മാര്‍ക്‌സിന്റെ നിഗമനങ്ങളെ ശരിവയ്ക്കുന്ന ഒരു പഠന റിപ്പോര്‍ട്ട് കൂടി പുറത്ത്; ലോകമാകെ ചര്‍ച്ചയായി ഈ പഠനരേഖ

മാര്‍ക്‌സിന്റെ 200ാം ജന്മവാര്‍ഷികം അടുത്തെത്തിയിരിക്കുന്നു. 1818 മെയ് അഞ്ചിന് ജനിക്കുകയും 1883 മാര്‍ച്ച് 14ന് അന്തരിക്കുകയും ചെയ്ത കാള്‍ മാര്‍ക്‌സ് കാലഗണനാപരമായി 19ാംനൂറ്റാണ്ടിലെ ഒരു ചിന്തകനാണ്. മാര്‍ക്‌സിന്റെ പ്രഖ്യാതരചനയായ മൂലധനം പുറത്തുവന്ന് 150 ആണ്ട് തികഞ്ഞത് കഴിഞ്ഞവര്‍ഷമായിരുന്നു.

ആ നിലയ്ക്കും മാര്‍ക്‌സ് 19ാംശതകത്തിന്റെ ഉല്‍പ്പന്നമാണെന്നു കരുതാം. എങ്കിലും 21ാംനൂറ്റാണ്ടിലും ലോകത്തിന്റെ ചിന്താകേന്ദ്രമായും ജീവിതത്തെ സമത്വാധിഷ്ഠിതമായി പുതുക്കിപ്പണിയാനുള്ള മനുഷ്യവംശത്തിന്റെ നാനാവിധ ശ്രമങ്ങള്‍ക്കുപിന്നിലെ പ്രേരണയായും മാര്‍ക്‌സ് തുടരുന്നു.

നീതിക്കുവേണ്ടിയുള്ള മനുഷ്യവംശത്തിന്റെ സ്വപ്നങ്ങളെ ഇത്രത്തോളം പ്രചോദിപ്പിച്ച മറ്റേതെങ്കിലും ഒരു ചിന്തകനെ ആധുനികലോകം കണ്ടിട്ടില്ല. നമ്മുടെ കാലത്തെയും അതിന്റെ ആന്തരഗതിയെയും തിരിച്ചറിയാന്‍ ലോകം ഇപ്പോഴും മാര്‍ക്‌സിന്റെ കണ്ണിലൂടെതന്നെ നോക്കുന്നു.

മൂലധനത്തിന്റെ 150ാം വാര്‍ഷികവേളയില്‍ ലോകം അത്യന്തം കൗതുകത്തോടെ തിരിച്ചറിഞ്ഞ ഒന്നുണ്ട്. മുതലാളിത്തത്തിന്റെ പ്രകൃതത്തെക്കുറിച്ച് മാര്‍ക്‌സ് 19ാംശതകത്തില്‍ നടത്തിയ നിരീക്ഷണങ്ങള്‍ കൂടുതല്‍ സാധുവായിത്തീര്‍ന്നത് ഈ കാലത്താണെന്ന വസ്തുതയാണത്.

രാഷ്ട്രത്തിന്റെ അതിര്‍വരമ്പ് ഭേദിച്ചുപായുന്ന മൂലധനത്തിന്റെ പ്രകൃതത്തെക്കുറിച്ചും പ്രകൃതിവിഭവങ്ങളെ കുത്തിക്കവര്‍ന്നുകൊണ്ടുള്ള അതിന്റെ സഞ്ചാരഗതിയെക്കുറിച്ചുമെല്ലാം മാര്‍ക്‌സ് പലപ്പോഴായി നടത്തുന്ന നിരീക്ഷണങ്ങള്‍ കൂടുതല്‍ ഇണങ്ങുന്നത് 19ാംനൂറ്റാണ്ടിലെ മുതലാളിത്തത്തോടല്ല; മറിച്ച് ആഗോളീകൃത മൂലധനത്തിന്റെ കാലത്തോടാണ്.

വ്യാവസായിക മുതലാളിത്തത്തിന്റെ പ്രാരംഭവേളയില്‍ നിലയുറപ്പിച്ച് മാര്‍ക്‌സ് നടത്തിയ വിശകലനം മുതലാളിത്തത്തിന്റെ അടിസ്ഥാനപ്രകൃതത്തെ എത്ര ആഴത്തില്‍ പ്രകാശിപ്പിക്കുന്നു എന്നതിന്റെ തെളിവാണ് ആ നിഗമനങ്ങള്‍.

മുതലാളിത്തവളര്‍ച്ചയെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ നിഗമനങ്ങളെ സമ്പൂര്‍ണമായി ശരിവയ്ക്കുന്ന മറ്റൊരു പഠനറിപ്പോര്‍ട്ടുകൂടി സമീപകാലത്ത് പുറത്തുവന്നു.

ആഗോളതലത്തിലുള്ള സാമ്പത്തിക അസമത്വം വിശദീകരിക്കുന്ന ‘വേള്‍ഡ് ഇന്‍ ഇക്വാലിറ്റി റിപ്പോര്‍ട്ട്’ ലോകമെമ്പാടുമുള്ള നൂറിലധികം ഗവേഷകരുടെ ഗവേഷണഫലങ്ങള്‍ സമാഹരിച്ച്് ലോകപ്രസിദ്ധമായ അഞ്ച് സാമ്പത്തികശാസ്ത്രജ്ഞര്‍ ചേര്‍ന്ന് തയ്യാറാക്കിയതാണ്.

‘മൂലധനം ഇരുപത്തൊന്നാം നൂറ്റാണ്ടില്‍’ എന്ന പ്രസിദ്ധ ഗ്രന്ഥത്തിന്റെ രചനയിലൂടെ പെരുകിവരുന്ന സാമ്പത്തിക അസമത്വത്തിന്റെ മാരകപ്രകൃതത്തിലേക്ക് ലോകത്തിന്റെ ശ്രദ്ധയെ ആനയിച്ച തോമസ് പിക്കറ്റിയാണ് അതില്‍ പ്രധാനി.

മുതലാളിത്ത വളര്‍ച്ചയുടെ ഫലമായി സമ്പത്ത് കൂടുതല്‍ കൂടുതലായി കേന്ദ്രീകൃതമായിത്തീരുമെന്ന ഒന്നരനൂറ്റാണ്ട് പഴക്കമുള്ള മാര്‍ക്‌സിന്റെ നിരീക്ഷണത്തെ സമ്പൂര്‍ണമായി സാധൂകരിക്കുന്ന ഒന്നാണ് ആ റിപ്പോര്‍ട്ട്.

പുതിയ സഹസ്രാബ്ദത്തിന്റെ തുടക്കത്തില്‍ ആരംഭിച്ച ആഗോള ധനവരുമാന വിവരശേഖരണപദ്ധതിയുടെ ഭാഗമായാണ് ഈ പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയിട്ടുള്ളത്.

ലോകത്തിന്റെ എല്ലാ മേഖലകളില്‍നിന്നും സമാഹരിച്ച വിവരങ്ങള്‍ അത് ക്രോഡീകരിക്കുന്നു. അസമത്വറിപ്പോര്‍ട്ട് അനുസരിച്ച്, ലോകത്തെ മിക്കമേഖലകളിലും ജനസംഖ്യയുടെ പത്ത് ശതമാനം വരുന്ന അതിസമ്പന്നര്‍ മഹാഭൂരിപക്ഷം സമ്പത്തും കൈയടക്കിയിരിക്കുന്നു.

മധ്യേഷ്യയില്‍ അത് 61 ശതമാനവും ബ്രസീലും ഇന്ത്യയും ആഫ്രിക്കയും ഉള്‍പ്പെടുന്ന മേഖലകളില്‍ 55 ശതമാനവുമാണ്. മേല്‍ത്തട്ടിന്റെ കൈയില്‍ സമ്പത്ത് കുന്നുകൂടുന്നതിന്റെ അളവ് താരതമ്യേന കുറഞ്ഞിരിക്കുന്നത് യൂറോപ്പിലാണ്. 37 ശതമാനം.

1980കള്‍മുതലാണ് അസമത്വത്തിന്റെ തോതില്‍ ഈ മാരകവളര്‍ച്ച പ്രബലമായതെന്ന് റിപ്പോര്‍ട്ട് പറയുന്നു. രണ്ടു കാരണമാണ് അതിനുപിന്നില്‍ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

എണ്‍പതുകളോടെ അമേരിക്കയിലും ബ്രിട്ടനിലും റൊണാള്‍ഡ് റീഗന്റെയും താച്ചറുടെയും നേതൃത്വത്തില്‍ അരങ്ങേറിയ സാമ്പത്തികനയ വ്യതിയാനമാണ് ആദ്യത്തേത്. രണ്ടാം ലോകയുദ്ധാനന്തരം, സോവിയറ്റ് സമ്മര്‍ദത്തെ നേരിടാന്‍ കൈക്കൊണ്ടിരുന്ന സാമൂഹികക്ഷേമപദ്ധതികളില്‍നിന്നും പടിഞ്ഞാറന്‍ രാജ്യങ്ങള്‍ വഴിതിരിയുന്നത് അതോടെയാണ്.

പൊതുവിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ വലിയ സാമ്പത്തികനിക്ഷേപങ്ങള്‍ വഴിയുള്ള സമ്പത്തിന്റെ പുനര്‍വിതരണ നടപടികള്‍ അതോടെ ഒട്ടൊക്കെ അവസാനിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ പുത്തന്‍ സാമ്പത്തികനയം കൈക്കൊണ്ട്, പടിഞ്ഞാറന്‍ വികസനയുക്തിയെ പിന്‍പറ്റാന്‍ തുടങ്ങിയതാണ് ആഗോള അസമത്വത്തെ ശക്തിപ്പെടുത്തിയ രണ്ടാമത്തെ ഘടകം.

കഴിഞ്ഞ കാല്‍നൂറ്റാണ്ടിനിടയില്‍ അസമത്വത്തിന്റെ തോതില്‍ പൊടുന്നനെയുള്ള വളര്‍ച്ചയുണ്ടായത് റഷ്യയിലാണെങ്കില്‍ ഇന്ത്യയില്‍ അസമത്വം പടിപടിയായി ഏറിവരികയായിരുന്നുവെന്നും ചൈന മിതമായ നിലയില്‍ സമത്വത്തിലേക്ക് എത്തപ്പെട്ടുവെന്നും ആഗോള അസമത്വറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മുതലാളിത്തവളര്‍ച്ചയുടെ പുതിയ പ്രകൃതം ഭരണകൂടങ്ങളെ മിക്കവാറും അപ്രസക്തമാക്കുന്ന നിലയിലേക്ക് നീങ്ങുന്നതായും പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നുണ്ട്. ഒരു രാജ്യത്തിന്റെ ദേശീയസമ്പത്തിനെ നിര്‍ണയിക്കുന്നത് സ്വകാര്യസ്വത്ത്, പൊതുസ്വത്ത് എന്നിവയാണ്.

ഇതില്‍ സ്വകാര്യസ്വത്തിന്റെ ഭീമാകാരമായ വളര്‍ച്ചയാണ് പിന്നിട്ട കാല്‍നൂറ്റാണ്ടില്‍ ഉണ്ടായത്. സമ്പന്നമേഖലകളില്‍ സ്വകാര്യസമ്പത്തിന്റെ വളര്‍ച്ചയുടെ തോത് 1970കളില്‍ 200350 ശതമാനമായിരുന്നെങ്കില്‍ ഇപ്പോഴത് 400700 ശതമാനമായി ഉയര്‍ന്നു.

അതേസമയം, പൊതുസമ്പത്ത് പലരാജ്യങ്ങളിലും മിക്കവാറും ഇല്ലാതായി. (പൊതു ആസ്തിയില്‍നിന്ന് പൊതുകടം കുറച്ചാല്‍ അവശേഷിക്കുന്നതാണ് പൊതുസമ്പത്ത്). ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ പൊതുസമ്പത്ത് പൂജ്യത്തോട് അടുത്താണെങ്കില്‍ അമേരിക്കയിലും ബ്രിട്ടനിലും അത് പൂജ്യത്തിനും താഴെ നെഗറ്റീവ് നിലയിലേക്ക് നീങ്ങിക്കഴിഞ്ഞു.

വാസ്തവത്തില്‍ ഇത് ഭരണകൂടങ്ങളെത്തന്നെ അപ്രസക്തമാക്കുന്ന ഒന്നായി മാറി. പൊതുജനാരോഗ്യത്തിന്റെയോ പൊതുവിദ്യാഭ്യാസത്തിന്റെയോ പരിസ്ഥിതിയുടെയോ മേഖലയില്‍ നിക്ഷേപം നടത്താന്‍ സര്‍ക്കാരുകളുടെ കൈയില്‍ നീക്കിയിരിപ്പ് ഇല്ലാതായി. മുതലാളിത്തവളര്‍ച്ചയുടെ നടത്തിപ്പുകാരായി നിലകൊണ്ട ഭരണകൂടങ്ങളെ മുതലാളിത്തം അന്തിമമായി വിഴുങ്ങിയിരിക്കുന്നു എന്നര്‍ഥം.

അസമത്വത്തിന്റെ വളര്‍ച്ച മാരകമായ അനുപാതത്തിലെത്തിയ രാജ്യങ്ങളിലൊന്നായാണ് ഇന്ത്യയെ റിപ്പോര്‍ട്ട് പരിഗണിക്കുന്നത്. കോളനിവാഴ്ചക്കാലത്ത്, 1940കളില്‍, മൊത്തം ദേശീയസമ്പത്തിന്റെ 20 ശതമാനത്തോളമാണ് മേല്‍ത്തട്ടിലെ അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ പക്കലുണ്ടായിരുന്നത്.

സ്വാതന്ത്ര്യപ്രാപ്തിക്കുശേഷമുള്ള മൂന്നുപതിറ്റാണ്ടുകളിലെ ആസൂത്രണപരമായ ഇടപെടലുകള്‍വഴി 1980കളില്‍ ഇത് ആറ് ശതമാനമായി കുറഞ്ഞു. എന്നാല്‍ ’90കളിലെ ഉദാരവല്‍ക്കരണം ഇതില്‍ വലിയ മാറ്റത്തിന് വഴിതുറന്നു. 2014ല്‍ ഇന്ത്യയിലെ അതിസമ്പന്നരായ ഒരുശതമാനം മൊത്തം സമ്പത്തിന്റെ 22 ശതമാനവും കൈയടക്കിക്കഴിഞ്ഞതായാണ് റിപ്പോര്‍ട്ട് പറയുന്നത്.

കോളനിവാഴ്ചക്കാലത്തേതിനേക്കാള്‍ വലിയ അസമത്വത്തിലേക്കാണ് ഉദാരീകരണത്തിലൂടെ ദേശീയഭരണകൂടങ്ങള്‍’ഇന്ത്യന്‍ ജനതയെ ആനയിച്ചത്.

2014ല്‍ മേല്‍ത്തട്ടിലെ പത്തുശതമാനംപേര്‍ മൊത്തം സമ്പത്തിന്റെ 56 ശതമാനം കൈയടക്കിക്കഴിഞ്ഞു. താഴെത്തട്ടിലെ 50 ശതമാനത്തിന് അപ്പോള്‍ മൊത്തം സമ്പത്തിന്റെ 15 ശതമാനത്തില്‍ താഴെമാത്രമേ ഉണ്ടായിരുന്നുളളൂ. കീഴ്ത്തട്ടിലെ 50 ശതമാനത്തിന്റെ മൊത്തം വരുമാനം മേല്‍ത്തട്ടിലെ ഒരു ശതമാനത്തിന്റെ മൂന്നില്‍ രണ്ടുമാത്രമാണ്.

പ്രായപൂര്‍ത്തിയായ 40 കോടിയോളംപേര്‍ ഉള്‍പ്പെടുന്ന കീഴ്ത്തട്ടിലെ 50 ശതമാനത്തിന്റെ പക്കല്‍ കേവലം 15 ശതമാനം സ്വത്തുള്ളപ്പോള്‍ 32 കോടി വരുന്ന ഇടത്തട്ടുകാര്‍ 30 ശതമാനം സ്വത്തിന്റെ ഉടമകളായിരിക്കുന്നു. എന്നാല്‍, എട്ടുകോടിമാത്രം വരുന്ന മേല്‍ത്തട്ടിലെ പത്ത് ശതമാനം മൊത്തം സമ്പത്തിന്റെ 55 ശതമാനവും അതിലെതന്നെ അതിസമ്പന്നരായ ഒരു ശതമാനം (80 ലക്ഷംപേര്‍) മൊത്തം സമ്പത്തിന്റെ 22 ശതമാനവും കൈയടക്കിക്കഴിഞ്ഞിരിക്കുന്നു.

കീഴ്ത്തട്ടിലെ 50 ശതമാനം ജനങ്ങളുടെ പ്രതിശീര്‍ഷ വാര്‍ഷികവരുമാനം 43,700 രൂപയാണെങ്കില്‍ മേല്‍ത്തട്ടിലെ ഒരു ശതമാനത്തിന് അത് 31 ലക്ഷം രൂപയാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. കാല്‍നൂറ്റാണ്ട് പിന്നിട്ട ആഗോളീകരണവും ഉദാരവല്‍ക്കരണവും ശരാശരി ഇന്ത്യക്കാരന്റെ ജീവിതം കൊള്ളയടിക്കലിനപ്പുറം മറ്റൊന്നുമായിരുന്നില്ല എന്നാണ് ഈ കണക്കുകള്‍ വ്യക്തമാക്കുന്നത്.

ഇത്തരം വിവരങ്ങളുടെ തുടര്‍ച്ചയെന്ന നിലയില്‍ പരിഗണിക്കാവുന്ന ഒന്നാണ് കഴിഞ്ഞദിവസങ്ങളില്‍ നടന്ന ദാവോസിലെ ലോക സാമ്പത്തികഫോറത്തിനുമുന്നോടിയായി സന്നദ്ധസംഘടനകളുടെ രാജ്യാന്തര കൂട്ടായ്മയായ ഓക്‌സ്ഫാം പുറത്തുവിട്ട കണക്കുകള്‍.

2017ല്‍ ഇന്ത്യയിലുണ്ടായ മൊത്തം സമ്പത്തിന്റെ 73 ശതമാനവും അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ പക്കലെത്തിയതായി ആ റിപ്പോര്‍ട്ട് പറയുന്നു. എന്നാല്‍, ജനസംഖ്യയുടെ പകുതിവരുന്ന 67 കോടി ജനങ്ങളുടെ സമ്പത്തിലുണ്ടായ വളര്‍ച്ച ഒരുശതമാനം മാത്രമാണ്‍ 2017ല്‍ അതിസമ്പന്നരായ ഒരു ശതമാനത്തിന്റെ സ്വത്ത് 4.89 ലക്ഷം കോടി രൂപ വര്‍ധിച്ച് 21 ലക്ഷം കോടി രൂപയിലെത്തി.

201718ലെ കേന്ദ്ര സര്‍ക്കാരിന്റെ വാര്‍ഷിക ബജറ്റിനുതുല്യമായ തുകയാണിത്. ഇന്ത്യന്‍ ഭരണകൂടത്തിന്റെ കൈയിലുള്ള മൊത്തം തുകയോളംതന്നെയാണ് ഒരുശതമാനം വരുന്ന അതിസമ്പന്നരുടെ പക്കല്‍ ഇപ്പോഴുള്ളത്. രാജ്യത്തെ പ്രമുഖ കമ്പനികളിലെ സിഇഒമാര്‍ വാങ്ങുന്ന വാര്‍ഷിക ശമ്പളത്തിനുതുല്യമായ തുക ലഭിക്കാന്‍ ഗ്രാമീണമേഖലയില്‍ മിനിമംകൂലി വാങ്ങുന്ന തൊഴിലാളി 941 വര്‍ഷം ജോലിേെചയ്യണ്ടിവരും മോഡിഭരണം വാഗ്ദാനംചെയ്ത നല്ലകാലത്തിന്റെ അടയാളവാക്യമായി പരിഗണിക്കാവുന്ന കണക്കാണിത്.

അസമത്വത്തിന്റെ ഈ മാരകമായ വ്യാപനം സമഗ്ര വളര്‍ച്ചസൂചികയില്‍ ഇന്ത്യയെ ഏറ്റവും പിന്‍നിരയിലേക്ക് തള്ളിയിട്ടുമുണ്ട്.

അവസരസമത്വവും സന്തുലിതാവസ്ഥയും അടക്കമുള്ള 12 ഘടകങ്ങള്‍ പരിഗണിച്ചാണ് സമഗ്ര വളര്‍ച്ചസൂചിക തയ്യാറാക്കുന്നത്. ദാവോസിലെ ലോക സാമ്പത്തികഫോറത്തില്‍ അവതരിപ്പിച്ച കണക്കുപ്രകാരം 79 വികസ്വരരാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ 60ാംസ്ഥാനത്താണ്.

ബംഗ്ലാദേശ് 36ാംസ്ഥാനത്തും പാകിസ്ഥാന്‍ 52ാംസ്ഥാനത്തും ആയിരിക്കുമ്പോഴാണ് ഇതെന്നുകൂടി മനസ്സിലാക്കിയാലേ ഉദാരീകരണം വിതച്ച അസമത്വത്തിന്റെ വിത്ത് എങ്ങനെ വിളവെടുക്കുന്നു എന്ന് പൂര്‍ണമായി മനസ്സിലാവുകയുള്ളൂ.

മുതലാളിത്തം അതിന്റെ ശൈശവദശ പിന്നിട്ടിട്ടില്ലാത്ത ഒരു വേളയിലാണ് മാര്‍ക്‌സ് അതിന്റെ അടിസ്ഥാനപ്രകൃതത്തെക്കുറിച്ച് ചര്‍ച്ചചെയ്തത്.

അന്ന് മാര്‍ക്‌സ് പ്രവചിച്ച സമ്പത്തിന്റെ അതിഭീമമായ കേന്ദ്രീകരണം ഇന്ന് ലോകത്തെ വിഴുങ്ങാന്‍ പോന്ന ഒരു യാഥാര്‍ഥ്യമായി മാറി. 200ാം ജന്മവാര്‍ഷികവേളയില്‍ മുതലാളിത്തവളര്‍ച്ചയെക്കുറിച്ചുള്ള മാര്‍ക്‌സിന്റെ ഉള്‍ക്കാഴ്ചകള്‍ ഇത്രമേല്‍ ശരിവയ്ക്കപ്പെടുമ്പോള്‍ത്തന്നെ അത് നമ്മെ ഏറെ ആഹ്ലാദിപ്പിക്കുന്നുമില്ല.

കാരണം മാര്‍ക്‌സിന്റെ നിഗമനങ്ങള്‍ ശരിയായിത്തീരുന്നു എന്നതിനര്‍ഥം മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനെത്തന്നെ മുതലാളിത്തം വിഴുങ്ങുന്നു എന്നാണ്.

മുതലാളിത്തത്തെ മറികടക്കാതെ മനുഷ്യവംശത്തിന് തുടരാനാകില്ലെന്നും സോഷ്യലിസം അല്ലെങ്കില്‍ കിരാതത്വമെന്നും റോസ ലക്‌സംബര്‍ഗ്ഗ് ഒരുനൂറ്റാണ്ടുമുമ്പേ പറഞ്ഞത് ഒട്ടുംതന്നെ ആലങ്കാരികമല്ലെന്ന് ബോധ്യപ്പെടുകയാണ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here