താജിനുമീതേ പിശാചിന്‍റെ കൈ

പ്രണയമാകുന്നു ഏറ്റവും വലിയ അത്ഭുതം. നിത്യമായ വസന്തമാണത്. തീക്കനലിലും കരകാണാക്കടലിലും ആളുന്ന മരുഭൂമിയിലും പൊട്ടിമുളയ്ക്കുന്ന വസന്തം.

പ്രണയം എന്ന മഹാകാവ്യത്തിന്റെ ആദ്യവരിപോലും ഭൂമിയിൽപ്പിറന്ന കവികളെല്ലാവരും ചേർന്നെ‍ഴുതിയിട്ടും ഇതുവരെ പൂർത്തിയായിട്ടില്ല. മനുഷ്യകുലത്തിലെ ഭാവിതലമുറകളും ഇപ്രപഞ്ചത്തിലെ സമസ്തജീവജാലങ്ങളും ചേർന്ന് അടുത്ത വാക്കും വരികളും എ‍ഴുതിക്കൊണ്ടിരിക്കും എന്നത് തീർച്ച. ജീവൻ ജീവനോടിരിക്കുന്ന കാലംവരെ അത് തുടർന്നുകൊണ്ടിരിക്കും.

ഒരു പ്രണയസ്മാരകം ലോകാത്ഭുതമായിത്തീർന്നതാണ് താജ് മഹൽ. പ്രണയംതന്നെയാണ് താജ് മഹലിന്റെ തേജസ്സ്. ആഗ്രയിൽമാത്രമല്ല താജ് മഹൽ ഉള്ളത്. ഓരോ യുവമനസ്സിലുമുണ്ട്. എക്കാലത്തും താജ് മഹലുണ്ട്. അനശ്വരമാണത്. പ്രകാശമാണത്. അതില്ലെങ്കിൽ അന്ധകാരമാണ്.

താജ് മഹൽ ഇല്ലാത്ത ഇന്ത്യ വിളക്കുമാടമില്ലാത്ത ഇരുട്ടറയാണ്.

പ്രഭാതമില്ലാത്ത കാലത്ത് പക്ഷികൾ ഉണർന്നുപറക്കുന്നതെങ്ങനെ?

താജ് മഹൽ കാലത്തെ മായ്ച്ചു. അതിരുകളെ മായ്ച്ചു. ഇല്ലായ്മകളെ മായ്ച്ചു. അത് നിത്യമായ യൗവ്വനത്തെ വിളയിച്ചു. ജാതിയും മതവും ദേശവും കാലവും തുടച്ചുകളഞ്ഞ് താജ് മഹൽ നിത്യമായ പ്രകാശത്തെ ഉജ്ജ്വലിപ്പിച്ചു.

ഈ പ്രകാശത്തെ തല്ലിക്കെടുത്താൻ പിശാചിന്റെ കൈ ഉയരുന്നുണ്ട്.

നമ്മുടെ പ്രാണൻകൊണ്ട്, നമ്മുടെ ഉടലുകൊണ്ട്, നമ്മുടെ സ്വപ്നങ്ങൾകൊണ്ട് ഈ വെളിച്ചത്തെ കാക്കുക.

(തൃശ്ശൂർ സംഘസാഹിതി പ്രസിദ്ധീകരിച്ച താജ് മഹൽ രചനകളുടെ സമാഹാരമായ ‘ഇരുളിലാ‍ഴുന്ന താജ് മഹൽ’ എന്ന പുസ്തകത്തിന്റെ അവതാരിക)

whatsapp

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

Click Here