ഇന്ന് നവോത്ഥാന നായകൻ പൊയ്കയിൽ ശ്രീ കുമാര ഗുരുദേവന്റെ 140-ാം ജന്മദിനം

പൊയ്കയിൽ ശ്രീ കുമാരഗുരുദേവന്റെ നൂറ്റിനാൽപ്പതാം ജന്മദിനമാണ് നാളെ. കേരള നവോത്ഥാനപ്രക്രിയയിൽ നിർണായക പങ്കുവഹിച്ച വ്യക്തിയാണ് അദ്ദേഹം. ശ്രീ കുമാരഗുരുദേവൻ (1878 ‐ 1938) കേരളീയ നവോത്ഥാന ചരിത്രത്തിലെ ധീര വിസ്മയസാന്നിധ്യമാണ്. സ്വയം ദൈവമെന്ന് പ്രഖ്യാപിച്ച് പിആർഡിഎസ് എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന ‘പ്രത്യക്ഷ രക്ഷാദൈവസഭ’യുടെ സ്ഥാപകൻ. ക്രിസ്തുമതവുമായി ചേർന്നുനിന്ന ‘പൊയ്കയിൽ യോഹന്നാൻ’ അപ്പനില്ലാത്തവരുടെ അപ്പനും കുമാരഗുരുദേവനുമായി മാറി.

‘ഹിന്ദുമതത്തിൻ പുറവഴിയേ നമ്മൾ
അനാഥരെന്നപോൽ സഞ്ചരിച്ചു
ക്രിസ്തുമതത്തിൻ പുറവഴിയേ നമ്മൾ
അനാഥരെന്നപോൽ സഞ്ചരിച്ചു
ഹിന്ദുമതത്തിലും ചേർത്തില്ലല്ലോ നമ്മെ
ക്രിസ്തുമതത്തിലും ചേർത്തില്ലല്ലോ നമ്മെ’

കുമാരഗുരുദേവൻ പാടിനടന്ന ഈ പാട്ടിൽ ദളിതർ ക്രിസ്തുമതത്തിൽ ചേർന്നിട്ടും ഹിന്ദുമതത്തിലായിരുന്നിട്ടും രക്ഷ കിട്ടിയില്ലെന്ന ദൈന്യത വിളിച്ചറിയിക്കുകയായിരുന്നു. പാട്ടുകൊണ്ട് സമരശക്തിയുണർത്തിയ ഒരാദ്യ പ്രക്ഷോഭപ്രതിഭയാണ് കുമാരഗുരു. കൊമരൻ, കുമാരൻ, യോഹന്നാൻ, പൊയ്കയിൽ ഉപദേശി അപ്പച്ചൻ തുടങ്ങി പന്ത്രണ്ടോളം പേരുകൾ അദ്ദേഹത്തിനുണ്ടായിരുന്നു.

1905മുതൽ തന്റെ പ്രസ്ഥാനത്തിനായി പ്രസംഗസഞ്ചാരം നടത്തി.
‘പ്രത്യക്ഷരക്ഷാസഭ’ പരസ്യമാക്കിയത് 1910ൽ കോടതി വിചാരണയ്ക്കിടയിലാണ്. ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമൻ ചാരൻ എന്ന മുദ്രകുത്തി തടവിലാക്കി. ‘സമാധാനം, സമാധാനം, ലോകത്തിന് സമാധാനം’ എന്ന സാമ്രാജ്യത്വവിരുദ്ധ പ്രചാരണം നടത്തിയതിനാണ് അറസ്റ്റും തടവും. കുമാര ഗുരുദേവന്റെ നേതൃത്വത്തിൽ നടന്ന ‘മാരങ്കുളം സമാധാനജാഥ’ കേരളത്തിൽ നടന്ന ആദ്യത്തെ സാർവദേശീയമാനമുള്ള സാമ്രാജ്യത്വവിരുദ്ധ പ്രതികരണങ്ങളിലൊന്നാണ്.
ഇ എം എസ് മുന്നോട്ടുവയ്ക്കുന്ന ‘ജാതിവിരുദ്ധവും മതനിരപേക്ഷവുമായ കേരളം’ എന്ന ആശയം യാഥാർഥ്യമാക്കാൻ മുഖ്യപങ്കുവഹിച്ചവരിൽ ശ്രദ്ധേയനാണ് അദ്ദേഹം.

കേരളത്തിലെ നവോത്ഥാനപ്രസ്ഥാനം നിരവധി ധാരകളുടെ കൂടിച്ചേരലാണ്. ഓരോ സമുദായത്തിനുമുള്ളിൽ നിലനിന്ന അനാചാരങ്ങൾക്കും വിവേചനങ്ങൾക്കും എതിരെയും വിവിധ സമുദായങ്ങൾതമ്മിൽ നിലനിന്ന വിവേചനങ്ങൾക്കെതിരെയും നടന്ന പരിഷ്കരണശ്രമങ്ങൾ ചേർന്നതാണ് നവോത്ഥാനപ്രസ്ഥാനം. പലപ്പോഴും കേരളത്തിന്റെ നവോത്ഥാനചരിത്രം ഹിന്ദുമതത്തിനുള്ളിലെ സമുദായപരിഷ്കരണശ്രമങ്ങളിൽമാത്രം ഒതുങ്ങുന്ന വിധത്തിലാണ് എഴുതപ്പെട്ടിരിക്കുന്നത്.

വൈകുണ്ഠസ്വാമികൾ, ശ്രീനാരായണഗുരു, അയ്യൻകാളി, ചട്ടമ്പിസ്വാമികൾ, വി ടി ഭട്ടതിരിപ്പാട് തുടങ്ങിയ നവോത്ഥാനനായകരെക്കുറിച്ചാണ് നവോത്ഥാന ചരിത്രകാരന്മാർ കൂടുതൽ വാചാലരാകുന്നത്. ഇതര മതങ്ങൾക്കുള്ളിലെ വിവേചനങ്ങൾക്കെതിരെ പോരാടിയവരുടെ പേരുകൾ വിരളമായേ ചരിത്രരേഖകളിൽ കാണുന്നുള്ളൂ. അർഹിക്കുന്ന അംഗീകാരം ചരിത്രരേഖകളിൽ ലഭിക്കാതെപോയവരും ആധുനിക കേരളത്തിന്റെ രൂപീകരണത്തിന് വലിയ സംഭാവന നൽകിയവരുമായ നവോത്ഥാന നായകരിൽ ശ്രീ കുമാരഗുരുദേവനുമുൾപ്പെടുന്നു.

തിരുവല്ലയ്ക്ക് അടുത്ത് ഇരവിപേരൂർ ഗ്രാമത്തിൽ പറയസമുദായത്തിലാണ് 1878 കുംഭം അഞ്ചിന് കുമാരൻ ജനിച്ചത്. ക്രിസ്ത്യൻ ജന്മിമാരായ ശങ്കരമംഗലം കുടുംബക്കാരുടെ അടിമപ്പണിക്കാരായിരുന്നു കുമാരന്റെ മാതാപിതാക്കൾ. കടുത്ത ജാതിവിവേചനം നിലനിന്ന കാലമാണല്ലോ അത്. ക്രിസ്തുമതത്തിലേക്കുള്ള പരിവർത്തനശ്രമങ്ങൾ കേരളത്തിൽ വിജയിച്ചതിന് ഒരു കാരണം ഈ ജാതിവിവേചനമായിരുന്നു. അടിമപ്പണി സഹിക്കാനാകാതെ കൗമാരകാലത്തുതന്നെ മാർത്തോമാസഭയിൽ ചേർന്ന കുമാരൻ, യോഹന്നാൻ എന്ന പേര് സ്വീകരിച്ചു. ഉപദേശിമാരുടെ പ്രസംഗങ്ങളിൽ ആകൃഷ്ടനായ യോഹന്നാൻ പിന്നീട് പ്രഭാഷകനും മതപ്രചാരകനുമായി മാറി.

കുട്ടിക്കാലത്തുതന്നെ കുമാരൻ അയിത്തത്തെയും അന്ധവിശ്വാസത്തെയും ചോദ്യംചെയ്തു. മന്ത്രവാദത്തിനുവന്ന മടവതിയുടെ ശംഖും മണിയും കുറ്റിക്കാട്ടിൽ എറിഞ്ഞതും അടിയാളർക്ക് ഭക്ഷണം നൽകിയിരുന്ന പട്ടപ്പാള എറിഞ്ഞുടച്ചതും കുട്ടിക്കാലത്തെ സംഭവങ്ങളാണ്. ജാതിക്കെതിരെ ശക്തമായ പ്രസംഗങ്ങൾ നടത്തി ദളിതരെ ബോധവൽക്കരിക്കാനും അവകാശബോധമുള്ളവരാക്കിമാറ്റാനും ശ്രമിച്ചു. സ്കൂളുകളും തൊഴിൽകേന്ദ്രങ്ങളും സ്ഥാപിച്ച്് വിദ്യാഭ്യാസത്തിനും സ്വതന്ത്രമായ തൊഴിലിനുമുള്ള അവസരം സൃഷ്ടിക്കാൻ ശ്രമിച്ചു.

ഹിന്ദുമതത്തിനുള്ളിലെ ജാതികൾക്കും ഉപജാതികൾക്കുമുള്ളിൽ തുടർന്നുവന്ന ഉച്ചനീചത്വങ്ങൾകാരണം മതപരിവർത്തനത്തിന് തയ്യാറായ ‘അധഃസ്ഥിത’ർക്ക് ക്രിസ്തുമതത്തിനുള്ളിലും വിവേചനം അനുഭവിക്കേണ്ടിവന്നു. സവർണാവർണവിവേചനം മാർത്തോമാസഭയ്ക്കുള്ളിലും നിലനിൽക്കുന്നത് യോഹന്നാൻ തിരിച്ചറിഞ്ഞു. സമൂഹത്തിൽ നിലനിന്ന ജാതിവിവേചനത്തിന്റെയും തൊട്ടുകൂടായ്മയുടെയും പ്രശ്നങ്ങൾ അദ്ദേഹത്തെ അസ്വസ്ഥനാക്കി. പുലയ‐പറയ സമുദായങ്ങളിൽനിന്ന് ക്രിസ്തുമതത്തിലേക്ക് പരിവർത്തനംചെയ്യപ്പെട്ടവർ ദളിതക്രിസ്ത്യാനികളായി അറിയപ്പെട്ടതും അവർക്ക് സവർണപള്ളികളിൽ പ്രവേശനം നിഷേധിക്കപ്പെട്ടതും ദളിതർക്കായി പ്രത്യേകം പള്ളികൾ സ്ഥാപിക്കപ്പെട്ടതും യോഹന്നാനെ അലട്ടി.

വിവേചനങ്ങൾക്കെതിരെ സാമൂഹ്യപരിഷ്കരണശ്രമങ്ങളിൽ ഏർപ്പെടാൻ അദ്ദേഹം തീരുമാനിക്കുന്നത് ഈ പശ്ചാത്തലത്തിലാണ്. ക്രിസ്തുമതത്തിനുള്ളിലെ സവർണ‐അവർണവിവേചനം ഇല്ലാതാക്കാൻ ദളിതക്രൈസ്തവരും സവർണക്രൈസ്തവരും തമ്മിലുള്ള വിവാഹം പ്രോത്സാഹിപ്പിക്കാൻ അദ്ദേഹം ശ്രമിച്ചു. തന്റെ പരിഷ്കരണശ്രമങ്ങൾ മാർത്തോമാസഭയ്ക്കുള്ളിൽ മാറ്റം സൃഷ്ടിക്കുന്നില്ലെന്നു മനസ്സിലാക്കിയ യോഹന്നാൻ ബ്രദറൻസഭയിൽ ചേർന്നു. എന്നാൽ, അവിടെയും വിവേചനങ്ങൾ കണ്ട യോഹന്നാൻ സ്വന്തമായി മറ്റൊരു സഭയ്ക്ക് രൂപംനൽകി. അതാണ് 1910ൽ രൂപീകരിച്ച പ്രത്യക്ഷരക്ഷാദൈവസഭ (പിആർ ഡിഎസ്).

ജാതിവിവേചനങ്ങൾക്കും അനാചാരങ്ങൾക്കുമെതിരെ നടന്ന പ്രക്ഷോഭങ്ങൾ സാമ്രാജ്യത്വവിരുദ്ധ കലാപങ്ങളായി വികസിച്ചുവെന്നതാണ് കേരള നവോത്ഥാനത്തിന്റെ സവിശേഷത. സമുദായനവീകരണത്തിൽനിന്ന് സാമൂഹ്യപരിഷ്കരണത്തിലേക്കും തുടർന്ന് വർഗസമരത്തിലേക്കുമുള്ള വികാസമാണ് കേരളസമൂഹത്തെ ആധുനികവൽക്കരിച്ചത്. കേരളത്തിൽ തൊഴിലാളികളും കർഷകരും നടത്തിയ പോരാട്ടത്തിലൂടെ രൂപപ്പെട്ട പൊതുജനാധിപത്യബോധമാണ് കേരളസമൂഹത്തെ മാറ്റിത്തീർത്തത്. വർഗപരമായ സമീപനത്തിനുപകരം വർഗീയവും ജാതീയവുമായ ബോധത്തിലൂടെ പൊതുജനാധിപത്യബോധത്തെ തകർക്കാനാണ് സംഘപരിവാറും കോൺഗ്രസും ശ്രമിക്കുന്നത്. അതിന് നവോത്ഥാന നായകരെയും അവർ രൂപംകൊടുത്ത സംഘടനകളെയും വ്യാപകമായി ദുരുപയോഗിക്കുന്നുണ്ട്.

ആധുനിക കേരളസൃഷ്ടിക്കു കാരണമായ സംയുക്തരാഷ്ട്രീയസഭയും നിവർത്തനപ്രക്ഷോഭവും അയിത്തവിരുദ്ധപോരാട്ടങ്ങളും ക്ഷേത്രപ്രവേശനസമരങ്ങളും കർഷകത്തൊഴിലാളിപ്രക്ഷോഭങ്ങളും മറ്റും രൂപപ്പെടുന്നതിനും വിജയിക്കുന്നതിനും പശ്ചാത്തലമൊരുക്കുന്നതിൽ പൊയ്കയിൽ കുമാരഗുരുദേവന്റെ പ്രവർത്തനങ്ങൾ നിർണായകപങ്കുവഹിച്ചു.

താനടക്കമുള്ള സമുദായങ്ങൾ അനുഭവിക്കേണ്ടിവന്ന ക്രൂരമായ വിവേചനങ്ങൾ അവസാനിപ്പിക്കുക എന്ന ലക്ഷ്യത്തിൽമാത്രം ഒതുങ്ങുകയായിരുന്നില്ല കുമാരഗുരുദേവൻ. സ്ത്രീകൾ തലച്ചുമടേന്തി നടത്തിയിരുന്ന പുല്ലുകച്ചവടം അവസാനിപ്പിക്കുക, ചന്തയിൽ പ്രവേശിക്കുന്നതിൽ ദളിതർക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് അവസാനിപ്പിക്കുക എന്നീ ലക്ഷ്യത്തോടെയുള്ള പ്രക്ഷോഭങ്ങൾക്കും ആരാധനാലയങ്ങൾ സ്ഥാപിക്കുക, തോട്ടംതൊഴിലാളികളെ സംഘടിപ്പിക്കുക, വനഭൂമി വെട്ടിത്തെളിച്ച് കൃഷിചെയ്യുക തുടങ്ങിയ പ്രവർത്തനങ്ങൾക്കും യോഹന്നാൻ നേതൃത്വംനൽകി. ഒന്നാംലോകമഹായുദ്ധകാലത്ത് ആയിരക്കണക്കിന് ദളിതരെ പങ്കെടുപ്പിച്ച് സമാധാനജാഥ സംഘടിപ്പിച്ചു. ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ മുതലപ്ര എന്ന സ്ഥലത്ത് അദ്ദേഹം നടത്തിയ പ്രസംഗം സാമ്രാജ്യത്വാധിനിവേശത്തിനെതിരായ നിലപാട് വ്യക്തമാക്കുന്നു. “കടൽകടന്നുവന്നവന്റെ വള്ളവും ചരക്കും വന്നപോലെ തിരിച്ചുപോകും” എന്നാണ് യോഹന്നാൻ പ്രസംഗിച്ചത്. പ്രസംഗത്തെത്തുടർന്ന് പൊലീസ് അറസ്റ്റ്ചെയ്യാനെത്തുകയുണ്ടായി.

ഇവിടെ ഒരു കാര്യം വ്യക്തമാകുകയാണ്. മറ്റുപല നവോത്ഥാനനായകരെയും പോലെതന്നെ സ്വന്തം സമുദായത്തെ അടിമത്തത്തിൽനിന്ന് മോചിപ്പിക്കുക മാത്രമായിരുന്നില്ല പൊയ്കയിൽ യോഹന്നാന്റെ ലക്ഷ്യം. മാനവികതയിലേക്ക് വികസിക്കുന്നതാണ് അദ്ദേഹത്തിന്റെ നവോത്ഥാന കാഴ്ചപ്പാട്. അതിന്റെ ഭാഗമായി സമൂഹത്തെയാകെ ചൂഷണമുക്തമാക്കാനും രാജ്യത്തെ വിദേശാധിപത്യത്തിൽനിന്ന് സ്വതന്ത്രമാക്കാനും അദ്ദേഹം ശ്രമിച്ചു.

‘ജാതീയമർദനത്തിന്റെയും വിവേചനത്തിന്റെയും പ്രശ്നം സുദീർഘചരിത്രമുള്ളതും പ്രാകൃതമുതലാളിത്ത സാമൂഹ്യവ്യവസ്ഥയിൽ രൂഢമൂലവുമാണ്. മുതലാളിത്തവികാസത്തിന്റെ കീഴിലുള്ള സമൂഹം നിലവിലുള്ള ജാതിവ്യവസ്ഥയുമായി സന്ധിചെയ്യുകയായിരുന്നു. ഇന്ത്യൻ ബൂർഷ്വാസിതന്നെയും ജാതിവിദ്വേഷങ്ങൾക്ക് വളംവച്ചുകൊടുക്കുന്നു. ദളിത്ജനതയിൽ മഹാഭൂരിപക്ഷവും അധ്വാനിക്കുന്ന വർഗങ്ങളുടെ ഭാഗമാണെന്നതിനാൽ ദളിത് പീഡനത്തിനും ജാതിവ്യവസ്ഥയ്ക്കുമെതിരായ ഐക്യം തൊഴിലാളിവർഗ ഐക്യത്തിനുള്ള മുന്നുപാധിയാണ്. ജനാധിപത്യവിപ്ലവത്തിന്റെ സുപ്രധാന ഭാഗമാണ് ജാതിവ്യവസ്ഥയ്ക്ക് അറുതിവരുത്താനുള്ള പോരാട്ടം. വർഗപരമായ ചൂഷണത്തിനെതിരായ സമരവുമായി ബന്ധപ്പെട്ടതാണ് ജാതീയ അടിച്ചമർത്തലിനെതിരായ പോരാട്ടം” (പാർടി പരിപാടി 5.12). കേരളത്തിലെ ജാതിവിരുദ്ധസമരങ്ങളോടുള്ള സിപിഐ എമ്മിന്റെ സമീപനം ഇതാണ്.

രൂപീകരിച്ചകാലംമുതൽ കമ്യൂണിസ്റ്റ് പാർടി കേരളത്തിലെ ജാതിവിരുദ്ധപോരാട്ടങ്ങളിൽ നേതൃത്വം വഹിച്ചിട്ടുണ്ട്. ഗുരുവായൂർ സത്യഗ്രഹത്തിൽ കമ്യൂണിസ്റ്റ് പാർടി നേതാക്കളായ സ. പി കൃഷ്ണപിള്ളയും സ. എ കെ ജി യും സജീവമായിരുന്നു. പാലിയം സത്യഗ്രഹത്തിന് നേതൃത്വംനൽകിയത് കമ്യൂണിസ്റ്റ് പാർടിയാണ്. ജാതീയവിവേചനങ്ങൾക്കെതിരെ ബഹുജനങ്ങളെ അണിനിരത്താൻ എക്കാലത്തും കമ്യൂണിസ്റ്റ് പാർടി ശ്രമിച്ചിട്ടുണ്ട്. അതേസമയം, അത്തരം സമരങ്ങൾ ശക്തിപ്പെടുത്തുന്നതോടൊപ്പംതന്നെ ജാതിക്കും സമുദായത്തിനും അതീതമായി തൊഴിലാളികളുടെയും കൃഷിക്കാരുടെയും വർഗസംഘടനകൾ വളർത്താനും പാർടി ശ്രദ്ധിച്ചു. സാമൂഹ്യപരിഷ്കരണപ്രസ്ഥാനങ്ങളുടെ കാഴ്ചപ്പാടുകൾ കേരളത്തിൽ മുന്നോട്ടുകൊണ്ടുപോയത് കമ്യൂണിസ്റ്റ് പാർടിയാണ്. എല്ലാ ജാതിയിലും മതത്തിലും തൊഴിലാളിയും മുതലാളിയുമുണ്ട്. ഈ യാഥാർഥ്യം കാണാതെ ജാതീയമായ ഉച്ചനീചത്വങ്ങൾക്കെതിരെമാത്രം പോരാടുന്നതുകൊണ്ട് ജാതിവിവേചനം പൂർണമായി ഇല്ലാതാക്കാൻ കഴിയില്ല. സമഗ്രമായ സാമൂഹ്യപരിവർത്തനത്തിലൂടെമാത്രമേ അത് സാധ്യമാകൂ. എന്നാൽ, ഈ പരിവർത്തനത്തിന് തടസ്സം നിൽക്കുകയും അതിനായി ജാതിസംഘടനകളെ സ്വത്വരാഷ്ട്രീയപരമായി സംഘടിപ്പിക്കുകയുംചെയ്യുകയാണ് കോൺഗ്രസും സംഘപരിവാറും ചെയ്യുന്നത്.

കേരളസമൂഹത്തിന്റെ ചരിത്രയാഥാർഥ്യങ്ങളെയാകെ നിരാകരിച്ച്് ന്യൂനപക്ഷങ്ങളുടെയും ദളിതരുടെയും സ്വത്വബോധത്തെത്തന്നെ ചൂഷണംചെയ്യുന്ന നിലപാടാണത്. വർഗഐക്യത്തെ ശിഥിലീകരിക്കുകയാണ് ലക്ഷ്യം. അത് ആത്യന്തികമായി മുതലാളിത്തത്തിന് നേട്ടമുണ്ടാക്കിക്കൊടുക്കുന്ന പ്രവണതയാണ്. ജാതീയമായ ഉച്ചനീചത്വങ്ങൾ നിലനിർത്തി സവർണമേധാവിത്തം ഉറപ്പിക്കുകയെന്നത് സംഘപരിവാറിന്റെ ലക്ഷ്യമാണ്. സമഗ്രമായ സാമൂഹ്യപരിവർത്തനം മുതലാളിത്തത്തെ തകർക്കുമെന്നതിനാൽ കോൺഗ്രസും ജാതീയമായ സ്വത്വരാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുകയാണ്. ജാതീയമായ പ്രശ്നങ്ങൾ പരിഹരിക്കുന്നതോടൊപ്പം ജാത്യതീതമായി തൊഴിലാളിവർഗത്തെ സംഘടിപ്പിക്കുന്നതിന് സിപിഐ എം നടത്തുന്ന ശ്രമങ്ങളെ സംഘപരിവാറും കോൺഗ്രസും ഒരുപോലെ എതിർക്കുന്നത് ഈ പശ്ചാത്തലത്തിലാണ്.

കേരളനവോത്ഥാനത്തിന്റെ സവിശേഷത ജാതിക്കും മതത്തിനും അതീതമായി മാനവികത ഉയർത്തിപ്പിടിച്ചു എന്നതാണ്. ഈ കാഴ്ചപ്പാടിനെ രാഷ്ട്രീയ‐സാമ്പത്തികമേഖലയിലെ സമരങ്ങളുമായി കണ്ണിചേർത്തതാണ് കേരളസമൂഹത്തിന്റെ അഭിമാനകരമായ മാറ്റത്തിനുകാരണം. അതിന് നേതൃത്വംനൽകിയ കമ്യൂണിസ്റ്റ് പാർടിക്ക് ശക്തമായ അടിത്തറയൊരുക്കുന്നതിൽ പൊയ്കയിൽ ശ്രീകുമാരഗുരുദേവൻ ഉൾപ്പെടെയുള്ള നവോത്ഥാന നായകരുടെ പങ്ക് നിർണായകമാണ്. അദ്ദേഹം നടത്തിയ ധീരമായ ജാതിമേധാവിത്തവിരുദ്ധ പോരാട്ടങ്ങളെയും സാമ്രാജ്യത്വവിരുദ്ധനിലപാടുകളെയും വർഗസമരവുമായി ഇണക്കിച്ചേർത്ത് വർഗസമരം ശക്തിപ്പെടുത്തുകയാണ് ഇന്ന് നിർവഹിക്കേണ്ട കടമ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News