ഈ അവാര്‍ഡ് എല്ലാവരും കാണുന്ന രീതിയില്‍ വയ്ക്കുമെന്ന് ഫഹദ്; താരനിശാ അവാര്‍ഡുകളെ പൊളിച്ചെഴുതി സിപിസി

സിനിമാ അവാര്‍ഡുകളുടെ പതിവ് നിര്‍ണയ രീതികളെയും പ്രഖ്യാപനങ്ങളെയും അപ്രസക്തമാക്കി സോഷ്യല്‍ മീഡിയയിലെ ചലച്ചിത്രകൂട്ടായ്മയായ സിനിമാ പാരഡീസോ ക്ലബ്ബ് സിനി അവാര്‍ഡ് വിതരണം ചെയ്തു.

ലോക സിനിമയ്ക്ക് മുന്നില്‍ മലയാളത്തിന് എക്കാലവും ഉയര്‍ത്തിക്കാട്ടാനാകുന്ന സംവിധായകരില്‍ ഒന്നാം നിരയിലുള്ള കെജി ജോര്‍ജ്ജിന് കലൂര്‍ ഐഎംഎ ഹാളില്‍ നടന്ന നടന്ന ചടങ്ങില്‍ സിപിസി സ്‌പെഷ്യല്‍ ഹോണററി അവാര്‍ഡ് സമ്മാനിച്ചു. രണ്ട് തലമുറയിലെ സംവിധായകരും ചലച്ചിത്ര പ്രതിഭകളും ചേര്‍ന്നാണ് പുരസ്‌കാരം കെജി ജോര്‍ജ്ജിന് സമ്മാനിച്ചത്.

മുതിര്‍ന്ന സംവിധായകരായ കമല്‍, സിബി മലയില്‍, സത്യന്‍ അന്തിക്കാട്, പുതുതലമുറയില്‍ നിന്നുള്ള ലിജോ പെല്ലിശേരി, ദിലീഷ് പോത്തന്‍, മിഥുന്‍ മാനുവല്‍ തോമസ്, ശ്രീബാല കെ മേനോന്‍, ബേസില്‍ ജോസഫ്, സുനില്‍ ഇബ്രാഹിം തുടങ്ങിയവര്‍ ചേര്‍ന്നാണ് പൊന്നാടയണിയിച്ച് കെ ജി ജോര്‍ജ്ജിന് പുരസ്‌കാരം സമര്‍പ്പിച്ചത്. വൈകാരികമായ നന്ദി പ്രകടനത്തിനൊപ്പമാണ് കെ ജി ജോര്‍ജ്ജ് പുരസ്‌കാരം സ്വീകരിച്ചത്.

മികച്ച നടനുള്ള പുരസ്‌കാരം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന ചിത്രത്തിലെ പ്രകടനത്തിന് ഫഹദ് ഫാസിലും അഭിനേത്രിക്കുള്ള അവാര്‍ഡ് പാര്‍വതിക്കും സമ്മാനിച്ചു. വിദേശത്ത് ചിത്രീകരണത്തിനായതിനാല്‍ വീഡിയോ സന്ദേശത്തിലൂടെ പാര്‍വതി പുരസ്‌കാരം സ്വീകരിക്കുന്നതായി അറിയിച്ചു.

ഒരു അവാര്‍ഡും ഇല്ലാത്ത എന്റെ വീട്ടില്‍ സിപിസി പുരസ്‌കാരം എല്ലാവരും കാണുന്ന രീതിയില്‍ വയ്ക്കുമെന്ന് ഫഹദ് പുരസ്‌കാരം സ്വീകരിച്ചുകൊണ്ട് പറഞ്ഞു. ഇന്ത്യയിലെ ഏറ്റവും സത്യസന്ധമായ പുരസ്‌കാരമാണ് ഇതെന്ന് ലിജോ ജോസ് പെല്ലിശേരി അഭിപ്രായപ്പെട്ടു. സത്യന്‍ അന്തിക്കാടില്‍ നിന്നാണ് ഫഹദ് പുരസ്‌കാരം സ്വീകരിച്ചത്. അങ്കമാലീസ് ഡയറീസ് ഒരുക്കിയ ലിജോ ജോസ് പെല്ലിശേരിയാണ് സംവിധായകന്‍. സംവിധായകനുള്ള പുരസ്‌കാരം ദിലീഷ് പോത്തന്‍ സമ്മാനിച്ചു.

തിരക്കഥാ രചനയ്ക്ക് സജീവ് പാഴൂരിനും സംഭാഷണ രചനയ്ക്ക് ശ്യാം പുഷ്‌കരനും സിബി മലയില്‍ അവാര്‍ഡ് സമ്മാനിച്ചു. രാജീവ് രവിയും, ഗിരീഷ് ഗംഗാധരനുമാണ് മികച്ച ഛായാഗ്രാഹകരായി തെരഞ്ഞെടുക്കപ്പെട്ടത്. സംഗീത സംവിധാനത്തിന് മായാനദി, പറവ എന്നീ സിനിമകളിലൂടെ റെക്‌സ് വിജയന് ഐശ്വര്യ ലക്ഷ്മി പുരസ്‌കാരം നല്‍കി.

സ്വഭാവ നടനുള്ള പുരസ്‌കാരം നടന്‍ അജു വര്‍ഗ്ഗീസില്‍ നിന്ന് അലന്‍സിയര്‍ ലേ ലോപ്പസ് ഏറ്റുവാങ്ങി. തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയിലെ സംഭാഷണ രചനയ്ക്കുള്ള പുരസ്‌കാരം സംവിധായകന്‍ കമലില്‍ നിന്ന് ശ്യാം പുഷ്‌കരന്‍ സ്വീകരിച്ചു.

വിനായകനെ മികച്ച നടനായി തെരഞ്ഞെടുത്തതിലൂടെ സിനിമാ പാരഡീസോ ക്ലബ്ബ് വിപ്ലവത്തിനാണ് കഴിഞ്ഞ വര്‍ഷം തുടക്കമിട്ടതെന്ന് കമല്‍ അഭിപ്രായപ്പെട്ടു. തുടര്‍ന്ന് വരുന്ന എല്ലാ അവാര്‍ഡുകള്‍ക്കും മാതൃകയും പ്രചോദനവുമാകും ഈ പുരസ്‌കാരമെന്നും കമല്‍.

മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ട തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയ്ക്കുള്ള അവാര്‍ഡ് സിപിസി പുരസ്‌കാര നിര്‍ണയ ജൂറിയെ പ്രതിനിധീകരിച്ച് മനീഷ് നാരായണനും സിനിമാ പാരഡീസോ ക്ലബ്ബ് പ്രതിനിധിയും, ചലച്ചിത്ര സംവിധായകനുമായ മിഥുന്‍ മാനുവല്‍ തോമസും ചേര്‍ന്ന് സമ്മാനിച്ചു.

നിര്‍മ്മാതാവ് സന്ദീപ് സേനന്‍, സംവിധായകന്‍ ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍, അലന്‍സിയര്‍, ഉണ്ണിമായാ പ്രസാദ്, കോ ഡയറക്ടര്‍ റോയ് ഉള്‍പ്പെടെ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ പുരസ്‌കാരം ഏറ്റുവാങ്ങി.

മികച്ച എഡിറ്റര്‍ക്കുള്ള പുരസ്‌കാരം തൊണ്ടിമുതലും ദൃക്‌സാക്ഷിയും എന്ന സിനിമയുടെ ചിത്രസംയോജകന്‍ കിരണ്‍ ദാസ് സംവിധായകന്‍ ബേസില്‍ ജോസഫില്‍ നിന്ന് സ്വീകരിച്ചു. രക്ഷാധികാരി ബൈജുവിലെ പ്രകടനത്തിന് കൃഷ്ണാ പദ്മകുമാറിന് ശ്രീബാലാ കെ മേനോന്‍ അവാര്‍ഡ് സമ്മാനിച്ചു.

നസ്രിയ, ആന്റണി വര്‍ഗ്ഗീസ്, ബിജി ബാല്‍, അജു വര്‍ഗ്ഗീസ്, രജിഷാ വിജയന്‍, ടിറ്റോ വില്‍സണ്‍, ഗോവിന്ദ് മേനോന്‍ തുടങ്ങിവയരും പുരസ്‌കാര ദാന ചടങ്ങിനെത്തി. ആയിരത്തോളം അംഗങ്ങളുടെ സാന്നിധ്യത്തിലായിരുന്നു പുരസ്‌കാര വിതരണം.

കെ ജി ജോര്‍ജ്ജിന്റെയും ജീവിതത്തെയും ചലച്ചിത്ര സപര്യയെയും ആധാരമാക്കി ലിജിന്‍ ജോസ് സംവിധാനം ചെയ്ത എയ്റ്റ് ആന്‍ഡ് ഹാഫ് ഇന്റര്‍കട്ട് എന്ന ഡോക്യുമെന്ററിയും ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു.

സി.പി.സി അവാര്‍ഡുകള്‍

മികച്ച ചിത്രം : തൊണ്ടിമുതലും ദൃക്‌സാക്ഷിയും
മികച്ച സംവിധായകന്‍: ലിജോ ജോസ് പെല്ലിശ്ശേരി(അങ്കമാലി ഡയറീസ്)
മികച്ച നടന്‍: ഫഹദ് ഫാസില്‍ ( തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച നടി : പാര്‍വതി ടി കെ (ടേക്ക് ഓഫ് )
മികച്ച സ്വഭാവ നടന്‍ : അലന്‍സിയര്‍ ലേ ലോപസ് (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച സ്വഭാവ നടി : കൃഷ്ണ പദ്മകുമാര്‍ (രക്ഷാധികാരി ബൈജു ഒപ്പ്)
മികച്ച ഛായാഗ്രാഹകന്‍ : ഗിരീഷ് ഗംഗാധരന്‍ (അങ്കമാലി ഡയറീസ്) & രാജീവ് രവി (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച തിരക്കഥ : സജീവ് പാഴൂര്‍ സംഭാഷണം: ശ്യാം പുഷ്‌ക്കരന്‍ (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)
മികച്ച സംഗീത സംവിധായകന്‍ : റെക്‌സ് വിജയന്‍ (മായാനദി, പറവ )
മികച്ച എഡിറ്റര്‍ : കിരണ്‍ ദാസ് (തൊണ്ടിമുതലും ദൃക്‌സാക്ഷിയും)

2017ല്‍ കമ്മട്ടിപ്പാടം എന്ന സിനിമയിലെ പ്രകടനത്തിന് വിനായകന് മികച്ച നടനുള്ള പുരസ്‌കാരം സമ്മാനിച്ച് കൊണ്ട് താരനിശാ സ്വഭാവമുള്ള അവാര്‍ഡ് നിര്‍ണയ രീതിയെ പൊളിച്ചെഴുതിയ ഫേസ്ബുക്ക് കൂട്ടായ്മയാണ് സിപിസി. അഞ്ച് വര്‍ഷത്തിലേറെയായി സാമൂഹ്യ മാധ്യമങ്ങളില്‍ സജീവ സാന്നിധ്യമായ സിനിമാ പാരഡീസോ ക്ലബ്ബ് ഇത് രണ്ടാം തവണയാണ് പുരസ്‌കാര വിതരണം നടത്തുന്നത്.

ഒരു ലക്ഷത്തോളം അംഗങ്ങളുള്ള ഫേസ്ബുക്ക് ഗ്രൂപ്പില്‍ നിന്നും പൊതുപങ്കാളിത്തമുള്ള വോട്ടിംഗിലൂടെയും, ജൂറിയുടെ നിര്‍ണയം വഴിയുമാണ് പുരസ്‌കാര പ്രഖ്യാപനം നടന്നത്. ഒരു ലക്ഷത്തോളം പേരാണ് സിനിമാ പാരഡീസോ വെബ്‌സൈറ്റിലൂടെയുള്ള വോട്ടിംഗില്‍ പങ്കാളികളായത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here