മഞ്ഞപ്പടയുടെ മരണപോരാട്ടം; സാധ്യതകളുടെ നൂല്‍പ്പാലം നിലനിര്‍ത്താന്‍ ഇന്ന് ചെന്നൈയ്നെ ക‍ീ‍ഴടക്കണം;തന്ത്രങ്ങള്‍ ഇങ്ങനെ

സാധ്യതകളുടെ നൂൽപ്പാലത്തിലുള്ള കേരള ബ്ലാസ്റ്റേഴ്സിന് ഇന്ന് ചെന്നൈയിൻ എഫ്സിയുമായി പോരാട്ടം. ഐഎസ്എൽ നാലാം പതിപ്പിന്റെ പ്ലേ ഓഫ് സാധ്യത നിലനിർത്താൻ ജയം അനിവാര്യമാണ് ബ്ലാസ്റ്റേഴ്സിന്.

മറിച്ചുള്ള ഏത് ഫലവും കാര്യങ്ങൾ കൂടുതൽ സങ്കീർണമാക്കും. രണ്ടു കളി ശേഷിക്കെ അഞ്ചാംസ്ഥാനത്താണ് ബ്ലാസ്റ്റേഴ്സ്. നാലു പോയിന്റ് വ്യത്യാസത്തിൽ ചെന്നൈയിൻ മൂന്നാമതുണ്ട്. കൊച്ചിയിലാണ് കളി. കൊച്ചിയിൽ ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരംകൂടിയാണിന്ന്.

ജയംപോലും ഉറപ്പുനൽകില്ല ബ്ലാസ്റ്റേഴ്സിന്. ജയത്തിനൊപ്പം മറ്റ് ടീമുകളുടെ പ്രകടനവുംകൂടി കണക്കിലെടുത്താകും സാധ്യതകൾ. ഇന്ന് ജയിച്ചാൽ നാലാംസ്ഥാനത്തെത്താം ഡേവിഡ് ജയിംസിനും സംഘത്തിനും. 24 പോയിന്റാണുള്ളത്. നാലാമതുള്ള ജംഷെഡ്പുർ എഫ്സിക്ക് 26 പോയിന്റാണ്.

28 പോയിന്റുള്ള ചെന്നൈയിനും യോഗ്യത ഉറപ്പായിട്ടില്ല. തോറ്റാൽ ചെന്നൈയിനിന്റെ ഭാവിയും തുലാസിലാകും. ഇരു ടീമും ചെന്നൈയിൽ കളിച്ചപ്പോൾ 1‐1 ആയിരുന്നു ഫലം.

എഫ്സി പുണെ സിറ്റി (29), ചെന്നൈയിൻ (28), ജംഷെഡ്പുർ (26), ബ്ലാസ്റ്റേഴ്സ് (24), എഫ്സി ഗോവ (21) ടീമുകളാണ് പ്ലേ ഓഫിനായി പൊരുതുന്നത്. ഇതിൽ ഗോവയ്ക്ക് ഒരു മത്സരം കുറവാണ്. 34 പോയിന്റുമായി ബംഗളൂരു എഫ്സി യോഗ്യത നേടി. അവസാന മത്സരത്തിൽ ബംഗളൂരുവാണ് ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.

കോച്ച് ഡേവിഡ് ജയിംസിന് ആത്മവിശ്വാസമുണ്ട്. രണ്ട് കളിയും ജയിച്ച് ആറ് പോയിന്റും നേടി പ്ലേ ഓഫ് ഉറപ്പിക്കാൻകഴിയുമെന്ന് ജയിംസ് പ്രതീക്ഷിക്കുന്നു. ജയിംസിന് കീഴിൽ ബ്ലാസ്റ്റേഴ്സിന് നല്ല മാറ്റമുണ്ടായിട്ടുണ്ട്. അവസാനം കളിച്ച നാലെണ്ണത്തിൽ തോൽവി വഴങ്ങിയിട്ടില്ല.

മൂന്നെണ്ണം ജയിച്ചപ്പോൾ ഒന്ന് സമനിലയിൽ അവസാനിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ അവരുടെ തട്ടകത്തിൽ ഒരു ഗോളിന് മറികടന്നാണ് ബ്ലാസ്റ്റേഴ്സ് സാധ്യതകൾ സജീവമാക്കിയത്.

ചെന്നൈയിൻ അവസാനം കളിച്ച നാല് കളിയിൽ ഒരു ജയം മാത്രമേ നേടിയിട്ടുള്ളൂ. അവസാന കളിയിൽ ജംഷെഡ്പുരുമായി സമനില വഴങ്ങി. ഇന്ന് ജയിച്ചാൽ ചെന്നൈയിന് ഏറെക്കുറെ സെമി ഉറപ്പിക്കാം.

നോർത്ത് ഈസ്റ്റിനെതിരെ ആധികാരിക പ്രകടനമായിരുന്നില്ല ബ്ലാസ്റ്റേഴ്സിന്റേത്. എന്നാൽ വെസ് ബ്രൗണിന്റെ ഹെഡർ മൂന്ന് പോയിന്റ് നൽകി. അവസാനഘട്ടത്തിലെത്തിയിട്ടും മധ്യനിര തെളിയുന്നില്ല. മുന്നേറ്റത്തിലും മൂർച്ചയില്ല.

ചെന്നൈയിൻ ആദ്യഘട്ടത്തിൽ ആക്രമണാത്മകമായി കളിച്ച ടീമാണ്. 16 കളികളിൽ 23 ഗോളടിച്ചു. ഏഴ് ഗോളുമായി ജെജെ ലാൽപെഖുല ആക്രമണം നയിക്കുന്നു.

പക്ഷേ, അവസാനഘട്ടം എത്തുമ്പോഴേക്കും ചെന്നൈയിന് പഴയ താളം കണ്ടെത്താനാകുന്നില്ല. ജംഷെഡ്പുരിനെതിരെ പകരക്കാരനായെത്തിയ മുഹമ്മദ് റാഫിയാണ് അവസാനഘട്ടത്തിൽ സമനില ഒരുക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here