യുഡിഎഫ് മന്ത്രിയുടെ ലൈംഗികവിഭ്രാന്തി; പ്രതികരണവുമായി വീണ്ടും ഉദ്യോഗസ്ഥ

തിരുവനന്തപുരം: യുഡിഎഫ് മന്ത്രിസഭയിലെ മന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച മുന്‍ പിആര്‍ഡി ഉദ്യോഗസ്ഥ പ്രതികരണവുമായി വീണ്ടും രംഗത്ത്.

ഉദ്യോഗസ്ഥയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

ആഹഹാ!
ലൈംഗികാതിക്രമം നേരിട്ട് പരീക്ഷീണയായി കണ്ണീര്‍വാര്‍ത്തിരിക്കുന്ന സ്ത്രീയുടെ ചിത്രവുമായ് എന്റെ ഒരു എഫ്.ബി പോസ്റ്റ് വിവാദക്കുളിര്‍ ചൂടി ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ ചുറ്റിത്തിരിയുന്ന വാര്‍ത്ത ഒരു മാധ്യമ സുഹൃത്ത് പറഞ്ഞറിഞ്ഞിരുന്നു.

എന്റെ പോസ്റ്റ് പങ്കിടാന്‍ അനുവാദം ചോദിച്ച മറ്റൊരു മാധ്യമ സുഹൃത്തിനെ വിലക്കിയിരുന്നതാണ്. കാറ്റിനെ വേലി കെട്ടി തടയാനാവില്ലല്ലോ.

സാന്ദര്‍ഭികമായി ഒരു മന്ത്രിയെ പരാമര്‍ശിച്ച ഭാഗം പത്രക്കാരന്‍ തെരഞ്ഞെടുത്ത് പ്രയോഗിച്ച മിടുക്കിലും അസ്വാഭാവികമായി ഒന്നും തോന്നിയില്ല.

ഏത് മന്ത്രി ? ഏത് കാലയളവ് ? ചാനല്‍ സുഹൃത്തുക്കള്‍ ഇടതടവില്ലാതെ ചോദിച്ചു കൊണ്ടേയിരിക്കുന്നു.’ ഞങ്ങള്‍ക്കറിയാം അതാരാണെന്ന് ‘  അവരില്‍ ചിലര്‍ കട്ടായം പറഞ്ഞു.

അതാരുമായി കൊള്ളട്ടെ, സാനിറ്ററൈസറിന്റെ ഒരു തുള്ളിയില്‍ അവസാനിക്കുന്ന പ്രാധാന്യമേ അന്നും ഞാനതിന് കൊടുത്തിരുന്നുള്ളൂ.

ഇന്‍ഫര്‍മേഷന്‍ പബ്‌ളിക് റിലേഷന്‍സിന്റെ പ്രവര്‍ത്തനമേഖല അറിയാവുന്നവരോട് പ്രത്യേകം പറയേണ്ടതില്ലല്ലോ ഒരു സര്‍ക്കാരിലെ എല്ലാ മന്ത്രിമാരുടെയും വകുപ്പുകളുമായും നിരന്തരബന്ധം പുലര്‍ത്തുന്നവരാണ് ഞങ്ങള്‍…

ഓരോരുത്തരുടെയും ഭരണ നേട്ടങ്ങള്‍ ഏറ്റക്കുറച്ചിലുകളില്ലാതെ പൊടിപ്പും തൊങ്ങലും ചാര്‍ത്തി ജനത്തെ അറിയിക്കാനുള്ള ചുമതലയുള്ളവര്‍. 2001 മുതല്‍ 2016 വരെയുള്ള കാലഘട്ടത്തിലേക്ക് ഞാന്‍ ഒരു ചൂണ്ടുപലക വച്ചാല്‍ ആരിലൊക്കെ തപ്പിത്തടഞ്ഞ് നിങ്ങള്‍ ചെന്ന് നില്‍ക്കും ??

സര്‍വീസ് കാലത്തെ നല്ലതും ചീത്തതുമായ അനുഭവങ്ങളുടെ കുത്തൊഴുക്കില്‍ ചിലതൊക്കെ നമ്മള്‍ അവഗണിക്കും. ചിലത് പില്‍ക്കാല അയവിറക്കലുകളുടെ പട്ടികയിലൊതുക്കും. എന്റെ തുറന്നെഴുത്തുകള്‍ മനസ്സിലിരുത്തി വായിക്കുന്ന നിരവധി സുഹൃത്തുക്കള്‍ എനിക്കുണ്ട്. നന്ദി ??

ഏതെങ്കിലും ഒരു വ്യക്തിയെ വിവാദത്തിലേക്ക് തള്ളിയിടുക എന്റെ ലക്ഷ്യമല്ല. മാന്യത വിട്ട് പെരുമാറുന്ന പുരുഷന്‍ മന്ത്രിയാവട്ടെ സാധാരണക്കാരനാവട്ടെ അയാളുടെ പിന്നില്‍ നില്‍ക്കുന്ന സ്ത്രീയുടെ നിസ്സഹായതയ്ക്കും കണ്ണീരിനും വലിയ വില കല്പിക്കുന്ന ഒരു മനസ്സ് എനിക്കുണ്ടെന്ന് മാത്രം കരുതുക. അവിടെ രാഷ്ട്രീയാന്ധതയില്ല. തത്വശാസ്ത്രങ്ങളില്ല.പകപോക്കലുകളില്ല. ചവിട്ടിക്കൂട്ടലുകള്‍ ഇല്ലേ ഇല്ല.

പക്ഷേ അനുഭവങ്ങളെഴുതുമ്പോള്‍ സത്യസന്ധതയാവും എനിക്ക് മഷി. സാന്ദര്‍ഭികമായി ഇഴചേര്‍ത്തു വയ്ക്കുന്ന പല സംഭവങ്ങളുമുണ്ടകാം.

അന്ന് മനസ്സില്‍ സ്‌നേഹതൈലം പുരട്ടി സമാശ്വസിപ്പിച്ച പ്രിയപ്പെട്ട സുഹൃത്ത്
ഇന്നലെ പറഞ്ഞു,

‘എന്നെങ്കിലും ഒരിക്കല്‍ നീ ഇതെഴുതുമെന്ന് എനിക്കറിയാമായിരുന്നു. അല്ലെങ്കില്‍ നീ നീയാവില്ലല്ലോ?’

ഒഴുകുന്ന പുഴയാവാനാണെനിക്കിഷ്ടം, കെട്ടിക്കിടക്കുന്ന തടാകമാകാനല്ല. പുഴയൊഴുകുമ്പോള്‍ ഇരുകരകളിലെ മാലിന്യവും അക്കൂടെ ഒഴുകും.
പുഴ അതുള്‍കൊണ്ടേക്കാം , അമിത ഉത്കണ്ഠ കൂടാതെ തന്നെ. പ്രിയ മാധ്യമ സുഹൃത്തുക്കളേ,വികാര വിക്ഷോഭങ്ങളുടെ തണുത്ത കാറ്റേറ്റിരുന്ന്
ലേശം നര്‍മബോധത്തോടെ കാര്യങ്ങള്‍ നോക്കിക്കാണുന്നതാണെനിക്കിപ്പോഴിഷ്ടം. ഒരു ‘ഇസ ‘ ങ്ങളോടും താല്പര്യമില്ല.
നിങ്ങള്‍ക്ക് നിങ്ങളുടെ ചോദ്യങ്ങളും സംശയങ്ങളുമായ് മുന്നോട്ടു പോകാം.

ഉത്തരം എന്റെ ഉള്ളിലുണ്ട്. ഔചിത്യമുള്ള പെണ്‍മക്കള്‍ രണ്ടു പേരും ഉത്തരത്തിനെക്കാള്‍ വലുതാണ് അമ്മയുടെ
സ്വാതന്ത്ര്യവും നേരനുഭവങ്ങളും എന്ന് തിരിച്ചറിയുന്നു….

അതെ, ഞാനാ സ്വാതന്ത്ര്യം ഇതാ അരക്കിട്ടുറപ്പിക്കുന്നു ,പ്രിയപ്പെട്ടവരേ…..??

അടിയന്തിര സ്വഭാവമുള്ള ഒരു ഫയല്‍ ഒപ്പിടാന്‍ ചെന്ന സമയത്ത് മന്ത്രിയില്‍ നിന്നും ലൈംഗിക അതിക്രമം നേരിടേണ്ടി വന്നുവെന്നാണ് ഉദ്യോഗസ്ഥ കഴിഞ്ഞദിവസം വെളിപ്പെടുത്തിയത്. മന്ത്രിയുടെ പെരുമാറ്റത്തില്‍ തനിക്കുണ്ടായ നീരസം രേഖപ്പെടുത്തിയ ശേഷമാണ് ഇറങ്ങിപ്പോന്നതെന്നും ഉദ്യോഗസ്ഥ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here