ആര്‍എംപിയില്‍ കൂട്ടരാജി; പൊട്ടിത്തെറിക്ക് കാരണം യുഡിഎഫ് കൂട്ടുകെട്ട്; അക്രമം അഴിച്ചുവിട്ട് സമാധാന അന്തരിക്ഷം തകര്‍ക്കാനാണ് ആര്‍എംപി ശ്രമമെന്ന് പ്രവര്‍ത്തകര്‍

കോഴിക്കോട്: ആര്‍എംപിയുടെ യുഡിഎഫ് കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച്, ഒഞ്ചിയത്ത് ആര്‍എംപിയില്‍ നിന്ന് കൂട്ടരാജി.

ആര്‍എംപി പ്രാദേശിക നേതാവടക്കമുള്ള 10 പേര്‍ സിപിഐഎമ്മിനൊപ്പം ചേര്‍ന്നു. ഓര്‍ക്കാട്ടേരിയില്‍ ചേര്‍ന്ന സ്വീകരണ സമ്മേളനം ജില്ലാ സെക്രട്ടറി പി മോഹനന്‍ ഉദ്ഘാടനം ചെയ്തു. പ്രദേശത്തെ രണ്ടു ബിജെപി പ്രവര്‍ത്തകരും രാജിവെച്ച് സിപിഐഎമ്മിലെത്തി.

ആര്‍എംപി-യുഡിഎഫ് പരസ്യ കൂട്ടുകെട്ടിനെതിരെ പ്രവര്‍ത്തകര്‍ക്കിടയില്‍ അമര്‍ഷം പുകയുന്നതിനിടെയാണ് ആര്‍എംപി നേതൃത്വത്തിന് പ്രഹരമേല്‍പ്പിച്ചുള്ള രാജി. ഒഞ്ചിയം മേഖലയിലെ കുന്നുമ്മക്കര, മുയിപ്ര പ്രദേശത്തെ 10 കുടുംബങ്ങളാണ് ആര്‍എംപി വിട്ടത്. ഇവര്‍ സിപിഐഎമ്മില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ആര്‍എംപി ലോക്കല്‍ കമ്മിറ്റി അംഗം ആദിയൂര്‍ കണ്ണോത്ത് രാജന്‍, സജീവ പ്രവര്‍ത്തകരായ രജിലേഷ് കുമാര്‍, റിലേഷ് കുമാര്‍, കണ്ണോത്ത് ദിനേശന്‍, രമേശന്‍, മുയിപ്രയില്‍ നിന്നുള്ള രാജേഷ്, ജിജില്‍ അടക്കമുള്ള 10 പേര്‍ക്കാണ് സ്വീകരണം നല്‍കിയത്.

പ്രദേശത്ത് അക്രമം നടത്തി സമാധാന അന്തരിക്ഷം തകര്‍ക്കാനാണ് ആര്‍എംപി നേതൃത്വം ശ്രമിക്കുന്നതെന്ന് രാജിവെച്ചവര്‍ പറഞ്ഞു. ആര്‍എംപി -യുഡിഎഫ് ഘടകകക്ഷി എന്ന നിലയിലേക്ക് അധപതിച്ചെന്ന് ലോക്കല്‍ കമ്മിറ്റി അംഗമായിരുന്ന കണ്ണോത്ത് രാജന്‍ പറഞ്ഞു

കഴിഞ്ഞ ദിവസം സിപിഐഎം അക്രമം ആരോപിച്ച് ആര്‍എംപിയും യുഡിഎഫും ചേര്‍ന്ന് എടച്ചേരി പോലിസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ച് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയാണ് ഉദ്ഘാടനം ചെയ്തത്.

ഈ പരസ്യ ബാന്ധവമാണ് ആര്‍എംപിയിലെ പൊട്ടിത്തെറിക്ക് കാരണം. ഓര്‍ക്കാട്ടേരിയിലെ പൊതുയോഗത്തില്‍ ബിജെപിയില്‍ നിന്ന് രാജിവെച്ച് എത്തിയ ബാബു, സജില്‍ എന്നിവര്‍ക്കും സ്വീകരണം നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News