പിഎന്‍ബി തട്ടിപ്പ്; ധനകാര്യമന്ത്രാലയം വിശദീകരണം നല്‍കണമെന്ന് വിജിലന്‍സ്; നരേന്ദ്രമോദി മൗനം വെടിയാത്തതെന്ത് കൊണ്ടെന്ന ചോദ്യവുമായി പ്രതിപക്ഷം

പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പ് കേസില്‍ കേന്ദ്ര വിജിലന്‍സ് ഇടപെടുന്നു. ധനകാര്യമന്ത്രാലയത്തോട് വിജിലന്‍സ് കമ്മീഷന്‍ വിശദീകരണം തേടി. ബഞ്ചാബ് ബാങ്ക് ഉദ്യോഗസ്ഥരോടും ഹാജരാകാന്‍ കമ്മീഷന്‍ നിര്‍ദേശം നല്‍കി. അതേ സമയം തട്ടിപ്പ് നടന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്തെന്ന വാദവുമായി ബിജെപി വീണ്ടും രംഗത്തെത്തി.

നീരവ് മോദിയും, മെഹുല്‍ ചൗക്‌സിയും കൂടുതല്‍ തട്ടിപ്പും നടത്തിയത് ബിജെപി സര്‍ക്കാരിന്റെ കാലത്താണെന്ന് സിബിഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. 2017-18 കാലയളവില്‍ 6498കോടി രൂപ ഇരുവരും വായപ എടുത്തെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു.

പ്രധാനമന്ത്രി മോദി ഉത്തരം പറയണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി. നീരവ് മോദി പ്രധാനമന്ത്രിയുടെ അടുത്ത ആളാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കബില്‍ സിബലും ആരോപിച്ചു. ഇതിന് പിന്നാലെയാണ് തട്ടിപ്പ് നടന്നത് യുപിഎ സര്‍ക്കാരിന്റെ കാലത്തെണെന്ന വാദവുമായി ബിജെപി വീണ്ടും രംഗത്തെത്തിയത്.

തട്ടിപ്പ് നടന്നത് 2011ല്‍ ആണെന്നും, കോണ്‍ഗ്രസ് ജനങ്ങളെ തെറ്റിധരിപ്പിക്കുകയാണെന്നും കേന്ദ്ര പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ വാദിച്ചു.അതേ സമയം സിബിഐ റിപ്പോര്‍ട്ടിനെ കുറിച്ച് പ്രതികരിക്കാന്‍ തയ്യാറായില്ല.

നീരവ് മോദിയുടെ സ്ഥാപനങ്ങളില്‍ പരിശോധന തുടരുന്നതിനിടെ കേന്ദ്ര വിജിലന്‍സും കേസില്‍ ഇടപെട്ടു. ധനകാര്യ മന്ത്രാലയത്തോട് വിശദീകരണം തേടിയ കമ്മീഷന്‍ ധനകാര്യ മന്ത്രാലയ ഉദ്യോഗസ്ഥരോടും, പഞ്ചാബ് നാഷണല്‍ ബാങ്ക് സിഇഒ, ചെയര്‍മാര്‍ എന്നിവരോടും ഹാജരാകാന്‍ നിര്‍ദേശം നല്‍കി.

തിങ്കളാഴ്ച കമ്മീഷന് മുന്നെ ഹാജരാകാനാണ് നിര്‍ദേശം. പഞ്ചാബ് നാഷണല്‍ ബാങ്ക് മുന്‍ ഡെപ്യൂട്ടി മാനേജര്‍ ഗോകുല്‍നാഥ് ഷെട്ടിയെയും രണ്ട് ജീവനക്കാരെയും സിബിഐ അറസ്റ്റ് ചെയ്തിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News