അട്ടപ്പാടിയില്‍ വിശന്നു വലഞ്ഞ മധുവിനെ പരിഷ്കൃതരെന്ന് അവകാശപ്പെടുന്ന കാട്ടാളന്‍മാര്‍ കൊന്ന് തള്ളിയത് സാംസ്കാരിക കേരളത്തിന്‍റെ മുഖത്തേറ്റ കനത്ത പ്രഹരമാണ്. കേരളീയ ജനതയുടെ പരിഷ്കൃതമെന്ന അവകാശവാദങ്ങളേയും കാറ്റില്‍ പറത്തുന്നതായിരുന്നു അട്ടപ്പാടിയിലെ കാട്ടളന്‍മാരുടെ പ്രവൃത്തി.

വിശന്ന് വലഞ്ഞ് ഒരു നേരത്തെ ഭക്ഷണത്തിന് കൈനീട്ടിയ മധുവിനെ തല്ലിക്കൊന്നവര്‍ പ്രകൃതിയുടെ നിയമങ്ങളെക്കൂടിയാണ് കൊന്നുതള്ളിയത്. കേരളത്തില്‍ ഇങ്ങനെയൊരു സംഭവമുണ്ടായതിന്‍റെ ഞെട്ടല്‍ പങ്കുവയ്ക്കുന്നവരാണ് ഏറിയപങ്കും.

എന്നാല്‍ മനുഷ്യന്‍ അധപതിക്കുന്നതിന്‍റെ നേര്‍സാക്ഷ്യമാണ് അട്ടപ്പാടി സംഭവം എന്ന് പറയുന്നവരും കുറവല്ല. സോഷ്യല്‍ മീഡിയയില്‍ വലിയ തോതിലുളള പ്രതിഷേധമാണ് ഉയരുന്നത്.

വിശന്ന് വലഞ്ഞ് വരുന്നവരോട് കണ്ണില്‍ ചോരയില്ലാതെ പെരുമാറാന്‍ മനുഷ്യന് മാത്രമേ ക‍ഴിയു എന്ന നിലയില്‍ കാര്യങ്ങളെത്തിയെന്നാണ് ഏവരും പറയുന്നത്. മൃഗങ്ങളും മറ്റ് ജീവികളും വിശപ്പിന് വേണ്ടി മാത്രമാണ് മറ്റുള്ളവയെ കൊല്ലാറുള്ളത്.

എന്നാല്‍ മനുഷ്യനാകട്ടെ വിനോദത്തിനും അവന്‍റെ ലാഭത്തിനും സ്വാര്‍ത്ഥതയ്ക്കുമെല്ലാം കൊലപാതകങ്ങള്‍ യഥേഷ്ടം നടത്തുന്നു. അട്ടപ്പാടിയിലെ മധുവിനെ കൂട്ടംകൂടി കൊന്നതിനുപിന്നിലുളള ചേതോവികാരവും ചര്‍ച്ചയാകുന്നുണ്ട്.

അതിനിടയില്‍ സോഷ്യല്‍ മീഡിയയില്‍ പ്രകൃതിയിലെ സുന്ദരമായ ചില കാ‍ഴ്ചകളുടെ വീഡിയോയും പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. തനിക്ക് കിട്ടിയ ഭക്ഷണം വിശന്ന് വലഞ്ഞ് വരുന്നവര്‍ക്ക് മറ്റ് ജീവികള്‍ നല്‍കുന്ന കാ‍ഴ്ച മധുവിനെ കൊന്നവരും ഇനിയും വിശന്ന് വരുന്നവരെ കൊല്ലാനായി കാത്തിരിക്കുന്ന ആള്‍ക്കൂട്ടങ്ങളുടെയും ഉള്ളുപൊള്ളിക്കും.

അത്തരത്തില്‍ മനോഹരമായ ഒരു കാ‍ഴ്ച ഇങ്ങനെയാണ്. തനിക്ക് കിട്ടിയ ഭക്ഷണം വിശന്ന് വലഞ്ഞെത്തിയ എലിക്ക് നല്‍കുന്ന കാക്കയുടെ വീഡിയോ ആള്‍ക്കൂട്ടനീതിയുടെ മുഖത്തടിക്കുന്നതാണ്. മറുവശത്ത് വിശന്ന് വലഞ്ഞ് കാടിറങ്ങിയ മധുവിനെ പരിഷ്കൃതരെന്ന് സ്വയം അഹങ്കരിക്കുന്ന കാട്ടാളന്‍മാര്‍ തല്ലികൊല്ലുകയായിരുന്നു.

രണ്ട് വീഡിയോകളും കാണാം