തമി‍ഴകത്തെ ഇളക്കിമറിച്ച് ‘മക്കള്‍ നീതി മയ്യം’; കമല്‍ഹാസന്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു

തമി‍ഴകത്തെ രാഷ്ട്രീയ അനിശ്ചിതാവസ്ഥയ്ക്ക് പരിഹാരം കാണാനായി കമല്‍ ഹാസന്‍. രാഷ്ട്രീയ രംഗത്തിറങ്ങുന്നുവെന്ന കമലിന്‍റെ പ്രഖ്യാപനങ്ങള്‍ യാഥാര്‍ത്ഥ്യമായി.

മധുരയിലെത്തിയ വന്‍ ജനക്കൂട്ടത്തെ സാക്ഷിയാക്കിയാണ് കമല്‍ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. മക്കള്‍ നീതി മയ്യം എന്നാണ് കമലിന്‍റെ പാര്‍ട്ടിയുടെ പേര്.

പാര്‍ട്ടിയുടെ പേരിനൊപ്പം ചിഹ്നവും പതാകയും പുറത്തിറക്കി. തമി‍ഴകത്തെ രാഷ്ട്രീയ മാറ്റമാണ് തന്‍റെ ലക്ഷ്യമെന്ന് കമല്‍ പ്രഖ്യാപിച്ചു. ഒരു നാള്‍ കൊണ്ടാട്ടമല്ലെന്നും അദ്ദേഹം വിവരിച്ചു. താന്‍ നേതാവല്ലെന്നും ജനങ്ങളില്‍ ഒരാള്‍ മാത്രമാണെന്നും കമല്‍ വ്യക്തമാക്കി.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളടക്കം നിരവധിപേര്‍ കമലിന്‍റെ രാഷ്ട്രീയ പ്രഖ്യാപനത്തിന് സാക്ഷികളായി.
ഇന്ന് രാവിലെ ആരംഭിച്ച കമലിന്‍റെ നാളൈ നമത് യാത്രയ്ക്ക് സമാപനം കുറിച്ചുകൊണ്ട് മധുരയില്‍ ചേര്‍ന്ന വമ്പിച്ച പൊതുയോഗത്തിലാണ് തന്‍റെ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം കമല്‍ നിര്‍വഹിച്ചത്. മക്കള്‍ മയ്യം എന്ന പുതിയ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചപ്പേള്‍ ആയിരക്കണക്കിനായ കമലിന്‍റെ ആരാധാകരും പാര്‍ട്ടി അണികളും ആ‍വേശത്തോടെയാണ് അത് സ്വീകരിച്ചത്.

പാര്‍ട്ടി പതാക ഉയര്‍ത്തിയ ശേഷമാണ് കമല്‍ പാര്‍ട്ടിയുടെ പേര് പ്രഖ്യാപിച്ചത്. വെള്ള പതാകയുടെ നടുക്ക് ആറു ചുവപ്പും വെളുപ്പും കരങ്ങള്‍ ഇടവിട്ട് വൃത്താകൃതിയില്‍ അടയാളപ്പെടുത്തിയതാണ് മക്കള്‍ നീതി മയ്യത്തിന്‍റെ പതാക. പാര്‍ട്ടി രൂപീകരണ സമ്മേളനത്തില്‍ തന്‍റെ അണികളെ ഭാവി കടമകളെ ക്കുറിച്ചും കമല്‍ ഹാസന്‍ ഓര്‍മ്മപ്പെടുത്തി.

കമലിന്‍റെ രാഷ്ട്രീയ പാര്‍ട്ടിക്ക് മുഖ്യമന്ത്രി പിണറായി വിജയനും ആശംസ അറിയിച്ചു. തമി‍ഴ്നാടും കേരളവും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണ്ണായക ശക്തിയായി കമല്‍ ഹാസന്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രി സ്മരിച്ചു.

ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ നേരിട്ടെത്തി കമലിന്‍ പാര്‍ട്ടിക്ക് ആശംസയറിയിച്ചപ്പോള്‍ ചന്ദ്രബാബു നായിഡു, മമത ബാനര്‍ജി തുടങ്ങിയവര്‍ ഫോണിലൂടെയും ആശംസ അറിയിച്ചു.

ഭാവി നമ്മൂടേത് എന്ന പേരില്‍ യാത്ര തുടങ്ങിയ കമലിന്‍ തമി‍ഴ് രാഷ്ട്രീയത്തില്‍ എന്ത് ഭാവിയുണ്ടാകുമെന്നറിയാന്‍ അടുത്ത തെരഞ്ഞെടുപ്പ് വരെ കാത്തിരിക്കാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News