അക്രമരാഷ്ട്രീയം സിപിഐഎമ്മിന്‍റെ നയമല്ല; പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കേണ്ടതുണ്ടെന്നും സീതാറാം യെച്ചൂരി

രാജ്യത്തുവളര്‍ന്നുവരുന്ന വെല്ലുവിളികളെ ഫലപ്രദമായി നേരിടാന്‍ കമ്മ്യൂണിസ്റ്റു പാര്‍ട്ടികള്‍ക്ക് കഴിയണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. സിപിഐ എം സംസ്ഥാന സമ്മേളനം തൃശൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഉള്‍പാര്‍ട്ടി ജനാധിപത്യമാണ് സിപിഐഎമ്മിന്‍റെ ശക്തി. കരട് രാഷ്ട്രീയ പ്രമേയം ശക്തമായ ഉള്‍പാര്‍ട്ടി ജനാധിപത്യത്തിന്‍റെ ഉല്‍പ്പന്നമാണെന്നും യെച്ചൂരി ചൂണ്ടികാട്ടി.

അക്രമരാഷ്ട്രീയം സിപിഐഎമ്മിന്‍റെ നയമല്ല. പക്ഷെ പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ പ്രതിരോധിക്കാന്‍ പാര്‍ട്ടി പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി. പാര്‍ട്ടിക്കെതിരായ ആക്രമണം ശക്തമായിരിക്കുന്ന സാഹചര്യത്തില്‍ കാലം ആവശ്യപ്പെടുന്ന പോരാട്ടം ഏറ്റെടുക്കാനാകണമെന്നും ജനറല്‍ സെക്രട്ടറി പ്രത്യാശിച്ചു.

കേന്ദ്രസര്‍ക്കാരിന്‍റെയും മോദിയുടെയും തെറ്റായ പ്രവണതകള്‍ക്കെതിരെയും അതിരൂക്ഷമായ വിമര്‍ശനം യെച്ചൂരി ഉന്നയിട്ടു. ഇന്ത്യ നേരിടുന്നത് പ്രധാനമായും നാലു വെല്ലുവിളികളാണ്. അക്രമണോല്‍സുകമായ നവ ഉദാരവല്‍ക്കരണ നയം, ഹിന്ദുത്വദേശീയതയുടെ വളര്‍ച്ച, ഭരണകൂടത്തിന്റെ സ്വഭാവത്തില്‍ വരുത്തുന്ന മാറ്റം, വിദേശ നയത്തില്‍ വരുന്നമാറ്റം എന്നിവയാണ് ഈ വെല്ലുവിളികള്‍.

ഈ വെല്ലുവിളികളെ സാര്‍വദേശീയമായ പരിഗണനയോടെ നേരിടാന്‍ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു കഴിയണമെന്നും യെച്ചൂരി ചൂണ്ടികാട്ടി.

മോദി സര്‍ക്കാര്‍ രാജ്യത്തെ വിറ്റ‍ഴിക്കുകയാണ്. രാജ്യത്തിന്‍റെ ഐക്യത്തിന് തന്നെ ഭീഷണി ഉയര്‍ത്തുന്നു. ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതും ഭരണകൂടമാണെന്നതാണ് മറ്റൊരു യാഥാര്‍ത്ഥ്യം. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉയര്‍ത്താന്‍ സാധിക്കണം. ഫാസിസ്റ്റ് ഭരണത്തിനെതിരെ പോരാട്ടങ്ങള്‍ ശക്തിപ്പെടണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മോദി സര്‍ക്കാര്‍ കോര്‍പറേറ്റുകളുടെയും അ‍ഴിമതിക്കാരുടേതും മാത്രമായി മാറിക്ക‍ഴിഞ്ഞു. അ‍ഴിമതി ആരോപണങ്ങള്‍ ഉയരുമ്പോള്‍ നരേന്ദ്രമോദി മൗനേന്ദ്രമോദിയാകുന്നതായും യെച്ചൂരി കുറ്റപ്പെടുത്തി. രാജ്യത്ത് നടക്കുന്ന കുംഭകോണങ്ങളെക്കുറിച്ച് മോദിക്ക് മിണ്ടാട്ടമില്ല. കുറ്റകരമായ മൗനമാണ് പ്രധാനമന്ത്രി കാട്ടുന്നതെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി പറഞ്ഞു.

വിദേശ യാത്രകളില്‍ ആരൊക്കെയാണ് തന്നെ അനുഗമിക്കുന്നതെന്ന കാര്യം നരേന്ദ്രമോദി വ്യക്തമാക്കണം. പ്രതിഷേധങ്ങള്‍ ഭയന്ന് മോദി പരിപാടികള്‍ റദ്ദാക്കുകയാണെന്നും അദ്ദേഹം ചൂണ്ടികാട്ടി.

സിപിഐഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് യെച്ചൂരി സംസാരിക്കുകയാണ്. തത്സമയം കാണാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News