കൊച്ചി: എറണാകളും സുഭാഷ് പാര്‍ക്കില്‍ ജീവനക്കാരുടെ സദാചാരഗുണ്ടായിസം.

മാധ്യമപ്രവര്‍ത്തകനും ചിത്രകാരനുമായ അനുരാഗിനും സുഹൃത്തായ പെണ്‍കുട്ടിക്കും നേരെയാണ് പാര്‍ക്കിന്റെ സുരക്ഷാ ചുമതയുള്ള ജീവനക്കാരുടെ സദാചാര ആക്രമണം നേരിടേണ്ടി വന്നത്.

അനുരാഗ് പെണ്‍കുട്ടിയുടെ മടിയില്‍ തലവെച്ച് കിടന്നതാണ് ജീവനക്കാരെ പ്രകോപിപ്പിച്ചത്. തലവച്ച് കിടക്കുന്നതിന് എന്താണ് കുഴപ്പമെന്ന് ചോദിച്ചപ്പോള്‍ ജീവനക്കാര്‍ നല്‍കി മറുപടി വിചിത്രമാണ്.

ഇത് ഇങ്ങനെ: ‘അഞ്ചു മിനിട്ട് മടിയില്‍ തലവച്ച് കിടന്നാല്‍ കപ്പിള്‍സിന്റെ രീതി മാറും. ഇത് തടയുക ഞങ്ങളുടെ ജോലിയാണ്. ഇതൊരു മാതൃക പാര്‍ക്ക് ആണ്. സുഭാഷ് പാര്‍ക്കിലെ ബൈ ലോ പ്രകാരം മടിയില്‍ കിടക്കാന്‍ പാടില്ല’

അല്‍പ്പനേരം കഴിഞ്ഞതോടെ നാട്ടുകാരെന്ന് അവകാശപ്പെട്ട സാമൂഹ്യവിരുദ്ധരും സ്ഥലത്തെത്തി, സംസ്‌കാര സംരക്ഷണപ്രസംഗം ആരംഭിച്ചു. ഇവരില്‍ ചിലര്‍ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറുകയും ചെയ്തു.

മുന്‍പും സുഭാഷ് പാര്‍ക്കിലെ ജീവനക്കാര്‍ മഹാരാജാസ്, ലോ കോളേജ് വിദ്യാര്‍ഥികളോട് മോശമായി പെരുമാറിയ സംഭവങ്ങളുണ്ടായിട്ടുണ്ട്.