നീരവ് മോദി തട്ടിയെടുത്തത് 30,000 കോടി രൂപ; രാജ്യത്തെ ഏറ്റവും വലിയ ബാങ്കിംഗ് കുംഭകോണത്തിന് സഹായിച്ചത് മോദിയുടെ ഓഫീസ്; കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്

ദില്ലി: രാജ്യത്തെ ഞെട്ടിച്ച പഞ്ചാബ് നാഷണല്‍ ബാങ്ക് കുംഭകോണത്തില്‍ വജ്രവ്യവസായി നീരവ് മോദിയും കുടുംബാംഗങ്ങളും തട്ടിയത് 30,000 കോടിയോളം രൂപ. നീരവിന്റെ വിദേശബാങ്കിങ് ഇടപാടുകള്‍ പുറത്തുവരുന്നതോടെയാണ് തട്ടിപ്പിന്റെ വ്യാപ്തി വെളിപ്പെടുന്നത്.

നരേന്ദ്ര മോഡിയടക്കം ഉന്നതരുമായി ബന്ധം പുലര്‍ത്തിയ നീരവ് മോഡി ഇന്ത്യന്‍ ബാങ്കുകളില്‍നിന്ന് തട്ടിയ 11,500 കോടിയിലേറെ രൂപ വിദേശബാങ്കുകളില്‍ നിക്ഷേപിച്ച് വീണ്ടും വായ്പയെടുത്താണ് കള്ളക്കളി നടത്തിയത്. തട്ടിപ്പില്‍ മോദിസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്ന കൂടുതല്‍ തെളിവുകളും പുറത്തുവന്നു.

നീരവ് മോഡിയുടെ മാതൃസഹോദരന്‍ മെഹുല്‍ ചോസ്‌കിയുടെ ഗീതാഞ്ജലി ജെംസ് എന്ന കമ്പനിയുടെ തട്ടിപ്പുകളെക്കുറിച്ച് 2016ല്‍, തെളിവുകളോടെ പ്രധാനമന്ത്രിയുടെ ഓഫീസിന് പരാതി ലഭിച്ചിരുന്നതായി വെളിപ്പെട്ടു. ഇതില്‍ നടപടി ഇല്ലാതെ പോയതാണ് രാജ്യത്തെ ഏറ്റവും വലിയ ബാങ്കിങ് കുംഭകോണത്തിലേക്ക് വഴിവച്ചത്.

മെഹുല്‍ ചോസ്‌കിയെ ‘ചോസ്‌കി ഭായ്’ എന്ന് പ്രധാനമന്ത്രി നരേന്ദ്ര മോഡി വിശേഷിപ്പിക്കുന്ന വീഡിയോദൃശ്യം പുറത്തുവന്നു. നീരവ് മോഡിയുടെ കുടുംബവുമായി നരേന്ദ്ര മോഡിക്കുള്ള അടുത്തബന്ധം വെളിപ്പെടുത്തുന്ന തെളിവാണിത്.

മോദി ഔദ്യോഗിക വസതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ മെഹുല്‍ ചോസ്‌കി പങ്കെടുക്കുന്നതിന്റെ ദൃശ്യങ്ങളാണ് ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടല്‍ പുറത്തുവിട്ടത്.

2015 നവംബര്‍ അഞ്ചിന് നടന്ന പരിപാടിയില്‍ സംസാരിക്കുന്നതിനിടെയാണ് നരന്ദ്രമോഡി മെഹുല്‍ ചോസ്‌കിയുമായി ദീര്‍ഘകാല ബന്ധമുണ്ടെന്നമട്ടില്‍ പേരെടുത്തു പരാമര്‍ശിക്കുന്നത്. ദാവോസില്‍ സാമ്പത്തിക ഉച്ചകോടിക്കിടെ നീരവ് മോഡിയോടൊപ്പം ഫോട്ടോയെടുക്കാന്‍ നിന്നതിനെക്കുറിച്ചും രഹസ്യകൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ചും പ്രതികരിക്കാന്‍ മോദി ഇതുവരെ തയ്യാറായിട്ടില്ല.

ഗീതാഞ്ജലി ജെംസുമായി ഇടപാടുകള്‍ നടത്തിവന്ന എസ്‌വി ഹരിപ്രസാദ് എന്ന വ്യാപാരി കബളിപ്പിക്കലിന് ഇരയായതോടെയാണ് 2016 ജൂലൈ 26ന് പ്രധാനമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കിയത്. തുച്ഛമായ ഈടിന്റെ ബലത്തില്‍ 31 ബാങ്ക് ‘ഗീതാഞ്ജലി ജെംസി’ന് 9872 കോടി രൂപ വായ്പയായി നല്‍കിയെന്ന് ഹരിപ്രസാദ് പരാതിയില്‍ ചൂണ്ടിക്കാട്ടി.

നിലവില്‍ എസ്ബിഐ, ആക്‌സിസ് ബാങ്ക്, യൂണിയന്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, കനറാ ബാങ്ക്, ഐസിഐസിഐ, അലഹബാദ് ബാങ്ക് തുടങ്ങിയവയും തട്ടിപ്പിന് ഇരയായി.

നീരവ് മോഡിയെ കണ്ടെത്തുന്നതിലും കേന്ദ്ര സര്‍ക്കാര്‍ സംവിധാനങ്ങള്‍ ഒളിച്ചുകളി തുടരുകയാണ്. മോദിക്കാപ്പം വേദി പങ്കിട്ട നീരവ് മോഡി എവിടെയാണുള്ളതെന്ന ചോദ്യത്തിന്, അറിയില്ല എന്ന മറുപടിയാണ് വിദേശകാര്യമന്ത്രാലയ വക്താവ് നല്‍കിയത്.

ന്യൂയോര്‍ക്കിലെ ഹോട്ടലിലാണ് നീരവ് മോഡി തങ്ങുന്നതെന്ന് ദേശീയ രാജ്യാന്തര മാധ്യമങ്ങള്‍ കണ്ടെത്തി.പ്രതികളെ പിടികൂടാന്‍ സിബിഐ ഇന്റര്‍പോളിന്റെ സഹായം തേടിയിട്ടുണ്ടെങ്കിലും നിയമ നടപടികള്‍ നീണ്ടുപോകും. നീരവ് മോഡിയുടെ ഭാര്യ എമ്മിക്ക് അമേരിക്കന്‍ പൗരത്വമുണ്ട്. സഹോദരന്‍ നിഹാല്‍ ബെല്‍ജിയം പൗരനാണ്. ബെല്‍ജിയത്തില്‍ ജനിച്ച നീരവ് മോഡിക്ക് അവിടെ അഭയം തേടാന്‍ കഴിയും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here