പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും നീരവ് മോദി പണം തട്ടിയത് ഇങ്ങനെ

വജ്രവ്യാപാരി നീരവ് മോദി ഇന്ത്യയിലെ രണ്ടാമത്തെ വലിയപൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും11345 കോടി രൂപ തട്ടിയതെങ്ങനെയെന്ന് സംശയിക്കുന്നവരുണ്ട്. ചില ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ അതിവിദഗ്ദമായാണ് മോദി പണം തട്ടിയത്. ബാങ്ക് അധികൃതരുടെ തന്നെ സുരക്ഷാ വീഴ്ച്ചകള്‍ മുതലെടുത്തായിരുന്നു ഏഴ് വര്‍ഷത്തോളം പിടിക്കപ്പെടാതെ ആയിരക്കണക്കിന് കോടി രൂപയുടെ തട്ടിപ്പ് അരങ്ങേറിയത്.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ മുംബൈ ബ്രാഡി ഹൗസ് ബ്രാഞ്ചുമായി മാത്രം ബന്ധപ്പെട്ടുള്ള തട്ടിപ്പുകളാണ് പുറത്തുവന്നിരിക്കുന്നത്. എങ്ങനെയാണ് തങ്ങളെ ചില ജീവനക്കാരും ഒരു ബിസിനസുകാരനും ചേര്‍ന്ന് പറ്റിച്ചതെന്ന് വ്യക്തമാക്കി പിഎന്‍ബി തന്നെ 30 ബാങ്കുകള്‍ക്ക് കത്തയച്ചിട്ടുണ്ട്. ഇവിടെയെല്ലാം ഏറ്റവും ചുരുങ്ങിയത് നീരവ് മോദിയുടെ കമ്പനികളുമായി ബന്ധപ്പെട്ട പണമിടപാടുകളെങ്കിലും പരിശോധിക്കപ്പെടും. ഈ ബാങ്കുകള്‍ അവരുടെ ബ്രാഞ്ചുകളില്‍ വിശദമായ പരിശോധന നടത്തിയതിന് ശേഷം മാത്രമേ തട്ടിപ്പിന്റെ ആഴം വ്യക്തമാകൂവെന്ന് ചുരുക്കം.

പഞ്ചാബ് നാഷണല്‍ ബാങ്ക് മുംബൈ ബ്രാഡി ഹൗസ് ബ്രാഞ്ചിലെ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടിയും മനോജ് കാരാട്ടും വര്‍ഷങ്ങളായി നീരവ് മോദിയുടെ കമ്പനികള്‍ക്ക് നടപടിക്രമങ്ങള്‍ പാലിക്കാതെ ലെറ്റേഴ്‌സ് ഓഫ് അണ്ടര്‍ടേക്കിംങ്(എല്‍ഒയു) അനുവദിച്ചിരുന്നു.

സാധാരണനിലയില്‍ ഇത്തരം എല്‍ഒയുകള്‍ക്ക് പരിധിയോ ജാമ്യമായി ആസ്തികളോ നിക്ഷേപമോ തിരിച്ചടവ് രേഖകളോ കാണിക്കുക പതിവുണ്ട്. ഇതൊന്നുമില്ലാതെയായിരുന്നു ഈ ജീവനക്കാര്‍ എല്‍ഒയുകള്‍ നീരവ് മോദിയുടെ കമ്പനികള്‍ക്ക് നല്‍കിയിരുന്നത്.

ബാങ്കുകള്‍ ഇടപാടുകാര്‍ക്ക് വേണ്ടി അനുവദിക്കുന്ന വിശ്വാസ്യതാപത്രമെന്ന് എല്‍ഒയുകളെ വിശേഷിപ്പിക്കാം. നിശ്ചിത തിയതിക്കകം എല്‍ഒയുകളില്‍ പറയുന്ന തുക ഇടപാടുകാരന്‍ അടക്കുമെന്നും അല്ലെങ്കില്‍ തിരിച്ചടവിന്റെ ഉത്തരവാദിത്വം തങ്ങള്‍ക്കാണെന്നും ബാങ്ക് വ്യക്തമാക്കുന്ന രേഖയാണിത്.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ പേരിലുള്ള എല്‍ഒയുകള്‍ കാണിച്ചാണ് ഹോങ്കോങിലെ ഇന്ത്യന്‍ ബാങ്കുകളുടെ ബ്രാഞ്ചുകളില്‍ നിന്നും ആയിരക്കണക്കിന് കോടികള്‍ നീരവ് മോദിയുടെ സ്ഥാപനങ്ങള്‍ വാങ്ങിയെടുത്തത്.

ഹോങ്കോങിലെ അലഹാബാദ് ബാങ്ക് (2000- 2200 കോടി), യൂണിയന്‍ ബാങ്ക്(2000, 2300 കോടി), ആക്‌സിസ് ബാങ്ക്(2000 കോടി), എസ്ബിഐ(960 കോടി) എന്നീ ബാങ്കുകളില്‍ നിന്ന് നീരവ് മോദിയുടെ കമ്പനികള്‍ വന്‍തുകയാണ് സ്വന്തമാക്കിയത്. പിഎന്‍ബിയിലെ ജീവനക്കാരുടെ കൂടി സഹായത്തിലായിരുന്നു ഈ തട്ടിപ്പ് നടന്നത്.

അന്താരാഷ്ട്ര തലത്തിലെ പണ കൈമാറ്റ സംവിധാനമായ SWIFT (Society for Worldwide Interbank Financial Telecommunication) വഴി എല്‍ഒയുകള്‍ അനുവദിച്ചെന്ന് ഹോങ്കോങിലെ വിവിധ ബാങ്കുകളുടെ ബ്രാഞ്ചുകളെ പിഎന്‍ബി ജീവനക്കാര്‍ തന്നെ ഫോണ്‍ വഴി വിളിച്ച് അറിയിച്ചു. ഇതോടെ നീരവ് മോദി ആവശ്യപ്പെട്ട പണം ആ ബാങ്കുകള്‍ വായ്പയായി നല്‍കി.

പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഗുരുതരമായ സുരക്ഷാ പാളിച്ച കൂടി മുതലാക്കിയായിരുന്നു ബാങ്ക് ജീവനക്കാര്‍ ഇത്രയും കാലം പിടിക്കപ്പെടാതെ നിന്നിരുന്നത്. പഞ്ചാബ് നാഷണല്‍ ബാങ്കുകള്‍ അടക്കമുള്ള ചില ബാങ്കുകള്‍ അവരുടെ കോര്‍ ബാങ്കിംങ് സംവിധാനത്തെ അന്താരാഷ്ട്ര പണമിടപാട് സേവനമായ സ്വിഫ്റ്റുമായി ബന്ധിപ്പിച്ചിരുന്നില്ല. അതുകൊണ്ടു തന്നെ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഔദ്യോഗിക രേഖകളിലെവിടെയും രേഖപ്പെടുത്താതെ കോടികളുടെ തട്ടിപ്പു നടത്താന്‍ ജീവനക്കാര്‍ക്കായി. ബാങ്ക് രേഖകളില്‍ ഇല്ലാതിരുന്നതുകൊണ്ട് ഇതിനെക്കുറിച്ച് ആഭ്യന്തരമായ പരിശോധനകളിലൊന്നും സൂചനപോലും ലഭിച്ചില്ല.

2017 മെയ് മാസത്തില്‍ നീരവ് മോദിയെ സഹായിച്ചിരുന്ന ബാങ്ക് ജീവനക്കാരിലൊരാളായ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടി വിരമിച്ചിരുന്നു. പകരമെത്തിയ ജീവനക്കാരന്‍ മുമ്പാകെ എല്‍ഒയു അനുവദിക്കണമെന്ന് കാണിച്ച് നീരവ് മോദിയുടെ കമ്പനി ഈ ജനുവരി 16ന് അപേക്ഷ നല്‍കി.

ഇറക്കുമതി രേഖകളുടെ മാത്രം അടിസ്ഥാനത്തില്‍ എല്‍ഒയു അനുവദിക്കാനാകില്ലെന്നും തിരിച്ചടവ് രേഖകളോ അക്കൗണ്ടില്‍ മതിയായ തുകയോ ജാമ്യമായി രേഖകളോ നല്‍കണമെന്നായി പുതിയ ജീവനക്കാരന്‍. എന്നാല്‍ ഇതൊന്നും നല്‍കാതെ നേരത്തെയും എല്‍ഒയു അനുദിച്ചിട്ടുണ്ടെന്ന് നീരവ് മോദിയുടെ കമ്പനി അധികൃതര്‍ അവകാശപ്പെട്ടു. അത് പരിശോധിക്കാന്‍ ഈ ജീവനക്കാരന്‍ തീരുമാനിച്ചതോടെയാണ് തട്ടിപ്പിന്റെ മഞ്ഞുമല തെളിഞ്ഞു വരുന്നത്.

പ്രാഥമിക അന്വേഷണത്തിനൊടുവില്‍ പത്ത് ജീവനക്കാരെ പഞ്ചാബ് നാഷണല്‍ ബാങ്ക് സസ്‌പെന്‍ഡ് ചെയ്തു. പിഎന്‍ബി ഈ വര്‍ഷം ജനുവരി 29ന് ആദ്യ പരാതി സിബിഐക്ക് നല്‍കി. 280 കോടി രൂപയുടെ തട്ടിപ്പിനെക്കുറിച്ചായിരുന്നു ഈ പരാതി. ജനുവരി 31ന് തന്നെ ഈ പരാതിയില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. പിന്നീട് നടന്ന അന്വേഷണങ്ങളാണ് തട്ടിപ്പിന്റെ വലിപ്പം 11400 കോടിയിലേറെയാക്കിയത്. ഇക്കാര്യം വ്യക്തമാക്കിയുള്ള ബാങ്കിന്റെ പ്രസ്താവന ഫെബ്രുവരി 14നാണ് പുറത്തുവന്നത്.

2011 മുതല്‍ ആരംഭിച്ച ഈ തട്ടിപ്പിനിടെ 150ലേറെ വ്യാജ എല്‍ഒയുകള്‍ ജീവനക്കാര്‍ നീരവ് മോദിയുടെ കമ്പനിക്കുവേണ്ടി പുറപ്പെടുവിച്ചുവെന്നാണ് കരുതപ്പെടുന്നത്. ഓരോ എല്‍ഒയുകളുടേയും കാലാവധി 90-180 ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിക്കും. ഇക്കാര്യം കൃത്യമായി ഓര്‍ത്തുവെച്ച് എല്‍ഒയുകളുടെ കാലാവധി നീട്ടിയിട്ടുണ്ടെന്ന് അതാത് ബാങ്കുകളെ അറിയിച്ചതും ഇതേ ജീവനക്കാരായിരുന്നു. തട്ടിപ്പുകാര്യത്തിലെ ഈ കൃത്യതമൂലമാണ് ഏഴ് വര്‍ഷത്തോളം നീണ്ടിട്ടും ഇത് പുറത്തുവരാതിരുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here