ പകുതിയോളം സര്‍വ്വീസ് നടത്തുന്നത് വടക്കന്‍ ജില്ലകളിലാണ്.
പ്രധാന റൂട്ടുകളിലെല്ലാം യാത്രക്കാരുടെ ആവശ്യത്തിനനുസരിച്ച് കെഎസ്ആര്‍ടിസി കൂടുതല്‍ സര്‍വ്വീസ് നടത്തി. എന്നാല്‍ ഗ്രാമ പ്രദേശങ്ങളില്‍ ഓട്ടോ ടാക്‌സി എന്നിവ കൂടാതെ സ്വകാര്യ വാഹനങ്ങളെയും യാത്രക്കാര്‍ക്ക് ആശ്രയിക്കേണ്ടി വന്നു.
എസ്എസ്എല്‍സി, പ്ലസ്ടു മോഡല്‍ പരീക്ഷകള്‍ നടക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് സമയത്ത് സ്‌ക്കൂളിലെത്തുന്നതിന് ബുദ്ധിമുട്ടനുഭവപ്പെട്ടു.
സര്‍ക്കാര്‍ ഓഫീസുകളിലും ഹാജര്‍ നില കുറവായിരുന്നു. ഇതിനിടെ സര്‍വ്വകലാശാല പരീക്ഷകളും മാറ്റമില്ലാതെ നടന്നു. മധ്യകേരളത്തിലും ബസ് സമരം യാത്രക്കാരെ വലച്ചു. നഗരത്തില്‍ നിന്നും ഉള്‍പ്രദേശങ്ങളിലേക്കും, തിരിച്ചും യാത്ര ചെയ്യുന്നവര്‍ക്കാണ് ഏറ്റവും പ്രതിസന്ധി നേരിട്ടത്.
നിരവധി വ്യവസായ സ്ഥാപനങ്ങള്‍ സ്ഥിതി ചെയ്യുന്ന കൊച്ചിയില്‍ തൊഴിലാളികള്‍ക്കും ജീവനക്കാര്‍ക്കും സ്ഥാപനത്തിലെത്താന്‍ മറ്റു വാഹനങ്ങളെ ആശ്രയിക്കേണ്ടി വന്നു. കെഎസ്ആര്‍ടിസി അധിക സര്‍വ്വീസ് നടത്തിയതും കൊച്ചി മെട്രൊ സര്‍വ്വീസും നഗര യാത്രക്കാര്‍ക്ക് ആശ്വാസമായി.
അതേസമയം, തലസ്ഥാന നഗരത്തെ സമരം കാര്യമായി ബാധിച്ചില്ല. തിരുവനന്തപുരം, പത്തനംതിട്ട ജില്ലകളില്‍ കൂടുതലും കെഎസ്ആര്‍ടിസി സര്‍വ്വീസുകളായതിനാലാണ് യാത്രക്കാരെ കാര്യമായി ബാധിക്കാതിരുന്നത്. എന്നാല്‍ കൊല്ലം ജില്ലയെ സമരം ബാധിച്ചു.
ജനങ്ങളെ ദുരിതത്തിലാക്കുന്ന ഈ സമരം അനാവശ്യമാണെന്നും സമരത്തില്‍ നിന്ന് ബസുടമകള്‍ പിന്‍വാങ്ങണമെന്നും സര്‍ക്കാര്‍ ആവശ്യപ്പെട്ടു.
Get real time update about this post categories directly on your device, subscribe now.