
കണ്ണൂര്‍: ഷുഹൈബിന്റെ കൊലപാതകത്തില്‍ കോണ്‍ഗ്രസ് നടത്തുന്ന സമരത്തിനെതിരെ സിപിഐഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍ രംഗത്ത്.
മരണം ആഘോഷിച്ച് ഗ്രൂപ്പ് രാഷ്ട്രീയമാണ് കോണ്‍ഗ്രസ് കളിക്കുന്നതെന്നും കുറ്റവാളികളെ കണ്ടെത്തുകയല്ല കോണ്‍ഗ്രസിന്റെ ഉദ്ദേശമെന്നും ജയരാജന്‍ വ്യക്തമാക്കി.
പി.ജയരാജന്‍ പറയുന്നത് ഇങ്ങനെ:
എടയന്നൂര്‍ സംഭവവുമായി ബന്ധപ്പെട്ട് കോണ്‍ഗ്രസ്സ് പാര്‍ട്ടി മരണം ആഘോഷിച്ച് ഗ്രൂപ്പ് താല്പര്യങ്ങള് സംരക്ഷിക്കാനുള്ള മത്സരമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. ഓരോ ഗ്രൂപ്പ് നേതാവും ‘ഞാന്‍ മുന്‍പില്‍, ഞാന്‍ മുന്‍പില്‍’ എന്ന് പ്രകടിപ്പിക്കാനാണ് ശ്രമം. അവരുടെ തമ്മിലടി ചിന്തിക്കുന്നവര്‍ക്കെല്ലാം തിരിച്ചറിയാനാവുന്നുണ്ട്.
ശുഹൈബിന്റെ മരണത്തിന്റെ യഥാര്‍ത്ഥ കുറ്റവാളികളെ കണ്ടെത്തുകയല്ല കോണ്‍ഗ്രസ്സിന്റെ ഉദ്ദേശം. ഈ സംഭവം ഉപയോഗിച്ച് സിപിഐ(എം) നെ ഇടിച്ചു താഴ്ത്താനാവുമോ എന്നതാണ്. ഇത് ജനങ്ങള്‍ തിരിച്ചറിയുന്നുണ്ട്.
ഇന്ത്യയിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം മഹാത്മാ ഗാന്ധി വധമാണ്. ഇതില്‍ കൊലപാതകികള്‍ക്ക് ആര്‍ എസ് എസുമായിട്ടുള്ള ബന്ധം പലകുറി ചര്‍ച്ച ചെയ്തതാണ്.
കേരളത്തിലെ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം കോണ്‍ഗ്രസ്സിന്റെ ചരിത്രം എഴുതിയ മൊയാരത്ത് ശങ്കരന്റേതാണ്. മലബാറിലെങ്ങും കാല്‍നടയായി സഞ്ചരിച്ച് ദേശീയ സ്വാതന്ത്ര്യ സമരത്തിലേക്ക് യുവാക്കളെ നയിച്ച ആ കര്‍മ്മ ഭടനെ തല്ലിക്കൊന്നത് കോണ്‍ഗ്രസിന്റെ കുറുവടിപ്പട ആയിരുന്നു. ഗാന്ധി വധം 1948 ജനുവരി 30 നായിരുന്നെങ്കില്‍ മൊയാരത്ത് ശങ്കരന്‍ വധം 1948 മെയ് 13 നായിരുന്നു.
ആദ്യമായി ബോംബെറിഞ്ഞു രാഷ്ട്രീയ എതിരാളിയെ വധിച്ച കേസില്‍ 7 വര്‍ഷം ശിക്ഷിക്കപ്പെടുകയും തടവില്‍ നിന്ന് പുറത്ത് വന്നതിനു ശേഷം കെപിസിസി അംഗമായി തുടരുകയും ചെയ്യുന്ന മാന്യദേഹം ഇന്ന് മാര്‍ക്‌സിസ്‌റ് അക്രമവിരുദ്ധ സത്യാഗ്രഹ പന്തലില്‍ ഞെളിഞ്ഞു നടക്കുന്നു.കൊല്ലപ്പെട്ട ഇര സിപിഐ(എം) പ്രവര്‍ത്തകനായ ബീഡി തൊഴിലാളി കൊളങ്ങരേത്ത് രാഘവനായിരുന്നു.
ഗാന്ധി ശിഷ്യന്മാരെന്നു അഭിമാനിക്കുന്ന കോണ്‍ഗ്രസ്സുകാര്‍ നടത്തിയ കൊലയ്ക്ക് കയ്യും കണക്കുമില്ല. ചീമേനിയില്‍ 5 സിപിഐ(എം) പ്രവര്‍ത്തകരെ ചുട്ടു കൊന്നവരാണ് കോണ്‍ഗ്രസ്സുകാര്‍.
ഇപ്പോള്‍ ആ കോണ്‍ഗ്രസ്സ് ദുര്‍ബ്ബലമായിരിക്കുന്നു. പല നേതാക്കളും ബിജെപി യില്‍ ചേര്‍ന്നു. അങ്ങനെ ബിജെപിയില്‍ ചേരാന്‍ ചെന്നൈയില്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയ കണ്ണൂരിലെ കോണ്‍ഗ്രസ്സ് നേതാവാണ് സത്യാഗ്രഹ പന്തലിരിരിക്കുന്നത്. ഇദ്ദേഹത്തെ കുറിച്ച് കോണ്‍ഗ്രസ്സ് നേതാവ് പി രാമകൃഷ്ണന്‍ മുന്‍പ് പറഞ്ഞത് ‘ബോംബ് രാഷ്ട്രീയത്തിന്റെ ഉപജ്ഞാതാവാണ് ഇയാള്‍’ എന്നാണ്.
ഇപ്പോള്‍ കൗതുകകരമായിട്ടുള്ള ഒരു രംഗം കൂടി നാം കാണുന്നു. ചുവപ്പു ഭീകരതയെന്ന സംഘപരിവാര്‍ മുദ്രാവാക്യം ബിജെപിയില്‍ ചേരാത്ത കോണ്‍ഗ്രസുകാരും ഏറ്റെടുക്കുന്നു എന്നതാണ്.
എന്‍ ഡി എഫുകാര്‍ കൊലപ്പെടുത്തിയ ആര്‍ എസ് എസുകാരനായ ശ്യാമ പ്രസാദിനെയും പള്ളിക്കുന്നിലെ സച്ചിനെയും പുന്നാട്ടെ അശ്വിനികുമാറിനെയും വിസ്മരിച്ച് സിപിഐ(എം)നെ വേട്ടയാടാന്‍ കോണ്‍ഗ്രസ്സുകാര്‍ക്കൊപ്പം സ്വയംസേവകരും ചേരുന്നു.!!
അതുകൊണ്ട് പാര്‍ട്ടി ബന്ധുക്കളും ഇടതുപക്ഷ അനുഭാവികളും കാത്തിരിക്കുക. കോണ്‍ഗ്രസ്സ് സമരത്തിന്റെ ദയനീയ പതനം കാണുവാന്‍. ഇപ്പോഴത്തെ ഏതെങ്കിലും ഒരു നേതാവിന്റെ വാക്കുകള്‍ കേട്ട് ഉടന്‍ പ്രതികരണം നടത്തുന്നവര്‍ ചിന്തിക്കുക.
ഇത് ജനവഞ്ചനയും കൊലപാതകവും സ്ഥിരം തൊഴിലാക്കിയ കോണ്‍ഗ്രസ്സ് പാര്‍ട്ടിയും നേതാക്കളാണെന്നു യാഥാര്‍ഥ്യം അറിയുന്നതിന് മുന്‍പേ നവമാധ്യമങ്ങളിലൂടെ പ്രതികരണം നടത്താതിരിക്കാനും ശ്രദ്ധിക്കണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here