വര്‍ഗീയ പരാമര്‍ശവുമായി കരസേനാ മേധാവി; പ്രതിഷേധം ശക്തം

ദില്ലി: അസമില്‍ ബിജെപിയേക്കാള്‍ വേഗത്തില്‍ ഓള്‍ ഇന്ത്യ ഡെമോക്രാറ്റിക് യുണൈറ്റഡ് ഫ്രണ്ട് (എഐഡിയുഎഫ്) വളരുന്നതില്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് ആശങ്ക പ്രകടിപ്പിച്ചതില്‍ വ്യാപക പ്രതിഷേധം.

വര്‍ഗീയരാഷ്ട്രീയ പരാമര്‍ശം നടത്തിയ റാവത്, കരസേനാ മേധാവിയെന്ന നിലയില്‍ പാലിക്കേണ്ട ഭരണഘടനാപരമായ മര്യാദ ലംഘിച്ചെന്നാണ് വിലയിരുത്തല്‍. പരാമര്‍ശം രാഷ്ട്രീയമോ മതപരമോ അല്ലെന്ന വിശദീകരണവുമായി കരസേന രംഗത്തെത്തി.

ഡല്‍ഹിയിലെ ഡിആര്‍ഡിഒ ഭവനില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളെക്കുറിച്ച് സംഘടിപ്പിച്ച സെമിനാറില്‍ ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റത്തെക്കുറിച്ചുള്ള പരാമര്‍ശമാണ് വിവാദമായത്. ‘അസമില്‍ അഞ്ച് മുസ്ലിം ഭൂരിപക്ഷ ജില്ലകളുണ്ടായിരുന്നത് ഇപ്പോള്‍ ഒമ്പതായി. തിരുകിക്കയറ്റല്‍ നടന്നു. എഐഡിയുഎഫ് എന്നൊരു പാര്‍ടിയുണ്ട്.

കഴിഞ്ഞ കാലങ്ങളില്‍ ബിജെപി വളര്‍ന്നതിനേക്കാള്‍ വേഗത്തില്‍ ആ പാര്‍ടി വളര്‍ന്നു. അസമില്‍ എഐഡിയുഎഫാണ് വേഗത്തില്‍ വളരുന്നത്.’ ജനറല്‍ റാവത്ത് പറഞ്ഞു.

‘ലെബന്‍സ്രോം’ (വാസസ്ഥലം) എന്ന നാസി പരാമര്‍ശം ജനറല്‍ റാവത്തിന്റെ പ്രസംഗത്തില്‍ കടന്നുകൂടിയതും ശ്രദ്ധേയമായി. ‘ബംഗ്ലാദേശില്‍നിന്നുള്ള കുടിയേറ്റകാരണങ്ങളിലൊന്ന് ലെബന്‍സ്രോം ആണ്.

അവര്‍ സ്ഥലപരിമിതി നേരിടുകയാണ്. വര്‍ഷകാലത്ത് അവരുടെ മേഖലയില്‍ വെള്ളം കയറും. അതുകൊണ്ട് അവര്‍ നമ്മുടെ സ്ഥലത്തേക്ക് വരുന്നത് തുടരും’ ജനറല്‍ റാവത്ത് പറഞ്ഞു. രാജ്യാതിര്‍ത്തി വ്യാപിപ്പിക്കുന്നതിന് ന്യായീകരണമായി നാസികള്‍ ഉപയോഗിച്ചിരുന്ന ആശയാടിത്തറയായിരുന്നു ലെബന്‍സ്രോം.

കരസേനാ മേധാവിയുടെ പരാമര്‍ശങ്ങള്‍ക്കെതിരായി എഐഡിയുഎഫ് ശക്തമായി രംഗത്തുവന്നു. ജനറല്‍ റാവത്ത് നടത്തിയ രാഷ്ട്രീയ പരാമര്‍ശം ഞെട്ടിക്കുന്നതാണെന്ന് പാര്‍ടിയുടെ സ്ഥാപക നേതാവ് ബദ്ദറുദീന്‍ അജ്മല്‍ പ്രതികരിച്ചു.

മോഡി സര്‍ക്കാര്‍ പ്രത്യേക താല്‍പ്പര്യമെടുത്താണ് ജനറല്‍ റാവത്തിനെ കരസേനാ മേധാവിയാക്കിയത്. രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥരെ മറികടന്നായിരുന്നു നിയമനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News