അട്ടപ്പാടി ആള്‍ക്കൂട്ട കൊലപാതകം; പ്രതിഷേധം ശക്തം; മധുവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് തടഞ്ഞു; പ്രതികളെ പിടികൂടിയശേഷം പോസ്റ്റുമോര്‍ട്ടം മതിയെന്ന് ബന്ധുക്കള്‍

പാലക്കാട്: അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടത്തിന്റെ മര്‍ദ്ദനത്തെത്തുടര്‍ന്ന് ആദിവാസി യുവാവ് മധു മരിച്ച സംഭവത്തില്‍ പ്രതിഷേധം ശക്തം. സംഭവത്തില്‍ ഉത്തരവാദികളായ പ്രതികളെ ഉടന്‍ പിടികൂടണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധപ്രകടനം നടക്കുന്നത്.

പ്രകടനത്തിനിടയിലേക്ക് മധുവിന്റെ മൃതദേഹവുമായി വന്ന ആംബുലന്‍സ് പ്രതിഷേധക്കാര്‍ തടഞ്ഞു. പ്രതികളെ പിടികൂടിയശേഷം മധുവിന്റെ മൃതദേഹം പോസ്റ്റുമോര്‍ട്ടം ചെയ്താല്‍ മതിയെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. അഗളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിന് സമീപമാണ് ആംബുലന്‍സ് തടഞ്ഞത്.

നിരവധി ആദിവാസി സംഘടനകളും പ്രവര്‍ത്തകരുമാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. അഗളി ആശുപത്രിക്ക് മുമ്പില്‍ വഴി തടയല്‍ സമരവും ആരംഭിച്ചിട്ടുണ്ട്.

അതേസമയം, ആദിവാസികളുടെ മേല്‍ കൈവെയ്ക്കാന്‍ ഒരാളെയും അനുവദിക്കില്ലെന്ന് മന്ത്രി എകെ ബാലന്‍ പറഞ്ഞു. നിയമം കൈലിലെടുക്കാന്‍ ആരേയും സമ്മതിക്കില്ല. മധുവിന്റെ കൊലപാതകത്തിനുത്തരവാദികള്‍ ആയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ ഇതിനകം രണ്ടുപേര്‍ അറസ്റ്റിലായി. നാലുപേര്‍ കസ്റ്റഡിയിലുണ്ട്. എല്ലാ പ്രതികളേയും ഉടനെ പിടികൂടും. തൃശൂര്‍ ഐജിക്കാണ് അന്വേഷണ ചുമതലയെന്നും എകെ ബാലന്‍ പറഞ്ഞു.

വിഷയത്തില്‍ പാലക്കാട് കലക്ടറോടും പൊലീസ് സുപ്രണ്ടിനോടും വിശദീകരണം തേടി.

പാവപ്പെട്ട ആദിവാസികളുടേയും പട്ടികജാതിക്കാരുടേയും മേല്‍ ആര്‍ക്കും വന്ന് കൈവെയ്ക്കാന്‍ അനുവദിക്കില്ല. അത്തരക്കാര്‍ ഏത് പാര്‍ട്ടിയില്‍പെട്ടവരായാലും കടുത്ത നടപടിയെടുക്കും. മധു മരിച്ചത് പൊലീസ് കസ്റ്റഡിയിലിരിക്കെ ആയതിനാല്‍ മജിസ്ട്രീരിയല്‍ അന്വേഷണവും നടത്തുമെന്നും മന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News