കൊച്ചി:കൊച്ചി കപ്പല്‍ശാലയില്‍ അഞ്ച് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ അപകട കാരണം ഗുരുതരമായ സുരക്ഷാ വീ‍ഴ്ചയെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയിലേ‍ഴ്സ് അന്വേഷണ റിപ്പോര്‍ട്ട്. അപകട ദിവസം സുരക്ഷാ പരിശോധന നടത്താതെയാണ് ഗ്യാസ് പെര്‍മിറ്റ് അടക്കം നല്‍കിയതെന്നും കണ്ടെത്തി. മേലുദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് വൈകിട്ട് സര്‍ക്കാരിന് കൈമാറും.

കപ്പല്‍ശാലയില്‍ അറ്റകുറ്റപ്പണികള്‍ക്ക് മുന്പ് എല്ലാ സുരക്ഷാസംവിധാനങ്ങളും പരിശോധിക്കണമെന്നാണ് നിയമം. ഗ്യാസ് ലീക്ക് ചെയ്യുക, പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍, തുടങ്ങീ ഫയര്‍ സേഫ്റ്റി അടക്കമുളള എല്ലാ സുരക്ഷാ പരിശോധനകളും പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ കപ്പലിനുളളിലേക്ക് തൊ‍ഴിലാളികളേ പ്രവേശിക്കാവൂ.
എന്നാല്‍ അപകടം നടന്ന ദിവസം ഇത്തരത്തില്‍ യാതൊരു പരിശോധനയും നടന്നിട്ടില്ലെന്ന് ഫാക്ടറീസ് ആന്‍ഡ് ബോയിലേ‍ഴ്സ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി. പരിശോധന നടന്നതായി രേഖകളിലും വ്യക്തമാക്കിയിട്ടില്ല. തൊ‍ഴിലാ‍ളികള്‍ നല്‍കിയ മൊ‍ഴികളിലും അന്നേദിവസം പരിശോധന നടന്നിട്ടില്ലെന്ന് തെളിഞ്ഞു. ഗ്യാസ് ഫ്രീ പെര്‍മിറ്റ് അടക്കം പരിശോധന നടത്താതെ എങ്ങനെ നല്‍കിയെന്നതാണ് വലിയ ചോദ്യമായി അവശേഷിക്കുന്നതും.
രാജ്യത്തെ ഏറ്റവും സുരക്ഷയുളള കപ്പല്‍ശാലയെന്ന് ബഹുമതി നേടിയ കൊച്ചിന്‍ ഷിപ്പിയാര്‍ഡിലാണ് ഈ ഗുരുതര വീ‍ഴ്ചയുണ്ടായിരിക്കുന്നത്. ഫാക്ടറീസ് ആന്‍ഡ് ബോയിലേ‍ഴ്സിന്‍റെ അന്വേഷണ റിപ്പോര്‍ട്ട് വൈകിട്ട് സര്‍ക്കാരിന് കൈമാറും.  ഷിപ്പിയാര്‍ഡ് ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടിക്ക് ശുപാര്‍ശ ചെയ്യുന്ന റിപ്പോര്‍ട്ട് ലേബര്‍ സെക്രട്ടറിക്കാണ് കൈമാറുക.