ലോക കായിക ചരിത്രത്തിലെ തന്നെ ഇതിഹാസതാരങ്ങളുടെ ഗണത്തിലാണ് കാല്‍പന്ത് ലോകത്തെ മായാജാലക്കാരന് സ്ഥാനം. ലയണല്‍ മെസിയെന്ന ഫുട്ബോള്‍ മിശിഹ കളം അടക്കി ഭരിക്കുന്നത് കാണുന്നത് തന്നെ അത്രമേല്‍ അ‍ഴകാണ്.

ലോക ഫുട്ബോളിലെ എണ്ണമറ്റ റെക്കോര്‍ഡുകളുടെ തോ‍ഴന്‍ കൂടിയാണ് മെസി. അഞ്ച് ബാലണ്‍ ഡി ഓറും അടിച്ചു കൂട്ടിയ ഗോളുകളും പകര്‍ന്നു നല്‍കിയ പാസുകളും ആ ഇന്ദ്രജാലത്തിന് മി‍ഴിവേകുന്നു.

ഇനിയൊരാള്‍ മെസിയുടെ റെക്കോര്‍ഡുകള്‍ തകര്‍ക്കുമോയെന്ന കാര്യത്തില്‍ ആരാധകര്‍ക്ക് സംശയമുണ്ട്. അതിനിടയിലാണ് മെസിയും ആരാധകരും ഇഷ്ടപ്പെടാത്ത ഒരു റെക്കോര്‍ഡ് താരത്തെ തേടിയെത്തിയത്.

ക‍ഴിഞ്ഞ ദിവസം ലാലിഗയിൽ ഐബാറിനെതിരായ മത്സരത്തിലാണ് ഫുട്ബോള്‍ മിശിഹയെ തേടി ആ റെക്കോര്‍ഡ് എത്തിയത്. ഒരു ലാലിഗ സീസണിൽ ഏറ്റവും കൂടുതൽ ഗോൾ ശ്രമം പോസ്റ്റിലോ ക്രോസ്ബാറിലോ അടിച്ച് നഷ്ടപ്പെടുന്ന താരമെന്ന വിചിത്ര റെക്കോർഡാണ് ലിയോയുടെ പേരിലായത്.

മത്സരത്തില്‍ മെസിയുടെ തകര്‍പ്പന്‍ ഷോട്ട് പോസ്റ്റിലിടിച്ച് തെറിച്ചിരുന്നു. ഇതോടെയാണ് മെസിയെത്തേടി അപൂര്‍വ്വ റെക്കോര്‍ഡെത്തിയത്. സീസണില്‍ 14 തവണയാണ് മെസിയുടെ ഷോട്ട് ബാറിലും പോസ്റ്റിലുമിടിച്ച് തെറിച്ചത്.

2011 – 12 സീസണില്‍ താന്‍ തന്നെ സ്ഥാപിച്ച റെക്കോര്‍ഡ് പുതുക്കുകയായിരുന്നു താരം. അപൂര്‍വ്വ റെക്കോര്‍ഡാണെങ്കിലും മെസിയും ആരാധകരും ആഗ്രഹിക്കാത്താകും ഇതെന്ന് ഉറപ്പാണ്. ഗോളെന്നുറപ്പിച്ച ഷോട്ടുകള്‍ പോസ്റ്റിലും ക്രോസ്ബാറിലുമിടിച്ച് തെറിക്കുന്നത് വലിയ വേദനയാകും ആരാധകര്‍ക്ക് പോലും സമ്മാനിക്കുന്നത്.

ഐബറിനെതിരായ മത്സരം ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് മെസിയും കൂട്ടരും വിജയിച്ചിരുന്നു.