
പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിനെക്കുറിച്ചുള്ള അന്വേഷണം സുപ്രീംകോടതി മേല്‍നോട്ടത്തില്‍ വേണമെന്ന പൊതുതാല്‍പ്പര്യ ഹര്‍ജിയെ എതിര്‍ത്ത് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്ര സര്‍ക്കാരിന്റെ ശക്തമായ എതിര്‍പ്പിനെ തുടര്‍ന്ന് അന്വേഷണ മേല്‍നോട്ട വേണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി.
മാര്‍ച്ച് 16ന് ഹര്‍ജിയില്‍ വീണ്ടും വാദം കേള്‍ക്കും. അതേ സമയം കേസില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ക്രെഡിക് വിഭാഗം ജനറല്‍ മാനേജര്‍ രാജേഷ് ജിഡാലിനെ ദില്ലിയില്‍ സിബിഐ അറസ്റ്റ് ചെയ്തു.
പൊതുമേഖല ബാങ്കില്‍ തട്ടിപ്പ് നടത്തി സാധാരണക്കാരന്റെ പണവുമായി മുങ്ങിയ നീരവ് മോദിയെ ഇന്ത്യയിലേക്ക് മടക്കി കൊണ്ട് വരണമെന്നും, കേസിനെക്കുറിച്ചുള്ള അന്വേഷണം സുപ്രീംകോടതി മേല്‍നോട്ടത്തില്‍ വേണമെന്നുമാവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജിയാണ് സുപ്രീംകോടതി പരിഗണിച്ചത്.
രാജ്യം ഉറ്റു നോക്കുന്ന കേസാണിതെന്ന് ചൂണ്ടികാണിച്ച ഹര്‍ജിക്കാരന്‍ സമാനമായ കേസുകളില്‍ കേന്ദ്ര സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് വിജയ്മല്യ തട്ടിപ്പ് ചൂണ്ടികാണിച്ച് കൊണ്ട് വ്യക്തമാക്കി. എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ ഇതിനെ ശക്തമായി എതിര്‍ത്തു.
വിവിധ കേന്ദ്ര ഏജന്‍സികള്‍ തട്ടിപ്പിനെക്കുറിച്ച് വിശദമായ അന്വേഷണം നടത്തുന്നു. ഇതില്‍ സുപ്രീംകോടതി മേല്‍നോട്ടം ആവശ്യമില്ലെന്നും കേന്ദ്ര സര്‍ക്കാരിന് വേണ്ടി ഹാജരായ അന്റോണി ജനറല്‍ കെ.കെ.വേണുഗോപാല്‍ വാദിച്ചു. കേന്ദ്ര സര്‍ക്കാരിന്റെ എതിര്‍പ്പ് പരിഗണിച്ച് കോടതി അന്വേഷണ മേല്‍നോട്ട ആവശ്യം അംഗീകരിച്ചില്ല.
അടുത്ത മാസം 16ന് വീണ്ടും കേസ് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ബഞ്ച് അറിയിച്ചു. ഹര്‍ജിക്കാരനേയും സുപ്രീംകോടതി വിമര്‍ശിച്ചു. മാധ്യമങ്ങളില്‍ വിവാദമായ എന്തെങ്കിലും വാര്‍ത്തയുണ്ടെങ്കില്‍ അതില്‍ ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്ന ഒരു ഫാഷനായി മാറിയെന്നും കോടതി വിമര്‍ശിച്ചു.
അതേ സമയം തട്ടിപ്പ് കേസില്‍ പഞ്ചാബ് നാഷണല്‍ ബാങ്കിന്റെ ഒരു ഉദ്യോഗസ്ഥനെ കൂടി സിബിഐ അറസ്റ്റ് ചെയ്തു.2009 മുതല്‍ 11 വരെ പഞ്ചാബ് ബാങ്ക് മുബൈ ബ്രാഡി ഹൗസ് മാനേജറായിരുന്ന രാജേഷ് ജിഡാലാണ് അറസ്റ്റിലായത്.
ഇദേഹം മാനേജറായിരിക്കുമ്പോഴാണ് നിശ്ചിത സാമ്പത്തിക പരിധിയില്ലാതെ നീരവ് മോദിയ്ക്ക് ബാങ്ക് ഗ്യാരന്റി നല്‍കിയത്. നിലവില്‍ ബാങ്കിന്റെ ക്രഡിറ്റ് വിഭാഗം തലവനായി ദില്ലിയില്‍ ജോലി ചെയ്യുന്ന ജിഡാലിനെ രാവിലെയോടെയാണ് അറസ്റ്റ് ചെയ്തത്

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here