കോഴിക്കോട്ട് നടക്കുന്ന 66 മത് ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പ് പ്രചരണത്തിന്റെ ഭാഗമായുളള ദീപശിഖാ പ്രയാണം വടകരയില്‍ നിന്ന് ആരംഭിച്ചു.

മുന്‍ ഇന്ത്യന്‍ വോളീബോള്‍ കോച്ച് എ അച്യുതക്കുറുപ്പിന്റെ സ്മൃതി മണ്ഡപത്തില്‍ നിന്ന് മകള്‍ ആരാധന കൊളുത്തിയ ദീപശിഖ. അര്‍ജുന അവാര്‍ഡ് ജേതാവും മുന്‍ രാജ്യാന്തര താരവുമായ കെ സി ഏലമ്മയുടെ നേതൃത്വത്തിലാണ് പ്രയാണം നടത്തുന്നത്.

കോഴിക്കോട്, കണ്ണൂര്‍, വയനാട്, മലപ്പുറം ജില്ലകളിലെ പര്യടനത്തിന് ശേഷം ഈ മാസം 20 ന് കോഴിക്കോട് സ്വപ്നനഗരിയില്‍ അവസാനിക്കും.അച്യുതക്കുറുപ്പിന്റെ വീട്ടില്‍ നടന്ന ചടങ്ങില്‍ മുല്ലപ്പളളി രാമചന്ദ്രന്‍ എം പി , സി കെ നാണു എം എല്‍ എ, ഏറാമല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസക്കരന്‍ തുടങ്ങിയവര്‍ പങ്കെടത്തു.

വെളളിക്കുളങ്ങരയായിരുന്നു ദീപശിഖാ പ്രയാണത്തിന്റെ ആദ്യ സ്വീകരണം. ഈ മാസം 21 മുതല്‍ 28 വരെ കോഴിക്കോടാണ് ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പിന് വേദിയാകുന്നത്.