സ്ഥാനാര്‍ത്ഥികള്‍ പങ്കാളിയുടേയും ആശ്രിതരുടേയും സ്വത്ത് ഉറവിടം വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി; തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാനും ഉത്തരവ്

ദില്ലി: തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥികള്‍ പങ്കാളിയുടേയും ആശ്രിതരുടേയും സ്വത്തിന്റെ ഉറവിടം വെളിപ്പെടുത്തണമെന്ന് സുപ്രീംകോടതി. തെരഞ്ഞെടുപ്പ് ചട്ടം ഭേദഗതി ചെയ്യാനും സുപ്രീംകോടതി ഉത്തരവിട്ടു.

പാര്‍ലമെന്റിലേയ്ക്കും നിയമസഭകളിലേയ്ക്കും തദേശ സ്ഥാപനങ്ങളിയേക്കും മത്സരിക്കുന്നവര്‍ക്ക് മേല്‍ പിടിമുറുക്കിയാണ് സുപ്രീംകോടതിയുടെ പുതിയ ഉത്തരവ്.

സ്ഥാനാര്‍ത്ഥികള്‍ സ്വത്ത് മാത്രം വെളിപ്പെടുത്തിയാല്‍ പോര, അതിന്റെ ഉറവിടം കൂടി വെളിപ്പെടുത്തണമെന്ന് ചീഫ് ജസ്റ്റിസ് ചെലമേശ്വര്‍ അദ്ധ്യക്ഷനായ സുപ്രീംകോടതി ബഞ്ച് വിധി പുറപ്പെടുവിച്ചു.

ഉറവിടം വെളിപ്പെടുത്തുന്ന സ്വത്തിന് പുറമെ സ്ഥാനാര്‍ത്ഥികള്‍ അവരുടെ പങ്കാളിയുടേയും ആശ്രിതരുടേയും സ്വത്ത് വിവരങ്ങളും നാമനിര്‍ദേശ പത്രികയോടൊപ്പം നല്‍കണം. ഇതിനായി തെരഞ്ഞെടുപ്പ് ചട്ടങ്ങളില്‍ ആവശ്യമായ ഭേദഗതി വരുത്താന്‍ സുപ്രീംകോടതി നിര്‍ദേശിച്ചു.

നാമനിര്‍ദേശ പത്രികയോടൊപ്പം സ്വത്ത് വിവരങ്ങള്‍ രേഖപ്പെടുത്താന്‍ നിലവില്‍ പ്രത്യേക ഫോം ഉണ്ട്. ഇതില്‍ സ്വത്തിന്റെ ഉറവിടം കൂടി രേഖപ്പെടുത്താനുള്ള മാറ്റങ്ങള്‍ വരുത്താനും കോടതി പറഞ്ഞു.

എം.പിയോ എം.എല്‍.എയോയായി തെരഞ്ഞെടുക്കപ്പെട്ടതിന് ശേഷം പലരും അനധികൃതമായി സ്വത്ത് സമ്പാദിക്കുന്നുണ്ട്. ഇത് തടയാന്‍ പങ്കാളിയുടേയും ആശ്രിതരുടേയും സ്വത്ത് വിവരങ്ങള്‍ കൂടി അറിയുകയാണ് വേണ്ടത് വാദത്തിനിടെ സുപ്രീംകോടതി അഭിപ്രായപ്പെട്ടിരുന്നു.

നിലവില്‍ പങ്കാളിയുടെ സ്വത്ത് വിവരങ്ങള്‍ നല്‍കണമെന്നത് നിര്‍ബന്ധമല്ല. ഇതിനാണ് സുപ്രീംകോടതി മാറ്റം വരുത്തിയത്.

ലോക് പ്രഹരി എന്ന് സംഘടന നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ ചരിത്രപരമായ ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News