സിപിഐഎം സംസ്ഥാന സമ്മേളനം; പതാക ജാഥയ്ക്ക് ഇന്ന് തുടക്കം; ദീപശിഖാ പ്രയാണം തുടരുന്നു

തിരുവനന്തപുരം: സിപിഐഎം സംസ്ഥാന സമ്മേളന നഗറിലേക്കുള്ള ദീപശിഖാ പ്രയാണം കേരളത്തിന്റെ ഇരുദിക്കുകളില്‍നിന്നും രണസ്മരണകളുടെ ഊര്‍ജപ്രവാഹമാകുന്നു.

വടക്കന്‍ മേഖലാ ദീപശിഖാറാലിക്ക് വെള്ളിയാഴ്ച കാസര്‍കോട്ട് പൈവളിഗെ രക്തസാക്ഷി കുടീരത്തില്‍നിന്ന് തുടക്കമായി. പാര്‍ട്ടി കേന്ദ്രകമ്മിറ്റി അംഗം പി കരുണാകരന്‍ എംപി കൊളുത്തിയ ദീപശിഖ ജാഥാലീഡര്‍ ടിവി രാജേഷ് എംഎല്‍എ ഏറ്റുവാങ്ങി.

കാസര്‍കോട് ജില്ലയിലെ 26 ദീപശിഖാജാഥകള്‍ വൈകിട്ട് കാഞ്ഞങ്ങാട് കോട്ടച്ചേരിയില്‍ സമാപിച്ചു. 12 ദീപശിഖാജാഥകള്‍കൂടി ശനിയാഴ്ച ഇതിനൊപ്പം ചേരും. രാവിലെ ഒമ്പതിന് കോട്ടച്ചേരിയില്‍നിന്ന് രണ്ടാംദിവസത്തെ പ്രയാണം തുടങ്ങും. കരിവെള്ളൂരിലെത്തി കണ്ണൂരിലെ അത്‌ലറ്റുകള്‍ക്ക് ദീപശിഖകള്‍ കൈമാറും.

തെക്കന്‍ മേഖലാ ദീപശിഖാറാലി തലസ്ഥാന ജില്ലയിലെ പ്രയാണം പൂര്‍ത്തിയാക്കി കൊല്ലം ജില്ലയില്‍ പ്രവേശിച്ചു. സംസ്ഥാന കമ്മിറ്റിഅംഗം വി ശിവന്‍കുട്ടി ക്യാപ്റ്റനായ റാലി രണ്ടാംദിനം തിരുവനന്തപുരം ഗാന്ധിപ്പാര്‍ക്കില്‍നിന്ന് പ്രയാണം പുനഃരാരംഭിച്ചു.

ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ സംസാരിച്ചു. ജില്ലയിലെ 15 രക്തസാക്ഷി കുടീരങ്ങളില്‍നിന്നുള്ള ദീപശിഖാറാലികള്‍ കൂടി വെള്ളിയാഴ്ച വിവിധ കേന്ദ്രങ്ങളില്‍നിന്നെത്തി പ്രധാന റാലിയില്‍ ലയിച്ചു.

ജില്ലയിലെ 45 രക്തസാക്ഷികുടീരങ്ങളില്‍നിന്നുമുള്ള ദീപശിഖകളുമായുള്ള പ്രയാണത്തിന് വൈകിട്ട് ജില്ലാ അതിര്‍ത്തിയായ കടമ്പാട്ടുകോണത്ത് നാടാകെ സംഗമിച്ച് യാത്രയയപ്പ് നല്‍കി. തുടര്‍ന്ന് പാരിപ്പള്ളിയില്‍ കൊല്ലം ജില്ല വരവേറ്റു.

ജാഥാ ക്യാപ്റ്റനില്‍നിന്ന് ജില്ലാ സെക്രട്ടറി കെ എന്‍ ബാലഗോപാല്‍ ദീപശിഖ ഏറ്റുവാങ്ങി. തുടര്‍ന്ന് പാരിപ്പള്ളി ജംഗ്ഷനില്‍ യോഗം ചേര്‍ന്നു. ശനിയാഴ്ച ജില്ലയിലെ 22 സ്മൃതികുടീരങ്ങളില്‍ നിന്നുള്ള ദീപശിഖകള്‍ വിവിധ കേന്ദ്രങ്ങളില്‍ റാലിയില്‍ സംഗമിക്കും. വൈകിട്ട് ഓച്ചിറയില്‍ ചേരുന്ന പൊതുസമ്മേളനത്തിന് ശേഷം ദീപശിഖ പ്രയാണം ആലപ്പുഴ ജില്ലയിലേക്ക് പ്രവേശിക്കും.

സംസ്ഥാന സമ്മേളന നഗറില്‍ ഉയര്‍ത്താനുള്ള പതാക ശനിയാഴ്ച അനശ്വരരായ കയ്യൂര്‍ രക്തസാക്ഷികളുടെ സ്മാരകത്തില്‍നിന്ന് പ്രയാണമാരംഭിക്കും. പകല്‍ ഒന്നിന് കേന്ദ്രകമ്മിറ്റി അംഗം ഇപി ജയരാജന്‍ ഉദ്ഘാടനംചെയ്യും.

സംസ്ഥാന സെക്രട്ടറിയറ്റംഗം എംവി ഗോവിന്ദനാണ് ജാഥാലീഡര്‍. പതാക ചെറുവത്തൂര്‍ സ്‌റ്റേഷന്‍ റോഡ്, പടുവളം, കാലിക്കടവുവഴി കരിവെള്ളൂരിലെത്തിച്ച് കണ്ണൂര്‍ ജില്ലയ്ക്ക് കൈമാറും.

സംസ്ഥാന സെക്രട്ടറിയറ്റംഗം ആനത്തലവട്ടം ആനന്ദന്റെ നേതൃത്വത്തില്‍ വയലാറില്‍നിന്നും ഫെബ്രുവരി 19ന് തുടങ്ങുന്ന കൊടിമരജാഥ വിഎസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്യും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here