66 -ാമത് ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പിന് നാളെ കോഴിക്കോട്ട് തുടക്കമാവും. മത്സരത്തിന്റെ ഔദ്യോഗിക ഉദ്ഘാടനം ഇന്ന് വൈകീട്ട് മുഖ്യമന്ത്രി നിര്‍വഹിക്കും. ആദ്യ റൗണ്ട മത്സരങ്ങള്‍ നാളെ രാവിലെ ഏഴരയ്ക്ക് തുടങ്ങും.

16 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം കോഴിക്കോട് വേദിയാവുന്ന ദേശീയ സീനിയര്‍ വോളീബോള്‍ ചാമ്പ്യന്‍ഷിപ്പിനുളള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായി. വി കെ കൃഷ്ണമേനോന്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലും സ്വപ്നനഗരിയിലെ കാലിക്കറ്റ് ട്രേഡ് സെന്റര്‍ ഇന്‍ഡോര്‍ സ്റ്റേഡിയത്തിലുമായാണ് മത്സരങ്ങള്‍.

കോഴിക്കോട് റെയില്‍വെ സ്റ്റേഷനിലെത്തിയ പുരുഷ – വനിതാ ടീമുകള്‍ക്ക് സംഘാടക സമിതി ചെയര്‍മാന്‍ എം മെഹബൂബിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. പുരുഷ – വനിതാ വിഭാഗങ്ങളിലായി ആറുവീതം ഗ്രൂപ്പുകളിലായാണ് കളി.

28 പുരുഷ ടീമും, 25 വനിതാ ടീമും ചാമ്പ്യന്‍ഷിപ്പില്‍ ഏറ്റുമുട്ടും. സംസ്ഥാനങ്ങള്‍ക്ക് പുറമെ റെയില്‍വെ, സര്‍വീസസ് ടീമുകളാണ് പങ്കെടുക്കുന്നത്. ആദ്യറൗണ്ട മത്സരത്തില്‍ നാളെ, ആതിഥേയരായ കേരള പുരുഷ ടീം രാജസ്ഥാനേയും വനിതകള്‍ തെലങ്കാനയേയും നേരിടും. നിലവില്‍ ഇരുവിഭാഗത്തിലും കേരളമാണ് ജേതാക്കള്‍.