കോടികള്‍ തട്ടി രാജ്യംവിട്ട നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു; വിഷയത്തില്‍ മോദി മൗനം വെടിഞ്ഞ് ഉത്തരം പറയണമെന്ന് സിപിഐഎം

ദില്ലി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ തട്ടിപ്പ് നടത്തിയ നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചു. നാലാഴ്ചത്തേക്കാണ് പാസ്‌പോര്‍ട്ട് മരവിപ്പിച്ചത്. വിഷയത്തില്‍ നരേന്ദ്രമോദി മൗനം വെടിയണമെന്നും ഉത്തരം പറയണമെന്നും സിപിഐഎം ആവശ്യപ്പെട്ടു.

എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടത്തിയ പരിശോധനയിലാണ് വിവിധ ബാങ്കുകളില്‍ നിന്നായി 3000 കോടി രൂപയുടെ അധിക തട്ടിപ്പും കണ്ടെത്തിയത്. ഡയറക്ടറേറ്റിന്റെ ആവശ്യപ്രകാരമാണ് വിദേശകാര്യ മന്ത്രാലയം നീരവ് മോദിയുടെ പാസ്‌പോര്‍ട്ട് മരവിപ്പിച്ചത്.

നിലവില്‍ നീരവ് മോദിയും കുടുംബവും ന്യൂയോര്‍ക്കിലാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഒരാഴ്ചക്കുള്ളില്‍ ഹാജരാകണമെന്നാവശ്യപ്പെട്ട് നീരവിനും, മെഹുല്‍ ചൗക്‌സിനും എന്‍ഫോഴ്‌സ്‌മെന്റ് നോട്ടീസ് പുറപ്പെടുവിച്ചു. മുംബൈയിലുള്ള നീരവിന്റെ സ്ഥാപനങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റിന്റെയും സിബിഐയുടെയും പരിശോധന തുടരുകയാണ്.

ഇന്നലെ നടത്തിയ പരിശോധനയില്‍ 5100 കോടി രൂപ വിലവരുന്ന വജ്രാഭരണങ്ങളും സ്വത്തുക്കളും കണ്ടുകെട്ടി. ഇന്നത്തെ പരിശോധന കഴിയുമ്പോള്‍ കുടുല്‍ സ്വത്തുക്കള്‍ കണ്ടുകെട്ടിയേക്കും. രാജ്യം വിട്ട നീരവിനെ പിടികൂടുന്നതിന് സിബിഐ ഇന്റര്‍പോളിന്റെ സഹായവും തേടി.

കഴിഞ്ഞ വര്‍ഷം നോട്ട് അസാധുവാക്കിയപ്പോള്‍ നീരവിന്റെ സ്ഥാപനങ്ങള്‍ വഴി കള്ളപ്പണം വെളുപ്പിച്ചെന്നും അന്വേഷണസംഘം കണ്ടെത്തി. പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും ഇന്ന് എട്ടു ജീവനക്കരെ കൂടി സസ്‌പെന്‍ഡ് ചെയ്തു.

അതേസമയം, വിഷയത്തില്‍ നരേന്ദ്ര മോദി മൗനം വെടിയണമെന്നും ഉത്തരം പറയണമെന്നും സിപിഐഎം ആവശ്യപ്പെട്ടു. എത്ര പക്കവാട വിറ്റാലാണ് ഇന്ത്യയിലെ തൊഴിലില്ലാത്ത യുവാക്കള്‍ക്ക് 11,000 കോടി കണ്ടെത്താന്‍ കഴിയുകയെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി നരേന്ദ്രമോദിയെ പരിഹസിച്ചകൊണ്ട് രംഗത്തെത്തി.

ഇന്നലെ യെച്ചൂരി പുറത്തുവിട്ട മോദിയും നീരവും ദാവോസില്‍ ഒന്നിച്ചുള്ള ചിത്രം ഏറെ വിവാദമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News