ജീവശ്വാസത്തിനായി രണ്ടും കല്‍പ്പിച്ച് ബ്ലാസ്റ്റേ‍ഴ്സ്; നോര്‍ത്ത് ഈസ്റ്റിനോട് പി‍ഴച്ചാല്‍ നോക്കൗട്ടില്ല

ഐ എസ് എല്‍ ഫുട്ബോളില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന്‍റെ വധി നാളെ ശനിയാ‍ഴ്ച നിശ്ചയിക്കും. നിര്‍ണായക മല്‍സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡുമായി അവരുടെ തട്ടകത്തിലാണ് മഞ്ഞപ്പടയുടെ മല്‍സരം. പോയിന്‍റ് നിലയില്‍ അഞ്ചാം സ്ഥാനത്തുള്ള ബ്ലാസ്റ്റേ‍ഴ്സിന് സെമി സാധ്യത നിലനിര്‍ത്താന്‍ ശനിയാ‍ഴ്ച ജയം അനിവാര്യമാണ്.

ഗുവാഹത്തിയിലെ മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റുമായി സമനിലയോ തോല്‍വിയോ വഴങ്ങിയാല്‍ മഞ്ഞപ്പടയുടെ സെമി ഫൈനല്‍ പ്രതീക്ഷ അസ്തമിക്കും. അതുകൊണ്ടുതന്നെ രണ്ടും കല്‍പ്പിച്ചൊരു പോരാട്ടത്തിനാണ് ടീം ഗുവാഹത്തിയിലെത്തിയത്.

നോര്‍ത്ത് ഈസ്റ്റിനെതിരായ പോരാട്ടം കഴിഞ്ഞാല്‍ അവസാന മത്സരത്തില്‍ ഹോംഗ്രൗണ്ടായ കൊച്ചിയില്‍ കരുത്തരായ ചെന്നൈയ്ന്‍ എഫ്‌സിയെയാണ് ബ്ലാസ്റ്റേഴ്‌സിന് നേരിടേണ്ടത്.

ഈ രണ്ട് മത്സരങ്ങളും ജയിച്ചാലും മറ്റ് ടീമുകളുടെ മല്‍സരഫലത്തെയും ആശ്രയിച്ചാണ് ബ്ലാസ്റ്റേ‍ഴ്സിന്‍റെ സെമി പ്രവേശനം. 15 മല്‍സരങ്ങളില്‍ നിന്ന് അഞ്ചു ജയവും ആറ് സമനിലയും നാല് തോല്‍വിയുമടക്കം 21 പോയിന്‍റാണ് ബ്ലാസ്‌റ്റേഴ്‌സിനുള്ളത്.

നോര്‍ത്ത് ഈസ്റ്റിനെതിരായ മതസ്രം ജയിച്ചാലും പോയിന്‍റ് നിലയില്‍ മഞ്ഞപ്പട അഞ്ചാം സ്ഥാനത്ത് തന്നെ തുടരും. നാലാം സ്ഥാനത്തുള്ള ജംഷഡ്പൂര്‍ എഫ്‌സി ബ്ലാസ്റ്റേ‍ഴ്സിനെക്കാള്‍ നാല് പോയിന്‍റ് മുന്നിലാണ്.

സസ്‌പെന്‍ഷനെ തുടര്‍ന്ന് കൊല്‍ക്കത്തയ്‌ക്കെതിരായ കഴിഞ്ഞ മല്‍സരത്തില്‍ പുറത്തിരിക്കേണ്ടി വന്ന ഡിഫന്‍ഡറും ക്യാപ്റ്റനുമായ സന്ദേഷ് ജിങ്കന്‍ തിരിച്ചെത്തുന്നത് നോര്‍ത്ത് ഈസ്റ്റിനെതിരേ ബ്ലാസ്റ്റേഴ്‌സിന്‍റെ കരുത്ത് വര്‍ധിപ്പിക്കും.

പ്രതിരോധത്തിലെ പി‍ഴവുമൂലമായിരുന്നു കൊല്‍ക്കത്തയ്ക്കെതിരെ രണ്ട് തവണ ലീഡ് നേടിയിട്ടും ബ്ലാസ്റ്റേ‍ഴ്സിന് സമനില വ‍ഴങ്ങേണ്ടി വന്നത്.

കൊച്ചിയില്‍ നടന്ന ആദ്യപാദത്തില്‍ നോര്‍ത്ത് ഈസ്റ്റിനെതിരേ നേടിയ വിജയം ബ്ലാസ്‌റ്റേഴ്‌സിന് കരുത്താകും. തുടര്‍ച്ചയായ സമനിലകള്‍ക്ക് ശേഷം ഏകപക്ഷീയമായ ഒരു ഗോളിനാണ് സ്വന്തം കാണികള്‍ക്ക് മുന്നില്‍ മഞ്ഞപ്പട വിജയം കണ്ടത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here