കേരള വിസിയുടെ സംവരണപ്രേമം പൊളിയുന്നു; ഉദ്യോഗാര്‍ത്ഥിയായ മുസ്ലീം അധ്യാപികയുടെ അപേക്ഷ നിരസിച്ചത് ഇതരസംസ്ഥാനക്കാരിയാണെന്ന വിചിത്ര കാരണത്താല്‍; വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിസിയുടെ നടപടി ദുരൂഹം #PeopleExclusive

ഇതരസംസ്ഥാനകാരിക്ക് സര്‍വ്വകലാശാല അധ്യാപികയാകാന്‍ വിലക്ക് ഏര്‍പ്പെടുത്തി കേരളാ സര്‍വ്വകലാശാല വൈസ് ചാന്‍സിലര്‍.

കേരളത്തിന് പുറത്തുളളവര്‍ക്ക് സംവരണാനുകൂല്യം ലഭിക്കില്ലെന്ന് വിചിത്ര വാദം ചൂണ്ടി കാണിച്ചാണ് സര്‍വ്വകലാശാലയുടെ നടപടി. എന്നാല്‍ നിരവധി ഇതരസംസ്ഥാനക്കാര്‍ സര്‍വ്വകലാശാല അധ്യാപകരായി നിലവിലുണ്ടെന്ന് ഇരിക്കെ വിസിയുടെ നടപടി ദുരൂഹമാകുന്നു.

ഉത്തര്‍പ്രദേശ് ഖൈറാബാദ് സ്വദേശിനിയായ ഷമാ പര്‍വീണ്‍ എന്ന ജര്‍മ്മന്‍ ഭാഷാ അധ്യാപികക്ക് ആണ് കേരള സര്‍വ്വകലശാലയില്‍ നിന്ന് ദുരനുഭവം ഉണ്ടായിരിക്കുന്നത്.

ഇതരസംസ്ഥാനകാരിയായി പോയി എന്ന ഒറ്റ കാരണം കൊണ്ട് ഇവര്‍ അധ്യാപകനിയമനത്തിനായി സമര്‍പ്പിച്ച അപേക്ഷ നിരസിച്ച് വൈസ് ചാന്‍സിലര്‍ അയോഗ്യത കല്‍പ്പിച്ചത്.

ഷമാ പര്‍വീണിന്റെ അപേക്ഷ നിരസിച്ച് സര്‍വകലാശാല അയച്ച ഇമെയിലിന്റെ പകര്‍പ്പ്

സര്‍വ്വകലാശാല അസിസ്റ്റന്റ് പ്രൊഫസര്‍ നിയമനത്തിന് ഏത് ഇന്ത്യന്‍ പൗരനും അപേക്ഷിക്കാം എന്നാണ് നിയമമെന്നിരിക്കെ പിഎസ്എസി മാര്‍ഗരേഖ ചൂണ്ടികാട്ടിയാണ് കേരള സര്‍വ്വകലാശാലയുടെ വിചിത്ര നടപടി. സര്‍വ്വകലാശാല അധ്യാപക നിയമനങ്ങള്‍ പിഎസ്എസിക്ക് വിട്ടിട്ടില്ലാതതിനാല്‍ വിസിയുടെ നടപടി തികച്ചും തെറ്റാണെന്ന് നിയമജ്ഞര്‍ സാക്ഷ്യപെടുത്തുന്നു.

ജനുവരി 25 തീയതി സര്‍വ്വകലാശാല ഷമാ പര്‍വീണിന് അയച്ച ഇമെയില്‍ സന്ദേശത്തില്‍ കേരളത്തിന് പുറത്തുളള ആളായതിനാല്‍ നിങ്ങള്‍ക്ക് ഈ തസ്തികയിലേക്ക് അപേക്ഷിക്കാന്‍ കഴിയില്ലെന്നാണ് ചൂണ്ടികാണിച്ചിരിക്കുന്നത്. എന്നാല്‍ ഇതരസംസ്ഥാനക്കാരായ നിരവധി അധ്യാപകര്‍ ഇപ്പോഴും യൂണിവേഴ്‌സിറ്റിയില്‍ പഠിപ്പിക്കുന്നുണ്ട്.

പട്ടികജാതി സംവരണത്തില്‍ ഇംഗ്ലീഷ് അധ്യാപകനായി നിയമനം നേടിയ രാജാശേഖര ഭട്ടാറ്റി എന്ന അധ്യാപകന്‍ ആന്ധ്രപ്രദേശിലെ വിജയവാഡ സ്വദേശിയായിരുന്നു. നിലവില്‍ കെമസ്ട്രി വിഭാഗത്തിന്റെ തലവനായ മുഹമ്മദ് അബുബക്കര്‍ ഷിബിലി, അക്വാട്ടിക്ക് ബയോളജി അധ്യാപകനായ കെ.പദ്മകുമാര്‍ എന്നീവര്‍ തമിഴ്‌നാട് സ്വദേശികളാണ്.

ഇവരടക്കം നിരവധി ഇതരസംസ്ഥാനക്കാര്‍ അധ്യാപക തസ്തികയില്‍ ജോലി ചെയ്യുന്നുണ്ടെന്നിരിക്കെ പ്രദേശിക വാദം ഉയര്‍ത്തി അപേക്ഷ നിരസിച്ച വിസിയുടെ നടപടി തികച്ചും ദൂരൂഹമാണ്.

ജര്‍മ്മന്‍ വിഭാഗത്തില്‍ ആകെ രണ്ട് അധ്യാപക തസ്തികകള്‍ ആണ് ഒഴിവുണ്ടായിരുന്നത്. അതില്‍ ഒരു തസ്തിക ലത്തീന്‍ കത്തോലിക്ക വിഭാഗത്തിനും, മറ്റൊന്ന് മുസ്ലീം വിഭാഗത്തിനുമാണ് നീക്കി വെച്ചിരുന്നത്.

അസി. പ്രൊഫസര്‍ നിയമനത്തിനായി കേരള സര്‍വകലാശാല പുറത്തിറക്കിയ വിജ്ഞാപനത്തിന്റെ പകര്‍പ്പ്‌

മുസ്ലിം വിഭാഗത്തില്‍ തന്നെയുളള ഷമാ പര്‍വീണിന്റെ അപേക്ഷ നിരസിച്ചതോടെ ഇനിയുള്ള രണ്ട് തസ്തികയിലേക്കും അപേക്ഷ സമര്‍പ്പിച്ചിരിക്കുന്ന രണ്ട് ഉദ്യോഗാര്‍ത്ഥികള്‍ക്കും നിയമനം ലഭിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു.

ഉത്തര്‍പ്രദേശ് സ്വദേശിനിയായ ഷമാ പര്‍വീണ്‍ ദില്ലി സര്‍വ്വകലാശാലയില്‍ നിന്നാണ് ജര്‍മ്മന്‍ ഭാഷയില്‍ മികച്ച മാര്‍ക്കോടെ ബിരുദാനന്ദര ബിരുദം കരസ്ഥമാക്കിയത്.

പീപ്പിള്‍ വാര്‍ത്ത വിഭാഗം ഉത്തര്‍പ്രദേശ് സ്വദേശിനിയായ ഷമാ പര്‍വീണിനുമായി ബന്ധപ്പെട്ട് വാര്‍ത്ത ശരിയെന്ന് ഉറപ്പിച്ചിട്ടുണ്ട്.

ഓണ്‍ലൈന്‍ ആയി സമര്‍പ്പിക്കുന്ന അപേക്ഷകളില്‍ തെറ്റ് ഉണ്ടെങ്കില്‍ ഉദ്യോഗാര്‍ത്ഥിക്ക് മെമ്മോ നല്‍കി തെറ്റ് തിരുത്താന്‍ അവസരം നല്‍കുകയാണ് സര്‍വ്വകലാശാലയുടെ കീഴ്‌വഴക്കം എന്നിരിക്കെ വൈസ് ചാന്‍സിലര്‍ നിക്ഷിപ്ത താല്‍പര്യത്തോടെ അപേക്ഷ നിരസിക്കാന്‍ ഫയലില്‍ എഴുതുകയായിരുന്നു.

വിരമിക്കാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ വിസി എടുക്കുന്ന ഒരോ തീരുമാനവും അനുനിമിഷം സംശയാസ്പദമാകുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here