ആലപ്പുഴ ബൈപ്പാസ്: മെയ് 28നകം തീര്‍ത്തില്ലെങ്കില്‍ നിര്‍മ്മാണ കമ്പനി കരിമ്പട്ടികയില്‍; മുന്നറിയിപ്പുമായി മന്ത്രി സുധാകരന്‍

ആലപ്പുഴ: സംസ്ഥാന സര്‍ക്കാര്‍ രണ്ടാം വാര്‍ഷികം ആഘോഷിക്കുന്ന മെയ് 28ന് ആലപ്പുഴ ബൈപ്പാസ്സ് കമ്മീഷന്‍ ചെയ്യാനാവും വിധം നിര്‍മ്മാണം പൂര്‍ത്തീകരിച്ചില്ലെങ്കില്‍ നിര്‍മ്മാണ കമ്പനിയെ കരിമ്പട്ടികയില്‍പെടുത്തുമെന്ന് പൊതുമരാമത്ത് മന്ത്രി ജി.സുധാകരന്‍ മുന്നറിയിപ്പു നല്‍കി.

കഴിഞ്ഞ സെപ്റ്റംബറില്‍ പൂര്‍ത്തീകരിക്കേണ്ട ബൈപാസ് നിര്‍മ്മാണത്തിലെ കാലതാമസവും നിലവിലെ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനും കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം.

പണി പൂര്‍ത്തിയാക്കുന്നതിന് മൂന്നു തവണ തീയതി നീട്ടി നല്‍കിയിട്ടും കരാറുകാര്‍ ഉദാസീനമായാണ് പ്രവര്‍ത്തിക്കുന്നത്. സാധാരണ ഗതിയിലുള്ള ഒരു റോഡു നിര്‍മ്മിക്കുന്ന ഗൗരവം പോലും കോടികള്‍ ബഡ്ജറ്റുള്ള ബൈപ്പാസ് നിര്‍മ്മാണത്തില്‍ പ്രകടമാകുന്നില്ല.

പണി നടക്കുന്നതായുള്ള അന്തരീക്ഷം പോലും സ്ഥലത്ത് അനുഭവപ്പെടുന്നില്ല. മതിയായ തൊഴിലാളികളോ നിര്‍മ്മാണ സാമഗ്രികളോ യന്ത്രങ്ങളോ പണി നടക്കുന്നിടങ്ങളില്‍ കാണുന്നില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

എട്ടു കലുങ്കുകളും അപ്രോച്ച് റോഡുകളും ഉള്‍പ്പെടെ സാങ്കേതികത്വം ഏറെ ആവശ്യമുള്ള നിരവധി പ്രവൃത്തികള്‍ പൂര്‍ത്തീകരിക്കേണ്ടതുണ്ടെങ്കിലും സാധാരണ പണി ചെയ്യുന്ന ലാഘവത്തോടെയാണ് നിലവില്‍ പണി നടക്കുന്നത്. ഈ രീതി ഇനി അനുവദിക്കില്ല.

മെയ് 28ന് കമ്മീഷന്‍ ചെയ്യാന്‍ പറ്റുന്ന തരത്തില്‍ ഊര്‍ജ്ജിതമായി നിര്‍മ്മാണ പ്രവര്‍ത്തനം നടത്തണം. ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പ്രതിദിനം നല്‍കണമെന്ന് ദേശീയ പാത ചീഫ് എന്‍ജിനീയര്‍ പി.ജി സുരേഷ്‌കുമാറിന് അദ്ദേഹം നിര്‍ദ്ദേശം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News