തമി‍ഴകത്തെ രാഷ്ട്രീയ ഉപജാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും അയാള്‍ തന്നെ; മുന്‍ മുഖ്യമന്ത്രി പനീര്‍ ശെല്‍വത്തിന്‍റെ വെളിപ്പെടുത്തല്‍ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോളിളക്കമുണ്ടാക്കുന്നു

തമിഴകത്തെ രാഷ്ട്രീയ ഉപജാപങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും നരേന്ദ്രമോദി തന്നെയെന്ന് വെളിപ്പെടുത്തൽ. ഒ പനീര്‍ശെല്‍വം തന്നെയാണ് വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

എടപ്പാടി പളനി സ്വാമി വിഭാഗവുമായി സഹകരിക്കാനുള്ള കാര്യം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിര്‍ദ്ദേശം ആയിരുന്നു എന്നാണ് ഒ പനീര്‍ശെല്‍വം ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. തമിഴ് രാഷ്ട്രീയത്തില്‍ കൂടുതല്‍ പൊട്ടിത്തെറികള്‍ക്ക് വളം വക്കുന്നതാണ് പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍.

ശശികലയുമായുള്ള അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവച്ച് രാഷ്ട്രീയ പ്രവര്‍ത്തനം തുടരാനായിരുന്നു തന്റെ പദ്ധതി എന്നാണ് പനീര്‍ശെല്‍വം പറയുന്നത്.

എന്നാല്‍ പളനി സ്വാമിയുമായി സഹകരിച്ച് മന്ത്രിസഭയില്‍ തുടരാന്‍ നിര്‍ദ്ദേശിച്ചത് നരേന്ദ്ര മോദി ആയിരുന്നത്രെ. തുടര്‍ന്നാണ് പനീര്‍ശെല്‍വം തമിഴ്‌നാട് ഉപമുഖ്യമന്ത്രി ആകുന്നത്

ജയലളിതക്ക് ശേഷം എഐഎഡിഎംകെയില്‍ ശക്തമായ നേതൃത്വം ഉണ്ടാകാതിരിക്കുക എന്നത് ബിജെപിയുടെ ആവശ്യം ആയിരുന്നു. തമിഴ് രാഷ്ട്രീയത്തില്‍ ഇതുവരെ ഒരു സ്വാധീനവും ചെലുത്താന്‍ പറ്റാതെ പോയ ബിജെപിക്ക് എഐഎഡിഎംകെ വഴിയല്ലാത കാലുറപ്പിക്കാന്‍ പറ്റില്ല എന്നതും വ്യക്തമായിരുന്നു.

എന്നാല്‍ ശശികല പാര്‍ട്ടിയിലെ സര്‍വ്വാധികാരി ആയാല്‍ കാര്യങ്ങള്‍ ബിജെപിക്ക് എളുപ്പമാകില്ലെന്ന് ഉറപ്പായിരുന്നു. ജയലളിതയെ പോലെ അല്ലെങ്കിലും, ശക്തയായ നേതാവ് തന്നെ ആയിരുന്നു ശശികല. ജയലളിതയുടെ സന്തത സഹചാരി ആയിരുന്നതിനാല്‍ അത്തരം ഒരു സ്വാധീനവും ശശികലയ്ക്ക് ഉണ്ടായിരുന്നു.

പനീര്‍ശെല്‍വം രാജിവച്ച് ഒഴിഞ്ഞതോടെയാണ് എഐഎഡിഎംകെ പൊട്ടിത്തെറിയിലേക്ക് നീങ്ങിയത്. ശശികല മുഖ്യമന്ത്രി സ്ഥാനം കൊതിച്ച് എആര്‍ നഗറില്‍ മത്സരിക്കാന്‍ തീരുമാനിച്ചിരിക്കുകയായിരുന്നു. എന്നാല്‍ അതെല്ലാം തകര്‍ത്തെറിഞ്ഞായിരുന്നു അനധികൃത്ത സ്വത്ത് സമ്പാദന കേസിലെ വിധി പുറത്ത് വന്നത്.

ഏറെ നിര്‍ണായകമായ സംഭവം ആയിരുന്നു പളനി സ്വാമി പക്ഷവും ഒപിഎസ് പക്ഷവും തമ്മിലുള്ള ലയനം. കുറേയേറെ ചര്‍ച്ചകള്‍ക്ക് ശേഷം ആണ് ഉപമുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്ത് ഇപിഎസ്സിനൊപ്പം നില്‍ക്കാന്‍ ഒപിഎസ് തീരുമാനിച്ചത്. രണ്ട് പക്ഷത്തേയും ബിജെപി ശക്തമായി സ്വാധീനിച്ചിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍.

തമിഴ്‌നാട്ടില്‍ എഐഎഡിഎംകെയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെട്ടിട്ടേ ഇല്ലെന്ന് പറഞ്ഞവരായിരുന്നു ബിജപിക്കാര്‍. എന്നാല്‍ ആ വാദമെല്ലാം ഇപ്പോള്‍ പൊളിഞ്ഞിരിക്കുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here