‘ഇതൊരു സിനിമാകഥയല്ല; ഒരു യഥാര്‍ത്ഥ ഹീറോയുടെ കഥയാണ്’; കാറ്റിനെയും കടലിനെയും വെല്ലുവിളിച്ച് ഒരു അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ച ഈ ഡോക്ടറാണ് ഹീറോ

ഇതൊരു സിനിമാകഥയല്ല, ഒരു യഥാര്‍ത്ഥ ഹീറോയുടെ കഥയാണ്. കാറ്റിനെയും കടലിനെയും വെല്ലുവിളിച്ച് ഒരു അമ്മയുടെയും കുഞ്ഞിന്റെയും ജീവന്‍ രക്ഷിച്ച വാക്കിദ് എന്ന ഡോക്ടറാണ് ഇവിടുത്തെ ഹീറോ. കൂടെ എന്തിനെയും നേരിടാന്‍ തയ്യാറായി സഹായമനസോടെ നിന്ന പൊലീസ് ഉദ്യോഗസ്ഥരും.

ലക്ഷദ്വീപിലെ കില്‍ത്താന്‍ ദ്വീപിലാണ് സംഭവം. കഴിഞ്ഞ ദിവസം ദ്വീപില്‍ ഒരു പ്രസവം നടന്നു. പക്ഷേ മറുപിള്ള പുറത്തുവരുന്നില്ല. രക്തം വാര്‍ന്ന് യുവതിയുടെ ഹീമോഗ്ലോബിന്റെ അളവ് 3 ആയിക്കൊണ്ടിരിക്കുന്നു. സാധാരണയായി 12 മുതല്‍ 15 വരെയാണ് ഹീമോഗ്ലോബിന്റെ അളവ് ഉണ്ടാകേണ്ടത്.

കില്‍ത്താന്‍ ദ്വീപിലെ ആശുപത്രിയില്‍ ബ്ലഡ് ബാങ്ക് ഇല്ല. അത്യാവശ്യ ഘട്ടങ്ങളില്‍ രക്തം ആവശ്യമായി വരുമ്പോള്‍ കൂടുതല്‍ സൗകര്യങ്ങളുള്ള അഗത്തി ദ്വീപിലൊ മറ്റൊ എത്തിക്കുകയാണ് പതിവ്. ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറായിരുന്ന വാക്കിദ് എത്രയും പെട്ടെന്ന് യുവതിയെ അഗത്തി ദ്വീപിലെ ആശുപത്രിയില്‍ എത്തിക്കാന്‍ തീരുമാനിച്ചു.

യുവതിയെ ദ്വീപില്‍ നിന്ന് എയര്‍ലിഫ്ട് ചെയ്യണം. പക്ഷേ, രാത്രിയായതിനാല്‍ ഹെലികോപ്ടര്‍ ദ്വീപില്‍ ഇറങ്ങില്ല. സമയം തീരെയില്ലെന്ന് മനസ്സിലാക്കിയ ഡോ.വാക്കിദ് ഒരുവിധത്തില്‍ ചേരുന്ന രക്തം ഉള്ളയാളെ കണ്ടുപിടിച്ച് രക്തം ശേഖരിച്ചു. പിന്നീടായിരുന്നു രക്തം വാര്‍ന്നൊലിക്കുന്ന യുവിതെയും കൊണ്ടുള്ള സാഹസികയാത്ര.

ഒരുനിമിഷം പോലും വൈകാതെ യുവതിക്ക് രക്തം നല്‍കികൊണ്ട് സ്പീഡ് ബോട്ടില്‍ ഡോ.വാക്കിദ് അഗത്തി ദ്വീപില്‍ എത്തിക്കുകയായിരുന്നു. കാറ്റിനെയും കടലിനെയും തോല്‍പ്പിച്ചയാത്രക്ക് ശേഷം കില്‍ത്താലിലെ ഡോക്ടര്‍ ബന്ധപ്പെട്ടപ്പോള്‍ അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നാണ് വാക്കിദ് പറഞ്ഞത്.

സംഭവം അറിഞ്ഞ് അന്വേഷിച്ച സഹപ്രവര്‍ത്തകരോട് ‘ദ്വീപില്‍ ഒരു ബ്ലഡ് ബാങ്ക് എങ്കിലും ഉണ്ടായിരുന്നെങ്കില്‍’ എന്ന് മാത്രമാണ് ഡോ.വാക്കിദ് പറഞ്ഞത്.

കാര്യത്തിന്റെ ഗൗരവം മനസ്സിലാക്കി രോഗിയെ കൊണ്ടുപോകുന്നതിന്റെ ഉത്തരവാദിത്വം പ്രേം നസീര്‍, അബ്ദു സമദ് എന്നീ പൊലീസ് ഉദ്യോഗസ്ഥര്‍ സ്വയം ഏറ്റെടുക്കുകയായിരുന്നു. മുഹമദ് അലി, ജുനൈദ് എന്നീ പൊലീസ് ഉദ്യോഗസ്ഥരും സഹായവുമായി എത്തി.

കോട്ടയം മെഡിക്കല്‍ കോളേജില്‍ വാക്കിദിന്റെ ജൂനിയറായി പഠിച്ച അനസ് സാലിത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സംഭവം പുറംലോകമറിഞ്ഞത്.

പിന്നീട് നിരവധി സഹപ്രവര്‍ത്തകരും വാക്കിദുമായി ബന്ധപ്പെട്ട് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യനില പങ്കുവെച്ചു. ഡോ.വാക്കിദ് നടത്തിയ മാതൃകാപരമായ ഇടപെടലിന് അഭിനന്ദനങ്ങളുമായി ഒട്ടേറെപേര്‍ രംഗത്തെത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here