സ്വകാര്യ ബസ് സമരം പിന്‍വലിച്ചു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയെ തുടര്‍ന്നാണ് തീരുമാനം. ബസ്സുടമകളുടെ ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ല. ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന സമരത്തില്‍ നിന്നും പിന്‍മാരണമെന്ന് മുഖ്യമന്ത്രി സമരക്കാരോട് ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കില്ലെന്നും കൂടിക്കാഴ്ചയില്‍ മുഖ്യമന്ത്രി ബസ്സുടമകളെ അറിയിച്ചു. സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കിയ ബസ്സുടമകള്‍ സര്‍വ്വീസും പുനരാരംഭിച്ചു.

വിദ്യാര്‍ത്ഥികളുടെ കണ്‍സെഷന്‍ നിരക്ക് വര്‍ദ്ധിപ്പിക്കുക എന്നതായിരുന്നു ബസ്സുടമകളുടെ പ്രധാന ആവശ്യം. എന്നാല്‍, അതില്‍ ഒരു തരത്തിലെ വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ബസ്സുടമകളുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പറഞ്ഞു.

പുതുതായി മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാന്‍ കഴിയില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കര്‍ശനമായ സര്‍ക്കാരിന്റെ നിലപാടിനെ തുടര്‍ന്നാണ് ബസ്സുടമകള്‍ മുന്നോട്ട് ആവശ്യം സര്‍ക്കാര്‍ അംഗീകരിച്ചില്ലെങ്കിലും സമരം പിന്‍വലിക്കാന്‍ തീരുമാനിച്ചത്.

ചര്‍ച്ചയ്ക്ക് ശേഷവും ബസ് ഉടമകള്‍ തമ്മില്‍ വാക്കേറ്റമുണ്ടായി. സമരം തുടരുന്നതില്‍ ഒരുവിഭാഗം ബസ്സുടമകള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. കഴിഞ്ഞ ദിവസം മുതല്‍ തിരുവനന്തപുരത്തും തൃശൂര്‍ അടക്കമുള്ളിടത്ത് ഇന്ന് രാവിലെ മുതലും ചില സ്വകാര്യ ബസ്സുകള്‍ ഓടിത്തുടങ്ങിയിരുന്നു. സമരം പൊളിയുന്ന ഘട്ടമെത്തിയപ്പോള്‍ കൂടിയാണ് ബസ്സുടമകള്‍ സമരം പിന്‍വലിച്ചത്.

സമരം പിന്‍വലിക്കുന്നതിനെയും ഒരു വിഭാഗം എതിര്‍ത്തു. ബസ് ഉടമകളുടെ ആവശ്യങ്ങളൊന്നും മുഖ്യമന്ത്രി അംഗീകരിച്ചില്ലെങ്കിലും അവ പിന്നിട് ചര്‍ച്ചചെയ്യാമെന്ന ഉറപ്പ് കിട്ടിയെന്ന് ഉടമകള്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം അറിയിച്ചു.

ബസ് സമരം അഞ്ചാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തിലായിരുന്നു ബസ് ഉടമകള്‍ മുഖ്യമന്ത്രിയെ കണ്ടതും സര്‍ക്കാരിന് മുന്നില്‍ മുട്ടുമടക്കിയതും. സമരത്തില്‍ നിന്ന് പിന്‍മാറിയില്ലെങ്കില്‍ കടുത്ത നടപടിയിലേക്ക് നീങ്ങുമെന്ന് ഗതാഗത മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പെര്‍മിറ്റ് റദ്ദാക്കാതിരിക്കാന്‍ ബസ് ഉടമകള്‍ക്ക് ഗതാഗത കമ്മീഷണര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. ഇതെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാനുള്ള നടപടികളിലെക്ക് ബസ്സുടമകള്‍ കടന്നത്.