എം ജി സര്‍വ്വകലാശാലയില്‍ യുഡിഎഫ് ഭരണകാലത്ത് നിയമിച്ച വൈസ്ചാന്‍സലര്‍ക്ക് യോഗ്യതയില്ലെന്ന് ഹൈക്കോടതി; ബാബു സെബാസ്റ്റ്യന്‍റെ നിയമനം റദ്ദാക്കി

ക‍ഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നിയമിച്ച എം ജി സര്‍വ്വകലാശാല വൈസ് ചാന്‍സലറുടെ നിയമനം ഹൈക്കോടതി റദ്ദാക്കി. ഡോ ബാബു സെബാസ്റ്റ്യന് യുജിസി നിയമപ്രകാരം മതിയായ യോഗ്യതയില്ലെന്ന് ഹൈക്കോടതി കണ്ടെത്തി.

ടി ആര്‍ പ്രേംകുമാര്‍ എന്നയാള്‍ സമര്‍പ്പിച്ച ക്വേ വാറണ്ടോ ഹര്‍ജിയിലാണ് വിധി. ഹൈക്കോടതി ഉത്തരവ് കൈപ്പറ്റിയ ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ബാബു സെബാസ്റ്റ്യന്‍ പ്രതികരിച്ചു.

ക‍ഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് 2014 സെപ്റ്റംബര്‍ ഒന്നിനാണ് കേരള കോണ്‍ഗ്രസ് മാണി വിഭാഗത്തിന്‍റെ നോമിനിയായി ബാബു സെബാസ്റ്റ്യന്‍ എംജി വിസിയായി നിയമിതനായത്.

യുജിസി 2010ലെ റെഗുലേഷന്‍ അനുസരിച്ച് വൈസ് ചാന്‍സലര്‍ പദവിയിലേക്ക് വരുന്നയാള്‍ 10 വര്‍ഷമെങ്കിലും യൂണിവേ‍ഴ്സിറ്റി പ്രൊഫസറായി ഇരിക്കണമെന്നാണ് ചട്ടം. എന്നാല്‍ ബാബു സെബാസ്റ്റ്യന്‍ ഒരു ദിവസം പോലും യൂണിവേ‍ഴ്സിറ്റി അധ്യാപകനായി ജോലി ചെയ്തിട്ടില്ലെന്ന് ഹൈക്കോടതി കണ്ടെത്തി.

പാലാ സെന്‍റ് തോമസ് കോളേജില്‍ മൂന്നു വര്‍ഷം അസോസിയേറ്റ് പ്രൊഫസര്‍ മാത്രമായിരുന്നു ബാബു സെബാസ്റ്റ്യന്‍. അവിടെ നിന്നും തിരുവനന്തപുരം എസ്ഐഇടി എന്ന സ്ഥാപനത്തില്‍ പത്തര വര്‍ഷത്തോളം ഡെപ്യൂട്ടേഷനില്‍ പ്രവര്‍ത്തിച്ച യോഗ്യത കാട്ടിയാണ് നിയമനം നേടിയത്.

വിസിയെ തെരഞ്ഞെടുക്കുന്നതിലുളള സമിതിയെ നിയോഗിച്ചതിലും അപാകതയുണ്ടായെന്നും കോടതി ചൂണ്ടിക്കാട്ടി. രാഷ്ട്രീയക്കാര്‍ ഉള്‍പ്പെടെ സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെട്ടതെങ്ങനെയെന്നും കോടതി ചോദിച്ചു.

ക‍ഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് നടത്തിയ വ‍ഴിവിട്ട നിയമനമാണ് ഇപ്പോള്‍ ഹൈക്കോടതി വിധിയിലൂടെ റദ്ദാക്കപ്പെടുന്നതും. മൂ‍ഴിക്കുളം ശാല എന്ന സാംസ്കാരിക സ്ഥാപനത്തിന്‍റെ സ്ഥാപകന്‍ ടി ആര്‍ പ്രേംകുമാറാണ് വിസി നിയമനത്തിനെതിരേ ക്വേ വാറണ്ടോ ഹര്‍ജി നല്‍കിയത്.

അതേസമയം തനിക്ക് മതിയായ യോഗ്യതയുണ്ടെന്നും ഹൈക്കോടതി ഉത്തരവ് കൈപ്പറ്റിയ ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്നും ബാബു സെബാസ്റ്റ്യന്‍ പ്രതികരിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News