നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഇന്ന് ഒരു വയസ്; മഞ്ജുവിന്റെ പരസ്യപ്രസ്താവന മുതല്‍ ദിലീപിന്റെ അറസ്റ്റ് വരെയുള്ള സംഭവങ്ങള്‍ ഇങ്ങനെ

കൊച്ചി: കേരളത്തെ ഞെട്ടിക്കുകയും മലയാള സിനിമയ്ക്ക് നാണക്കേടുണ്ടാക്കുകയും ചെയ്ത നടി ആക്രമിക്കപ്പെട്ട സംഭവത്തിന് ഇന്ന് ഒരു വര്‍ഷം തികയുന്നു.

കഴിഞ്ഞ ഫെബ്രുവരി 17നാണ് മലയാള സിനിമയിലെ മുന്‍നിര നായിക ക്രൂരമായി ആക്രമിക്കപ്പെടുന്നത്. കേസിലെ മുഴുവന്‍ പ്രതികളെയും ജയിലിലടച്ച സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിക്കുളള പൊന്‍തൂവല്‍ കൂടിയായിരുന്നു ഈ കേസ്.

ക!ഴിഞ്ഞ ഫെബ്രുവരി 17ന് രാത്രിയായിരുന്നു കേരളത്തെയാകെ ഞെട്ടിക്കുകയും മലയാള സിനിമാലോകത്തെ പ്രതിരോധത്തിലാക്കുകയും ചെയ്ത പ്രമാദമായ കേസുണ്ടായത്. മലയാളത്തിന്റെ മുന്‍നിര നായിക, ക്വട്ടേഷന്‍ സംഘത്താല്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു.

ദിവസങ്ങള്‍ക്കുളളില്‍ പള്‍സര്‍ സുനിയടക്കം പ്രധാന പ്രതികള്‍ പിടിയിലായെങ്കിലും കേസിന്റെ മുഖ്യസൂത്രധാരന്‍ സിനിമാമേഖലയില്‍ നിന്നു തന്നെയാണെന്ന് അന്വേഷണസംഘം കണ്ടെത്തിയതോടെ കേരള ജനതയാകെ ഞെട്ടി. കേസില്‍ ഗൂഢാലോചനയുണ്ടെന്ന് പരസ്യമായി ആദ്യം പറഞ്ഞത് നടി മഞ്ജുവാര്യരായിരുന്നു.

പിന്നീട് കേരളം കണ്ടത് ജനപ്രിയനായകന്‍ ദിലീപിന്റെ അറസ്റ്റും ജയില്‍വാസവുമായിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെ ഇച്ഛാശക്തിക്കുളള പൊന്‍തൂവല്‍ കൂടിയായിരുന്നു നടി ആക്രമിക്കപ്പെട്ട കേസ്. അന്വേഷണസംഘത്തിന് എല്ലാ പിന്തുണയും നല്‍കിയ സര്‍ക്കാര്‍ നിയമത്തിന് മുന്നില്‍ ആരും അതീതരല്ലെന്ന യാഥാര്‍ത്ഥ്യം വ്യക്തമാക്കി.

താര സംഘടന അമ്മ ഉള്‍പ്പെടെയുളള സിനിമാസംഘടനകള്‍ ദിലീപിനൊപ്പം ആദ്യം നിലകൊണ്ടതും പിന്നീട് സംഘടനകളില്‍ നിന്നെല്ലാം പുറത്താക്കിയതും ജനങ്ങള്‍ കണ്ടു. ആക്രമിക്കപ്പെട്ട നടിയേക്കാള്‍ പ്രതിയായ നടന് സിനിമാലോകം നല്‍കിയ പിന്തുണ സമൂഹത്തിന് മുന്നില്‍ മലയാള സിനിമാപ്രവര്‍ത്തകരുടെ പ്രതിച്ഛായയ്ക്കും മങ്ങലേല്‍പ്പിച്ചു.

മലയാള നടിമാരുടെ പുതിയ കൂട്ടായ്മയും രൂപപ്പെട്ടതോടെ മുന്‍പെങ്ങും ഉണ്ടാകാത്ത പ്രതിരോധത്തിലേക്ക് മലയാള സിനിമ നീങ്ങുകയും ചെയ്തു. കേസില്‍ ദിലീപിനെതിരേ സിനിമാരംഗത്ത് നിന്നും തന്നെ അന്വേഷണസംഘത്തിന് മൊഴികള്‍ ലഭിച്ചതോടെ അന്വേഷണം എല്ലാ പഴുതുകളും അടച്ച് കുറ്റപത്രവും സമര്‍പ്പിച്ചു.

സംഭവം നടന്ന് ഒരു വര്‍ഷം തികയുമ്പോള്‍ വിചാരണയ്ക്കായി ഇപ്പോള്‍ കേസ് എറണാകുളം സെഷന്‍സ് കോടതിയിലാണ്. കേസ് പരിഗണിക്കുന്നത് വനിതാ ജഡ്ജ് വേണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് ആക്രമിക്കപ്പെട്ട നടി.

ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപും വിചാരണ വേഗത്തിലാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷനും ഹൈക്കോടതിയെ സമീപിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here